വീട്ടില്‍ പറമ്പില്‍ പണിക്കുവന്നിരുന്നവന്‍ പണിതരുന്നത് നേരില്‍ കണ്ടപ്പോഴും വെപ്രാളപ്പെടാതെ വിവേകത്തോടെയും ജാഗ്രതയോടെയും പെരുമാറിയ സോണിയ മാത്യുവിനെ പോലീസ് അനുമോദിക്കാനൊരുങ്ങുന്നു

New Update

publive-image

പാലാ: വീട്ടില്‍ പറമ്പില്‍ പണിക്കുവന്നിരുന്നവന്‍ പണിതരുന്നത് നേരില്‍ കണ്ടപ്പോഴും വെപ്രാളപ്പെടാതെ വിവേകത്തോടെയും ജാഗ്രതയോടെയും പെരുമാറിയ സോണിയ മാത്യുവിനെ പോലീസ് അനുമോദിക്കാനൊരുങ്ങുന്നു. കീഴൂരില്‍ മേച്ചേരില്‍ റിട്ട. സൈനികന്‍ എം.എസ്. മാത്യുവിന്റെയും സൂസമ്മയുടെയും ഇളയമകളായ സോണിയ വീട്ടില്‍ കള്ളന്‍ കയറിയത് നേരില്‍ കണ്ടിട്ടും വെപ്രാളപ്പെടാതെ ജാഗ്രതയോടെ പെരുമാറിയതുകൊണ്ടാണ് പോലീസിന് യഥാസമയം സ്ഥലത്തെത്താന്‍ കഴിഞ്ഞതും കള്ളനെ ഓടിച്ചിട്ട് പിടികൂടാന്‍ കഴിഞ്ഞതും.

Advertisment

യുവതികള്‍ക്കും വീട്ടുമ്മമാര്‍ക്കുമൊക്കെ മാതൃകയാണ് സോണിയാ മാത്യുവിന്റെ ജാഗ്രതയെന്നും കേരള പോലീസിനുവേണ്ടി ഈ മുപ്പതുകാരിയെ അനുമോദിക്കുകയാണെന്നും പാലാ ഡി.വൈ.എസ്.പി. ഷാജു ജോസും സി.ഐ. കെ.പി. ടോംസണും പറഞ്ഞു. നാലു ദിവസം മുമ്പാണ് കീഴൂരിലെ മേച്ചേരില്‍ വീട്ടില്‍ പാതിരാത്രിയോടെ കള്ളന്‍ കയറിയത്. ഈ സമയം സോണിയ മാത്യു ഭര്‍ത്താവ് ബിബിന്‍ മാത്യുവിന്റെ മുത്തോലി പന്തത്തല നിരവത്ത് വീട്ടിലായിരുന്നു.

പകലും രാത്രിയും സമയം കിട്ടുമ്പോഴൊക്കെ ഫോണെടുത്ത് കീഴൂരിലെ സ്വന്തം വീട്ടിലെ സിസിടിവിയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ സോണിയ മാത്യു തത്സമയം കാണാറുണ്ട്. അങ്ങനെ ബുധനാഴ്ച രാത്രി 12.30 ഓടെ വെറുതെ ഫോണെടുത്ത് വീട്ടിലെ ദൃശ്യങ്ങളൊന്ന് പരതിയപ്പോള്‍ പുറകുവശത്തുകൂടി ആരോ നടക്കുന്നു. പപ്പയല്ലെന്ന് വ്യക്തമായതോടെ വീണ്ടും വീഡിയോ ശ്രദ്ധിച്ചു. മുറ്റത്തുകൂടി നടന്നയാള്‍ ടെറസില്‍ കയറുകയും വാതില്‍ തുറക്കാന്‍ ശ്രമിക്കുകയും പിന്നീട് അവിടെ നിന്നും മുറ്റത്തിറങ്ങി നൈറ്റി അണിഞ്ഞ് മുകളിലേക്ക് കയറുന്നതുമൊക്കെ കണ്ടപ്പോള്‍ മോഷണമാണ് ലക്ഷ്യമെന്ന് വ്യക്തമായി.

മാത്രമല്ല വീഡിയോയിലെ ദൃശ്യത്തിലെ ആളെ തിരിച്ചറിഞ്ഞപ്പോള്‍ ശരിക്കും സോണിയ ഞെട്ടി. അഞ്ചാറുവര്‍ഷം മുമ്പുവരെ വീട്ടില്‍ പറമ്പില്‍ പണിക്കെത്തിയിരുന്ന കീഴൂര്‍ സ്വദേശി തന്നെയായിരുന്ന ബോബിന്‍സായിരുന്നു പാത്തുംപതുങ്ങിയും വീട്ടില്‍ വന്നത്. ''ഞാന്‍ വെപ്രാളപ്പെട്ടില്ല. ഉടന്‍ കീഴൂരില്‍ ഞങ്ങളുടെ വീടിന് അടുത്തുള്ള പ്രഭാത്കുമാര്‍ ചേട്ടനെ വിളിച്ച് വിവരം പറഞ്ഞു. പപ്പയെയും മമ്മിയെയും വിളിച്ചതേയില്ല. കാര്യം പറഞ്ഞാല്‍ അവര്‍ ബഹളം വയ്ക്കുമെന്നും പെട്ടെന്ന് പുറത്തിറങ്ങിയാല്‍ തിരിച്ചറിയുന്ന കള്ളന്‍ എന്തുചെയ്യുമെന്ന് ഊഹിക്കാവുന്നതുകൊണ്ടുമാണ് പപ്പയോടും മമ്മിയോടും വിവരം പറയാതിരുന്നത്.

പ്രഭാത് കുമാര്‍ ചേട്ടന്‍ ഉടന്‍തന്നെ കീഴൂര്‍ സ്വദേശി തന്നെയായ എസ്.ഐ. ജയ്‌മോന്‍ സാറിനെ വിളിച്ച് വിവരം പറഞ്ഞു. ഞാന്‍ തലയോലപ്പറമ്പ് പോലീസ് സ്റ്റേഷനിലും വിളിച്ചു. എന്തായാലും പോലീസ് അഞ്ച് മിനിട്ടിനുള്ളില്‍ സ്ഥലത്തെത്തി. മോഷ്ടിക്കാന്‍ കയറിയ ബോബിന്‍സിനെ ഓടിച്ചിട്ട് പിടികൂടുകയും ചെയ്തു'' സോണിയ അന്നത്തെ സംഭവം ഓര്‍ത്തെടുത്തു.

ആറുമാസം മുമ്പ് ജാതിപത്രിയും അടയ്ക്കയുമൊക്കെ മോഷണം പോയതിനെ തുടര്‍ന്നാണ് വീട്ടില്‍ സിസിടിവി വച്ചത്. അതെന്തായാലും ഇപ്പോള്‍ അനുഗ്രഹമായി. വീട്ടില്‍ പഴന്തുണിയായി വച്ചിരുന്ന നൈറ്റിയാണ് കള്ളനെടുത്ത് അണിഞ്ഞിരുന്നതെന്നും സോണിയ പറഞ്ഞു. ഇയാള്‍ സിസിടിവി ക്യാമറകള്‍ മറയ്ക്കാന്‍ ശ്രമിച്ചെങ്കിലും അത് പൂര്‍ണ്ണമായും വിജയിച്ചുമില്ല.

''ഇത്തരം സാഹചര്യങ്ങളില്‍ വെപ്രാളപ്പെടാതെ വിവേകപൂര്‍വ്വം നീങ്ങണമെന്നാണ് എല്ലാവരോടും പ്രത്യേകിച്ച് സ്ത്രീകളോട് എനിക്ക് പറയാനുള്ളത്. പലരും ചാടികയറി മാതാപിതാക്കളെ തന്നെ വിളിച്ച് വിവരം പറയും. ഇതാകപ്പാടെ കുഴപ്പമാകും. ഒരുപക്ഷേ അവരുടെ ജീവനുതന്നെ ഭീഷണിയുമായേക്കാം. മാതാപിതാക്കള്‍ മാത്രമുള്ള വീടുകളിലെ മക്കള്‍ തൊട്ടടുത്തുള്ള പോലീസ് സ്റ്റേഷനിലെയും ജനപ്രതിനിധികളുടെയും ഫോണ്‍ നമ്പര്‍ പ്രത്യേകം സേവ് ചെയ്ത് സൂക്ഷിക്കുന്നതും എറ്റവും നല്ലതാണ്''. സ്ത്രീകളോടും പെണ്‍കുട്ടികളോടുമായി സോണിയ മാത്യു പറയുന്നു.

സോണിയായുടെ ഏക സഹോദരന്‍ സന്തോഷും കുടുംബവും ഓസ്‌ട്രേലിയയിലാണ്. സന്തോഷിന്റെയും സോണിയയുടെയും ഫോണ്‍ വീട്ടിലെ സിസിടിവിയുമായി കണക്ട് ചെയ്തതാണ് പ്രയോജനപ്പെട്ടത്. ഒരു വര്‍ഷം മുമ്പായിരുന്നു ബിബിന്റെയും സോണിയായുടെയും വിവാഹം.

ഇപ്പോള്‍ ഭര്‍ത്താവിനൊപ്പം പന്തത്തല നിരവത്ത് വീട്ടിലാണ് സോണിയായുള്ളത്. കള്ളനെ പിടികൂടിയതറിഞ്ഞ് വ്യാഴാഴ്ച രാവിലെ വീട്ടിലേക്ക് പോയ സോണിയ ഇന്നലെ വൈകിട്ടാണ് പന്തത്തലയിലേക്ക് മടങ്ങിയെത്തിയത്. സോണിയായെ അനുമോദിക്കുന്നതിനായി പോലീസ് ഉദ്യോഗസ്ഥര്‍ അടുത്ത ദിവസം പന്തത്തലയിലെ നിരവത്ത് വീട്ടിലെത്തും. പ്രശംസാ ഫലകവും സമ്മാനിക്കും

Advertisment