/sathyam/media/post_attachments/2KbED6YwqQHAjmj2cvf2.jpg)
പാലാ: അക്ഷരഗുരുവിന് മുന്നില്‍ ഓട്ടന്‍തുള്ളന്‍ കലാകാരന്‍ കാവ്യമാല ചാര്‍ത്തുമ്പോള്‍ തൊഴുകൈകളോടെ വിനയാന്വതനായി ഇരുന്നു ആ അക്ഷരഗുരു.
അത്യപൂര്‍വ്വമായൊരു ഗുരുവന്ദനത്തിന് ഇന്ന് പാലാ സെന്റ് തോമസ് കോളേജ് ഓഡിറ്റോറിയം വേദിയാവുകയാണ്. നീണ്ട 69 വര്‍ഷം മലയാണ്മയുടെ മനോഹാരിത തലമുറകളിലേക്ക് പകര്‍ന്നുകൊടുത്ത ഗുരുശ്രേഷ്ഠന്‍ പ്രൊഫ. സി.ജെ. സെബാസ്റ്റ്യന് ആയിരക്കണക്കായ ശിഷ്യസമൂഹം ചേര്‍ന്ന് സമര്‍പ്പിക്കുന്ന ഗുരുദക്ഷിണ സമര്‍പ്പണത്തിന്റെ തുടക്കം ഒരു ഓട്ടന്‍തുള്ളലിലൂടെയാണ്. പ്രൊഫ. സി.ജെ. സെബാസ്റ്റ്യനെ വന്ദിച്ചുകൊണ്ടുള്ള ഈ ഓട്ടന്‍തുളല്‍ വേദിയില്‍ അവതരിപ്പിക്കുന്നത് നാലു പതിറ്റാണ്ടിന്റെ തുള്ളല്‍ പാരമ്പര്യമുളള പ്രമുഖ കലാകാരന്‍ പാലാ സന്തോഷാണ്.
ഇന്ന് സെന്റ് തോമസ് കോളേജില്‍ ഓട്ടന്‍തുള്ളലിലൂടെ നടക്കുന്ന ആദര സമര്‍പ്പണത്തിന് മുന്നോടിയായി പ്രൊഫ. സി.ജെ. സെബാസ്റ്റ്യനെ നേരില്‍കണ്ട് അനുഗ്രഹം വാങ്ങാനാണ് ഇന്നലെ മുത്തോലിയിലെ ചരണകുന്നേല്‍ വീട്ടില്‍ പാലാ സന്തോഷ് എത്തിയത്.
തന്നെ ആദരിക്കുന്ന വേദി ഓട്ടന്‍തുള്ളലിലൂടെ തനിക്ക്ആശംസകള്‍ നേര്‍ന്നുകൊണ്ടാണ് ഉണര്‍ത്തുന്നതെന്ന് അറിഞ്ഞ് ഏറെ സന്തോഷവാനായ പ്രൊഫ. സി.ജെ. സെബാസ്റ്റ്യന്‍ അതിന്റെ ഒന്നു രണ്ട് വരികള്‍ ഒന്നുപാടി അഭിനയിക്കാന്‍ പാലാ സന്തോഷിനോട് ആവശ്യപ്പെടുകയായിരുന്നു.
വളരെ മനോഹരമായി ഈ തുള്ളല്‍ ആദരവ് സന്തോഷ് സമര്‍പ്പിച്ചപ്പോള്‍ പുഞ്ചിരിച്ചു നിന്ന പ്രൊഫ. സെബാസ്റ്റ്യന്റെ മിഴികള്‍ നിറഞ്ഞു, കൂപ്പുകൈകള്‍ വിറയാര്‍ന്നു. വാക്കുകള്‍ ഇടറി; "സന്തോഷം എനിക്കൊരുപാട് സന്തോഷമായി... "
പാലാ സെന്റ് തോമസ് കോളേജ് മലയാളം വിഭാഗവും കുമ്മണ്ണൂര്‍ കുഞ്ചന്‍ സ്മാരക സാംസ്‌കാരിക സമിതിയും ചേര്‍ന്നാണ് ഇന്ന് പ്രൊഫ. സി.ജെ. സെബാസ്റ്റ്യന്‍ ആചാര്യസത്തമ പുരസ്‌കാരം സമര്‍പ്പിക്കുന്നത്. കുമ്മണ്ണൂരില്‍ ജനിച്ച ഓട്ടന്‍തുള്ളല്‍ ഉപജ്ഞാതാവ് സാക്ഷാല്‍ കുഞ്ചന്‍ നമ്പ്യാരുടെ സ്മരണയ്ക്കായി രൂപീകരിച്ച കുഞ്ചന്‍ സ്മാരക സാംസ്‌കാരിക സമിതിയാണ് ഈ അക്ഷരാചാര്യനെ ആദരിക്കുമ്പോള്‍ വേദി ഉണർത്തലായി ആദരവ് തുള്ളല്‍ വേണമെന്ന് തീരുമാനിച്ചത്. ഇതിനായി പ്രമുഖ ഓട്ടന്‍തുള്ളല്‍ കലാകാരന്‍ പാലാ സന്തോഷിനെ സമീപിക്കുകയായിരുന്നു. സന്തോഷ് തന്നെ പ്രൊഫ. സെബാസ്റ്റ്യറ്റ്യനെക്കുറിച്ച് തുള്ളല്‍പാട്ടെഴുതി ചിട്ടപ്പെടുത്തി തുള്ളല്‍ പരിശീലിക്കുകയായിരുന്നു. 15 മിനിട്ട് നീണ്ട് നിൽക്കുന്ന ഈ ആദരവ് ഓട്ടൻ തുള്ളലിനിടെ തുള്ളൽക്കാരൻ പ്രൊഫ. സി.ജെ. സെബാസ്റ്റ്യന് പൂമാല ചാർത്തും. ഒടുവിൽ പുഷ്പാഭിഷേകവുമുണ്ട്.
1943-ല്‍ അറുനൂറ്റിമംഗലം സ്കൂളിൽ മലയാളം അദ്ധ്യാപകനായി സേവനം ആരംഭിച്ച സി.ജെ. സെബാസ്റ്റ്യന്‍ പിന്നീട് പാലാ സെൻ്റ് തോമസ് കോളജിലെത്തി.
1987-ല്‍ ഇവിടെ നിന്നും മലയാള വിഭാഗം മേധാവിയായി വിരമിച്ചശേഷം നീണ്ട മൂന്നരപതിറ്റാണ്ടോളം വിവിധ വിദ്യാഭ്യാസ കേന്ദ്രങ്ങളില്‍ അദ്ധ്യാപകനായിരുന്നു. ഏവരോടും ഏറെ എളിമയോടെ ഇടപെടുന്ന പ്രൊഫ. സി.ജെ. സെബാസ്റ്റ്യന്‍ ലളിതജീവിതത്തിന്റെ ഉത്തമ ഉദാഹരണവുമാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us