കാഞ്ഞിരപ്പള്ളി : കെസിബിസിയുടെ ആഭിമുഖ്യത്തിലുള്ള ഇൻഫാം കർഷക സംഘടന ഇനി മുതൽ കേരളത്തിന് പുറത്തേയ്ക്കും പ്രവർത്തനം വ്യാപിപ്പിക്കുന്നു. മുൻപ് കേരളത്തിൽ മാത്രമായി ഒതുങ്ങിയിരുന്ന ഇൻഫാമിനെ ഇനി കർണാടക , തമിഴ്‌നാട് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലേക്കുകൂടി അടിയന്തിരമായി വ്യാപിപ്പിക്കാനും അതിനുശേഷം മറ്റു സംസ്ഥാനങ്ങളിൽ കൂടി പ്രവർത്തനം വ്യാപിപ്പിക്കാനുമാണ് തീരുമാനം.
ഇന്‍ഫാം കാര്‍ഷിക ജില്ലയുടെ പാറത്തോട്ടിലെ കേന്ദ്ര ഓഫീസില്‍ വെച്ച് നടന്ന ഇന്‍ഫാം ദക്ഷിണമേഖലാ ശില്‍പശാലയിൽ ദേശീയ ചെയര്‍മാന്‍ ഫാ. തോമസ് മറ്റമുണ്ടയിലാണ് ഇൻഫാം പ്രവർത്തനം ദേശീയ തലത്തിൽ വ്യാപിപ്പിക്കാൻ തീരുമാനിച്ചതായി സൂചന നൽകിയത്.
നേരത്തെ ഫാ. തോമസ് മറ്റമുണ്ടയിലും ദേശീയ ഡയറക്ടര്‍ ഫാ. ജോസഫ് ചെറുകരക്കുന്നേലും ഇൻഫാം രക്ഷാധികാരി ബിഷപ് മാർ റെമിജിയോസ് ഇഞ്ചനാനിയുടെ സാന്നിധ്യത്തിൽ യോഗം ചേർന്ന് ഇൻഫാം പ്രവർത്തനങ്ങൾ വിപുലീകരിക്കാനുള്ള പദ്ധതികൾ ചർച്ച ചെയ്തിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. കെസിബിസിയുടെ കീഴിൽ ഇൻഫാം ശക്തമായ കർഷക സംഘടനയായി മാറണമെന്ന നിലപാടുകാരനാണ് മാർ റെമിജിയോസ്.
മുൻപും ഇൻഫാമിനു ദേശീയ സമിതി നിലവിലുണ്ടായിരുന്നെങ്കിലും പ്രവർത്തനം കേരളത്തിൽ മാത്രമായി ഒതുങ്ങുകയായിരുന്നു. മാത്രമല്ല സമീപ കാലത്ത് സജീവമായിരുന്ന ഏക ഇൻഫാം കാർഷിക ജില്ല, കാഞ്ഞിരപ്പള്ളി മാത്രമായിരുന്നു.
ദേശീയ സമിതിയുടെ പ്രവർത്തനങ്ങൾ പരസ്പര ധാരണപോലും ഇല്ലാത്ത പത്രപ്രസ്താവനകളിൽ ഒതുങ്ങുകയായിരുന്നു. രക്ഷാധികാരിയുടെ നിലപാടിനെതിരെപോലും സംഘടനയുടെ പേരിൽ പത്ര പ്രസ്താവനകൾ വരുന്ന സാഹചര്യം പോലും ഉണ്ടായിരുന്നു.
കൂടിയാലോചനകളും സംഘടനാ പ്രവർത്തനവും നിലച്ചതോടെയാണ് ഇത്തരം നിർജീവാവസ്ഥ ഇൻഫാമിൽ സംഭവിക്കുന്നതെന്ന കെസിബിസിയുടെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇൻഫാം അടുത്തിടെ പുനഃസംഘടിപ്പിച്ചത്. മാർ റെമിജിയോസ് ഇഞ്ചനാനിയുടെ ശക്തമായ ഇടപെടലാണ് ഇൻഫാം പുനഃസംഘടിപ്പിച്ച് സജീവമാക്കാനുള്ള നടപടികൾ വേഗത്തിലാക്കിയത്.
ഇതിനായി മാർ റെമിജിയോസിന്റെയും കാഞ്ഞിരപ്പള്ളി ബിഷപ് മാർ ജോസ് പുളിക്കന്റെയും താല്പര്യപ്രകാരം കാഞ്ഞിരപ്പള്ളി മലനാട് ഡെവലപ്മെന്റ് സൊസൈറ്റി ഡയറക്റ്റർകൂടിയായ ഫാ . തോമസ് മറ്റമുണ്ടയിലിനെ ദേശീയ ചെയർമാനായി കൊണ്ടുവരാൻ ഈ മാസം ആദ്യം ചേർന്ന കെസിബിസി യോഗം തീരുമാനിച്ചതോടെ പ്രമുഖ കർഷക സംഘടനയായ ഇൻഫാം വിപുലീകരണത്തിനുള്ള വഴി തെളിയുകയായിരുന്നു.
ഇൻഫാം കാഞ്ഞിരപ്പള്ളി കാർഷിക ജില്ലയുടെ ആഭിമിഖ്യത്തിൽ പതിനായിരങ്ങളെ പങ്കെടുപ്പിച്ചു നടത്തിയ വിവിധ കർഷക സമരങ്ങൾ ബഫർ സോൺ, തോട്ടം - പുരയിടം, പട്ടയ പ്രശ്നങ്ങളിൽ പരിഹാരം കാണാൻ സർക്കാരിനെ നിർബന്ധിതരാക്കിയിരുന്നു.
ചുമതലയേറ്റ ശേഷം ഫാ. തോമസ് മറ്റമുണ്ടയിലിന്റെ ആദ്യ നടപടിയാണ് ഇൻഫാമിനെ ദേശീയ തലത്തിൽ വ്യാപിപ്പിക്കാനുള്ള തീരുമാനം. മാത്രമല്ല , ഭരണ നിർവഹണത്തിനായി ഇൻഫാമിനെ സംസ്ഥാനത്ത് ദക്ഷിണ - മധ്യ - ഉത്തര മേഖലകളായി തിരിച്ചു. മൂന്നു മേഖലകൾക്കും ശക്തരായ പുതിയ ഡയറക്ടർമാരെയും നിയമിച്ചേക്കും.
ഇന്‍ഫാം ദക്ഷിണമേഖലാ ശില്‍പശാല ദേശീയ ചെയർമാൻ ഫാ. തോമസ് മാറ്റമുണ്ടയിൽ ഉദ്ഘാടനം ചെയ്തു. ദേശീയ ഡയറക്ടര്‍ ഫാ. ജോസഫ് ചെറുകരക്കുന്നേല്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു.
സംസ്ഥാന ഡയറക്ടര്‍ ഫാ. ജോസഫ് മോനിപ്പള്ളി, ചങ്ങനാശേരി കാര്‍ഷിക ജില്ലാ ഡയറക്ടര്‍ ഫാ. ഇമ്മാനുവേല്‍ നെല്ലുവേലിയില്‍, കോതമംഗലം കാര്‍ഷിക ജില്ലാ ഡയറക്ടര്‍ ഫാ. ജേക്കബ് റാത്തപ്പള്ളില്‍, ഇടുക്കി കാര്‍ഷിക ജില്ലാ ഡയറക്ടര്‍ ഫാ. ജോസഫ് പാലക്കുടി, കാഞ്ഞിരപ്പള്ളി കാര്‍ഷിക ജില്ലാ ജോയിന്‍റ് ഡയറക്ടര്‍മാരായ ഫാ. ജിന്‍സ് കിഴക്കേല്‍, ഫാ. ആല്‍ബിന്‍ പുല്‍ത്തകിടിയേല്‍ എന്നിവര്‍ പ്രസംഗിച്ചു.
കാര്‍ഷിക രംഗത്തെ ഇന്നത്തെ പ്രശ്നങ്ങളെക്കുറിച്ചും പ്രതിസന്ധികളെക്കുറിച്ചും വിവിധ ജില്ലാ ഡയറക്ടര്‍മാര്‍ വിലയിരുത്തലുകള്‍ നടത്തി. കാര്‍ഷിക പ്രശ്നങ്ങളില്‍ ആവശ്യമായി വരുന്ന സന്ദര്‍ഭങ്ങളില്‍ മാധ്യമ ഇടപെടലുകള്‍ ഇനിമുതൽ രക്ഷാധികാരിയുടെയും ദേശീയ ചെയര്‍മാന്‍റെയും അനുവാദത്തോടുകൂടി മാത്രമായിരിക്കുമെന്ന് യോഗത്തിൽ ധാരണയായി. സംഘടനയുടെ ശാക്തീകരണത്തിന് വിവിധങ്ങളായ കര്‍മ്മ പദ്ധതികള്‍ യോഗം ആവിഷ്കരിച്ചു.