പാലാ നഗരസഭയിൽ കേരളാ കോൺഗ്രസ് എമ്മും സിപിഎമ്മും വേർപിരിയുന്നു. നഗരസഭയിൽ സിപിഎം ബന്ധം വിശ്ചേദിക്കാൻ പ്രാദേശിക ഘടകത്തിന് തീരുമാനം എടുക്കാൻ അനുമതി നൽകിയേക്കും. തീരുമാനം നഗരസഭയിൽ സിപിഎം കൗൺസിലർമാർ കേരളാ കോൺഗ്രസിനെതിരെ തുടർച്ചയായി റിബൽ നിലപാടെടുക്കുകയും എതിർത്ത് വോട്ട് ചെയ്യുകയും ജോസ് കെ മാണിയെ പരസ്യമായി വിമർശിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ. നഗരസഭയിൽ വീണ്ടും കേരളാ കോൺഗ്രസ് എം - കോൺഗ്രസ് ധാരണയ്ക്ക് സാധ്യത

New Update

publive-image

പാലാ: നഗരസഭയില്‍ സിപിഎമ്മുമായുള്ള ബന്ധം ഉപേക്ഷിക്കാന്‍ കേരള കോണ്‍ഗ്രസ് - എം തയ്യാറെടുക്കുന്നതായി സൂചന. നഗരഭരണത്തിൽ സിപിഎം കൗൺസിലർമാർ തുടർച്ചയായി കേരളാ കോൺഗ്രസ് എമ്മിനെതിരെ നിലപാടെടുക്കുകയും എതിർത്താൽ പാർട്ടി ചെയർമാനെ പോലും അവഹേളിച്ചു സംസാരിക്കുകയും ചെയ്യുന്നത് പതിവായ സാഹചര്യത്തിലാണ് പുതിയ നീക്കം .

Advertisment

കഴിഞ്ഞ ദിവസം പ്ലാസ്റ്റിക് മാലിന്യം സൂക്ഷിക്കുന്നതിനായി എംസിഎഫ് ഷെഡ് പണിയുന്നത് സംബന്ധിച്ച വിഷയത്തിൽ കേരള കോണ്‍ഗ്രസ് - എമ്മിനെ ഒറ്റപ്പെടുത്തി പ്രതിപക്ഷത്തിനൊപ്പം ചേര്‍ന്ന് സിപിഎം കൗൺസിലർമാർ വോട്ടു ചെയ്ത സാഹചര്യത്തിലാണ് പുതിയ നീക്കം. കേരളാ കോൺഗ്രസ് എമ്മിന് മുൻപിൽ മറ്റു മാർഗങ്ങൾ ഇല്ലെന്നതാണ് നിലവിലെ സാഹചര്യം.


കഴിഞ്ഞ ദിവസം മന്ത്രി വിഎന്‍ വാസവനും ജില്ലാ സെക്രട്ടറി റസലും ഉള്‍പ്പെടെ പങ്കെടുത്ത പാലാ ഏരിയാ സെന്‍റര്‍ യോഗത്തിനു ശേഷം പ്രശ്ന പരിഹാരം ഉണ്ടാകുമെന്നായിരുന്നു കേരളാ കോൺഗ്രസിന്റെ പ്രതീക്ഷ. ഇക്കാര്യം മുതിർന്ന സിപിഎം നേതാക്കൾ തന്നെ കേരളാ കോൺഗ്രസ് നേതാക്കളെ അറിയിക്കുകയും ചെയ്തിരുന്നു.


publive-image

പാലാ നഗരസഭയിൽ കേരളാ കോൺഗ്രസ് എമ്മിന്റെ താല്പര്യങ്ങൾക്ക് വിരുദ്ധമായ നിലപാടുകൾ പാടില്ലെന്ന് ഈ യോഗത്തിൽ വച്ച് കൗൺസിലർമാർക്ക് ജില്ലാ സെക്രട്ടറി നേരിട്ട് കർശന നിർദേശം നല്കിയതുമാണ്. മന്ത്രി വാസവന്റെ സാന്നിധ്യത്തിലായിരുന്നു ഇത്.

എന്നാൽ അതിനു രണ്ടു ദിവസം കഴിഞ്ഞു വ്യാഴാഴ്ച നടന്ന അടിയന്തിര കൗൺസിൽ യോഗത്തിലാണ് സിപിഎം കൗൺസിലർമാർ യുഡിഎഫിനൊപ്പം ചേർന്ന് എംസിഎഫ് ഷെഡ് വിഷയത്തിൽ കേരളാ കോൺഗ്രസ് - എമ്മിനെതിരെ വോട്ട് ചെയ്യുന്ന സാഹചര്യം ഉണ്ടായത്.


ഈ സാഹചര്യത്തിൽ പാലാ നഗരസഭയിൽ മാത്രം മറ്റു മാർഗങ്ങൾ ഇല്ലാത്തതിനാൽ സ്വതന്ത്രമായ നിലപാട് സ്വീകരിക്കാൻ തങ്ങളുടെ പ്രാദേശിക ഘടകത്തിന് അനുമതി നൽകാനൊരുങ്ങുകയാണ് കേരളാ കോൺഗ്രസ് എം നേതൃത്വം.


publive-image

പ്രാദേശിക തലത്തില്‍ നഗരസഭയിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ക്കനുസരിച്ച് തീരുമാനം കൈക്കൊള്ളാനായിരിക്കും അനുമതി നല്‍കുക. അത് നഗരസഭാ ഭരണത്തിൽ മാത്രമുള്ള നീക്കുപോക്കുമായിരിക്കും. നഗരസഭയിൽ പ്രതിപക്ഷത്തുള്ള കോൺഗ്രസുമായി സഹകരിച്ചു മുന്നോട്ടുപോകാനായിരിക്കും പ്രാദേശിക ഘടകത്തിന്റെ തീരുമാനം.

നഗരഭരണത്തില്‍ തുടക്കം മുതല്‍ സിപിഎം കൗണ്‍സിലര്‍മാര്‍ റിബല്‍ നിലപാടിലായിരുന്നു. ആഴ്ചകള്‍ക്ക് മുമ്പ് മുന്‍ ധാരണപ്രകാരം കേരള കോണ്‍ഗ്രസ് - എം പ്രതിനിധി രാജിവച്ച് ചെയര്‍മാന്‍ പദവി സിപിഎമ്മിന് നല്‍കിയിരുന്നു.

ഇതേ തുടര്‍ന്നുണ്ടായ വിവാദങ്ങളില്‍ സിപിഎം കൗണ്‍സിലര്‍ കേരള കോണ്‍ഗ്രസ് - എം ചെയര്‍മാന്‍ ജോസ് കെ മാണിക്കെതിരെ പൊതുവേദിയില്‍ പരസ്യ പ്രതികരണങ്ങളും രൂക്ഷ വിമര്‍ശനങ്ങളും നടത്തുന്നതുവരെ കാര്യങ്ങള്‍ എത്തിയിരുന്നു.


കഴിഞ്ഞ ആഴ്ച നഗരസഭാ ബജറ്റ് അവതരണ ദിവസവും നഗരസഭയിലെ സിപിഎം കൗണ്‍സിലര്‍ ജോസ് കെ മാണിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചത്. എന്നാല്‍ ഈ സാഹചര്യങ്ങൾ സിപിഎം പരിഹരിക്കട്ടെ എന്ന നിലപാടിലായിരുന്നു കേരള കോണ്‍ഗ്രസ്. പ്രശ്നപരിഹാരം ഉണ്ടാകുമെന്ന് സിപിഎം നേതാക്കളും കേരള കോണ്‍ഗ്രസിന് ഉറപ്പു നല്‍കിയിരുന്നു. പക്ഷെ നേരെ തിരിച്ചാണ് സംഭവിച്ചത്.


publive-image

സിപിഎമ്മുമായുള്ള ബന്ധം വിഛേദിച്ചാല്‍ പിന്തുണക്കാമെന്ന് കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം കേരള കോണ്‍ഗ്രസിന് ഉറപ്പു നല്‍കിയിട്ടുണ്ട്. നഗരസഭയില്‍ കേരള കോണ്‍ഗ്രസ് - എമ്മുമായി സഹകരിക്കുന്ന കാര്യത്തില്‍ കോൺഗ്രസ് പ്രാദേശിക നേതൃത്വം യുഡിഎഫ് നേതൃത്വത്തെയും വിവരം ധരിപ്പിച്ചിട്ടുണ്ട്. യുഡിഎഫിനെ സംബന്ധിച്ച് ഏറെ ആഹ്ളാദകരമായിരിക്കും കേരള കോണ്‍ഗ്രസ് - എമ്മുമായുള്ള സഹകരണം.

കേരള കോണ്‍ഗ്രസ് - എമ്മിനെ മുന്നണിയിലേയ്ക്ക് മടക്കിക്കൊണ്ടുവരാന്‍ കോണ്‍ഗ്രസ് നേതൃത്വം പരിശ്രമിക്കുന്നതിനിടയിലാണ് അവരുടെ തട്ടകമായ പാലാ നഗരസഭയിലെ തർക്കങ്ങൾ. ഈ സാഹചര്യത്തില്‍ പാലാ നഗരസഭയില്‍ ഇരുകൂട്ടരും സഹകരിക്കുന്നത് നല്ല തുടക്കമാകുമെന്ന വിലയിരുത്തലിലാണ് കോണ്‍ഗ്രസ് നേതൃത്വം.


അതേസമയം നഗരസഭയില്‍ യുക്തമായ തീരുമാനം കൈക്കൊള്ളാന്‍ അനുമതി നല്‍കുന്ന തീരുമാനം തീരെ യോജിച്ചു പോകാന്‍ കഴിയാത്ത സാഹചര്യത്തിലുള്ള പ്രാദേശിക നീക്കുപോക്ക് മാത്രമാണെന്നും കേരള കോണ്‍ഗ്രസ് - എം ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ അവിഭാജ്യ ഘടകമാണെന്നും കേരള കോണ്‍ഗ്രസ് - എം നേതാക്കള്‍ വിശദീകരിക്കും.


publive-image

നഗരസഭയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കേരള കോണ്‍ഗ്രസ്- എം - സിപിഎം നേതാക്കള്‍ പലതവണ ശ്രമിച്ചിരുന്നു. സിപിഎം നേതൃത്വം പലതവണ നഗരസഭാ കൗണ്‍സിലര്‍മാരെ വിളിച്ചു താക്കീത് നല്‍കിയിരുന്നതാണ്.

അതിനുശേഷവും സിപിഎം അംഗമായ ചെയര്‍മാനും കൗണ്‍സിലര്‍മാരും പ്രതിപക്ഷത്തിനുവേണ്ടി തന്ത്രങ്ങള്‍ മെനയുന്നു എന്നതാണ് കേരള കോണ്‍ഗ്രസിന്‍റെ പരാതി.

മാത്രമല്ല സിപിഎമ്മിലെ ചില നേതാക്കൾക്ക് പ്രശ്നക്കാരായ കൗൺസിലർമാരുമായുള്ള വഴിവിട്ട ബന്ധത്തിൽ മുന്നണിയിൽ സംശയങ്ങളുണ്ട്. ഇവരുടെ പിന്തുണയിലാണ് നഗരസഭയിൽ കൗൺസിലർമാർ അഴിഞ്ഞാടുന്നതെന്ന പരാതി കേരളാ കോൺഗ്രസിനുണ്ട്.


പാലാ നഗരസഭയുടെ ചരിത്രത്തിൽ ആദ്യമായാണ് സിപിഎമ്മിന് ചെയർമാൻ പദവി ലഭിക്കുന്നത്. മാത്രമല്ല വൈസ് ചെയർമാൻ പദവിയും സിപിഎമ്മിന് തന്നെയാണ്. രണ്ടു പദവികളും ഒന്നിച്ചു സിപിഎമ്മിന് നൽകാൻ കേരളാ കോൺഗ്രസ് തയ്യാറായത് മുന്നണി ബന്ധം സുദൃഢമായി പോകാൻ വേണ്ടിയായിരുന്നു.


publive-image

കേരളാ കോൺഗ്രസ് എം മുന്നണിയിൽ എത്തിയതാണ് ഇടതുമുന്നണിയ്ക്ക് പാലാ നഗരസഭയിലും സംസ്ഥാനത്തു തന്നെയും ഭരണം ലഭിക്കാൻ ഇടയാക്കിയതെന്നത് ഇടതുപക്ഷ അണികൾ പോലും അംഗീകരിക്കുന്ന വസ്തുതയാണ്.

യുഡിഎഫ് അനുകൂല ജില്ലയായിരുന്ന കോട്ടയത്ത് ആ മുന്നണി മാറ്റത്തിന്റെ ബലിയാടായത് പാലായിൽ പാർട്ടി ചെയർമാൻ ജോസ് കെ മാണിയായിരുന്നു. ജോസ് കെ മാണിയുടെ വിജയത്തിന് സംരക്ഷണം നൽകാൻ സിപിഎമ്മിന് കഴിഞ്ഞില്ലെന്ന് മാത്രമല്ല, അതിനുശേഷവും വീണ്ടും ഉപദ്രവം തുടരുന്നുവെന്ന പരിഭവം കേരളാ കോൺഗ്രസ് നേതാക്കൾക്കെല്ലാം ഉണ്ട്.

എന്നാല്‍ നഗരഭരണത്തില്‍ നിന്നും സിപിഎമ്മിനെ മാറ്റി നിര്‍ത്താന്‍ കഴിയുന്ന എല്ലാ സാഹചര്യവും ഉപയോഗിക്കാനാണ് കോണ്‍ഗ്രസിന്‍റെ തീരുമാനം. കഴിഞ്ഞ മാസംമാത്രം ചുമതലയേറ്റ ചെയർമാനെതിരെ 6 മാസം തികയുന്ന ഉടൻ കേരളാ കോൺഗ്രസ് എമ്മിന്റെ സഹകരണത്തോടെ അവിശ്വാസം കൊണ്ടുവരാനാണ് കോൺഗ്രസിന്റെ ആലോചന.

Advertisment