/sathyam/media/post_attachments/rrkOorL58BOQ93B2DJWL.webp)
''എടീ, അപ്പനും അങ്ങേരും ഇപ്പോള്‍ മന്ദാര (മന്ദതയോടെ കുഴഞ്ഞിരിക്കുന്ന അവസ്ഥ) പരുവമാടീ, പല്ലുകൊഴിഞ്ഞ സിംഹങ്ങളാ രണ്ടും, ഇവമ്മാരെ ഒതുക്കാന്‍ ഇത് നല്ല മരുന്നാ, നീയും ഉപയോഗിച്ച് നോക്കിക്കോ...''. ഭക്ഷണത്തിലും വെള്ളത്തിലും മരുന്ന് കലര്‍ത്തി ഭര്‍ത്താവിനെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായ ആശാ സുരേഷിന് തന്റെയീ വാക്കുകളാണ് കുടുക്കായി മാറിയത്.
തിരുവനന്തപുരത്തെ കൂട്ടുകാരിയോട് ഫോണില്‍ പറഞ്ഞ ഇക്കാര്യം കൂട്ടുകാരി റെക്കോര്‍ഡ് ചെയ്ത് ഭര്‍ത്താവിന് കൈമാറുകയായിരുന്നു. ഇന്നലെ പാലാ ഡി.വൈ.എസ്.പി. ഷാജു ജോസ് ചോദ്യം ചെയ്യുമ്പോള്‍ അടിമുടി പിടിച്ചുനില്‍ക്കാനാണ് ആശ ശ്രമിച്ചത്. ഭര്‍ത്താവിന്റെ മദ്യപാനം നിര്‍ത്താന്‍ ഹോമിയോ മരുന്ന് മാത്രമാണ് താന്‍ കൊടുത്തതെന്നായിരുന്നു ആശയുടെ വാദം.
ആശയുടെ വാക്കുകളെല്ലാം ശ്രദ്ധാപൂർവ്വം കേട്ടിരുന്ന ഡി.വൈ.എസ്.പി., മറിച്ചും തിരിച്ചും ചോദിച്ചപ്പോഴും പഠിച്ചകള്ളിയായി ആശ പിടിച്ചുനിന്നു. ഒടുവില്‍ അറ്റകൈ ഡി.വൈ.എസ്.പി. പ്രയോഗിച്ചു. ആശ കൂട്ടുകാരിയോട് പറഞ്ഞ ഫോണ്‍ സംഭാഷണം ഡി.വൈ.എസ്.പി. ഫോണിൽ പ്ലേ ചെയ്തു. പെട്ടെന്ന് മുഖം വിളറിയ ആശ തനിക്ക് വെള്ളം വേണമെന്ന് ആവശ്യപ്പെട്ടു. ഒരു കവിള്‍ വെള്ളം കുടിച്ചുകൊണ്ട് അവള്‍ നടന്നതെല്ലാം ഡി.വൈ.എസ്.പിക്ക് മുന്നില്‍ തുറന്നു പറഞ്ഞു ..... പിടിവീണു.
അഞ്ച് വര്‍ഷമായി മാനസിക രോഗത്തിനുള്ള മരുന്ന് ഭര്‍ത്താവിന് ഭക്ഷണത്തില്‍ കലര്‍ത്തി കൊടുത്തുവരികയായിരുന്നു. സ്വന്തം അച്ഛനും ഇതേ മരുന്ന് അമ്മ കൊടുക്കുന്നതായി അറിവുണ്ടായിരുന്നുവെന്നാണ് ആശയുടെ മൊഴി. ഭര്‍ത്താവ് സതീഷിന് സംശയം തോന്നുകയും വീട്ടില്‍ നിന്നും ഭക്ഷണം കഴിക്കാതിരിക്കുകയും ചെയ്തു. ഈ സമയത്ത് യു.പി. സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ പെണ്‍മക്കളെക്കൊണ്ട് ഭര്‍ത്താവിന്റെ ഓഫീസില്‍ കൂജയില്‍ സൂക്ഷിച്ചിരുന്ന വെള്ളത്തില്‍ ഈ മരുന്ന് കലക്കി.
ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പിന്നീട് സതീഷ് തന്നെ കണ്ടെത്തി. ദൃശ്യങ്ങള്‍ കണ്ടകാര്യം വീട്ടില്‍ പറയാതിരുന്ന സതീഷ് തിരുവനന്തപുരത്തെത്തി ബന്ധുവും ആശയുടെ സുഹൃത്തുമായ ഒരു യുവതിയെക്കൊണ്ട് ആശയെ ഫോണ്‍ വിളിപ്പിച്ചു ; തന്റെ ഭര്‍ത്താവ് ദേഹോപദ്രവം ഏല്‍പ്പിക്കുകയാണെന്നുംം ഒരു രക്ഷയുമില്ലെന്നും ഒരു ഉപായം പറഞ്ഞു തരണമെന്നും കൂട്ടുകാരിയായ യുവതി ആശയോട് ഫോണില്‍ അപേക്ഷിച്ചു.
ഇതിനു മറുപടിയായാണ് ഒരു മയക്കുമരുന്നുണ്ടെന്നും നീയാരോടും പറയരുതെന്നും ഇത് കൊടുത്തതില്‍പിന്നെ എന്റെ അപ്പനും അങ്ങേരും പല്ലുപോയ സിംഹത്തിന്റെ കൂട്ട് മന്ദാരപരുവത്തിലാണെന്നും ആശ മറുപടി പറഞ്ഞു. ഈ ഫോണ്‍ സംഭാഷണത്തിന്റെ റെക്കോര്‍ഡും വെള്ളത്തില്‍ മയക്കുമരുന്ന് കലര്‍ത്തിയ പഴയ സിസിടിവി ദൃശ്യങ്ങളും സഹിതമാണ് സതീഷ് കോട്ടയം എസ്.പി.ക്ക് പരാതി നല്‍കിയത്.
തുടര്‍ന്ന് കേസന്വേഷണം ഏറ്റെടുത്ത പാലാ ഡി.വൈ.എസ്.പി. ഷാജു ജോസ് ആദ്യം സതീഷിനെ വിളിച്ചുവരുത്തി മൊഴിയെടുത്ത് കാര്യങ്ങള്‍ മനസ്സിലാക്കി. പിറ്റേന്നാണ് ആശയെ വിളിച്ചുവരുത്തിയത്. ആശ അപസ്മാര രോഗിയായതിനാല്‍ ചോദ്യം ചെയ്യുന്നതിനിടെ എന്തെങ്കിലും സംഭവിച്ചാല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ വാഹനം വരെ റെഡിയാക്കി നിര്‍ത്തിയശേഷമായിരുന്നു ഡി.വൈ.എസ്.പി.യുടെ ചോദ്യം ചെയ്യല്‍.
രണ്ട് മണിക്കൂറോളം തുടര്‍ച്ചയായി തിരിച്ചും മറിച്ചും ചോദിച്ചിട്ടും ഭര്‍ത്താവിന് കുടി നിര്‍ത്താന്‍ ഹോമിയോ മരുന്നാണ് കൊടുക്കുന്നതെന്ന വാദത്തില്‍ ഉറച്ചുനിന്ന ആശ ഒടുവില്‍ ഡി.വൈ.എസ്.പി. റിക്കോര്‍ഡ് ചെയ്ത സംഭാഷണം കേള്‍പ്പിച്ചതോടെ താന്‍ നിരത്തിയ നുണക്കഥകള്‍ പൊളിഞ്ഞതിന്റെ ഞെട്ടലിലായി.
അങ്ങനെയാണ് വള്ളിപുള്ളി വിടാതെ ഡി.വൈ.എസ്.പിയോട് കാര്യങ്ങള്‍ മുഴുവന്‍ വിശദീകരിച്ചതും ഒടുവില്‍ അറസ്റ്റിലായതും. ഭക്ഷണത്തില്‍ വിഷം കലര്‍ത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസിലാണ് അറസ്റ്റ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us