കോട്ടയം:കോൺഗ്രസ് പുനസംഘടനയ്ക്ക് പിന്നാലെ ജില്ലയിലെ പാർട്ടിയെ വലച്ച് പുതിയ വിവാദം. കഴിഞ്ഞ ദിവസം പദവിയൊഴിഞ്ഞ ഒരു ബ്ലോക്ക് പ്രസിഡന്റ് യൂത്ത് കോൺഗ്രസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ അശ്ലീല വീഡിയോ ഫോർവേർഡ് ചെയ്തതാണ് വിവാദമായത്. പിന്നാലെ അറിയാതെ സംഭവിച്ചതാണെന്ന് പറഞ്ഞ് വീഡിയോ ഡിലീറ്റ് ചെയ്തു നേതാവ് തടിതപ്പി.
മലയോര മേഖലയിലെ ഒരു നിയോജക മണ്ഡലത്തിലെ യൂത്ത് കോൺഗ്രസ് ഗ്രൂപ്പിലേക്കാണ് പ്രദേശത്തെ മുതിർന്ന നേതാവ് അശ്ലീല വീഡിയോ അയച്ചത്. തിങ്കളാഴ്ച്ച രാത്രി 10.55നാണ് വീഡിയോ വന്നത്. 2 മിനിറ്റിലേറെ ദൈർഘ്യമുള്ള വീഡിയോയാണ് നേതാവ് അയച്ചത്.
കോടയം ജില്ലയിലെ മുതിർന്ന നേതാക്കളും പത്തനംതിട്ട എംപി അടക്കമുള്ളവരും ഉള്ള ഗ്രൂപ്പിൽ 178 പേരുണ്ട്. നിരവധി വനിതാ നേതാക്കളും വാട്സ്ആപ്പ് ഗ്രൂപ്പിൽ ഉണ്ട്.
പാർട്ടിയിൽ പട്ടാള ചിട്ട നടപ്പാക്കാൻ ശ്രമിച്ച നേതാവാണ് ഇദേഹം. തദ്ദേശ തെരഞ്ഞെടുപ്പിലൊക്കെ മത്സരിച്ചിട്ടുള്ള ഈ നേതാവിന് കയ്യബദ്ധം പറ്റിയതാണെന്നും ചിലർ പറയുന്നുണ്ട്.
കഴിഞ്ഞയിടെ നടന്ന പുനസംഘടനയിൽ സ്ഥാനം നഷ്ടപ്പെട്ടതിന്റെ വിഷമത്തിലാണോ നേതാവ് ഇങ്ങനെ ചെയ്തതെന്ന ചോദ്യവും ഈ വീഡിയോ ഇട്ടതിന് പിന്നാലെ ഇദ്ദേഹത്തിനെതിരെ ഉയർന്നിരുന്നു.