പോക്സോ കേസ്സുകൾ കൂടുന്നു; "നമ്മുടെ പൊന്നോമനകൾ " പദ്ധതിയുമായി പാലാ പോലീസ് രംഗത്ത്

author-image
സുനില്‍ പാലാ
Updated On
New Update

publive-image

പൊലീസ് ഉണര്‍ന്നു, പാലായില്‍ പോക്‌സോ കേസുകള്‍ തുരുതുരെ. കഴിഞ്ഞ ആറുമാസത്തിനിടെ 10 പോക്‌സോ കേസുകളാണ് പാലാ പോലീസ് സ്റ്റേഷന് കീഴില്‍ രജിസ്റ്റര്‍ ചെയ്ത്. പാലാ സബ്ഡിവിഷന്റെ കണക്കുകൂടി ചേര്‍ക്കുമ്പോള്‍ കേസുകളുടെ എണ്ണം ഇതിന്റെ ഇരട്ടിയാകും.

Advertisment

പൊലീസ് കൃത്യമായ ജാഗ്രത പുലര്‍ത്തിയതുകൊണ്ടാണ് ഇത്രയധികം പോക്‌സോ കേസുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ കഴിഞ്ഞത്. പെണ്‍മക്കളെ സഹായിക്കുന്നതിനായി ''നമ്മുടെ പൊന്നോമനകള്‍'' എന്ന പദ്ധതിക്ക് പാലാ പോലീസ് സബ്ഡിവിഷനില്‍ തുടക്കം കുറിച്ചിരിക്കുകയാണ്. മുൻ അദ്ധ്യാപകൻ കൂടിയായ പാലാ ഡിവൈ. എസ്.പി. ഷാജു ജോസിൻ്റെ ആശയത്തിലും മേൽനോട്ടത്തിലുമാണ് ഈ പദ്ധതി ആരംഭിച്ചിട്ടുള്ളത്.

"നമ്മുടെ പെണ്‍കുട്ടികള്‍ക്ക് ഏതെങ്കിലും രീതിയിലുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടായാല്‍ അവയ്ക്ക് പരിഹാരം കാണാനും കുഴപ്പം പിടിച്ച രീതിയിലേക്ക് അത്തരം കാര്യങ്ങള്‍ നീങ്ങാതിരിക്കാനും കര്‍ശന നിരീക്ഷണത്തോടും വേണ്ടി വന്നാൽ കൗണ്‍സിലിങ്ങോടും കൂടിയാണ് ''നമ്മുടെ പൊന്നോമനകള്‍'' പദ്ധതി ആവിഷ്ക്കരിച്ചിട്ടുള്ളത് " - ഡി.വൈ.എസ്.പി. ഷാജു ജോസ് പറഞ്ഞു.

കോട്ടയം ജില്ലാ വനിതാ ഹെല്‍പ്പ്‌ലൈനിന്റെയും വനിതാ സെല്ലിന്റെയും സഹായത്തോടെ ഈ പദ്ധതി കൂടുതല്‍ ഊര്‍ജ്ജിതമാക്കാനാണ് പാലാ പോലീസിന്റെ ശ്രമം. ''ലോക്ഡൗണില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആയതോടെ നമ്മുടെ പെണ്‍കുട്ടികളെ വഴിതെറ്റിക്കാനും പ്രേമം നടിച്ച് വശീകരിക്കാനുമുള്ള ചില ചതിക്കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. ഒപ്പം പ്രലോഭനങ്ങളും ഏറിക്കൊണ്ടിരിക്കുകയാണ്.

മാതാപിതാക്കളുടെയും അദ്ധ്യാപകരുടെയും ജാഗ്രതയും നിരീക്ഷണവും ഇത്തരം മോശപ്പെട്ട സംഭവങ്ങള്‍ തുടക്കത്തിലെ തന്നെ നുള്ളിക്കളയാന്‍ സഹായകമാകും. അതുകൊണ്ടുതന്നെ പെണ്‍മക്കള്‍ക്കുണ്ടാകുന്ന എല്ലാ മാനസിക മാറ്റങ്ങളെയുംകുറിച്ച് മാതാപിതാക്കള്‍ ശ്രദ്ധിക്കണം. സംശയങ്ങള്‍ തോന്നിയാല്‍ വനിതാ ഹെല്‍പ്പ്‌ലൈനിന്റെ സഹായം തേടാന്‍ ഒരു നിമിഷംപോലും മടിക്കരുത്''- ഡി.വൈ.എസ്.പി. ഷാജു ജോസ് പറയുന്നു.

പാലാ സി.ഐ. കെ.പി. ടോംസന്റെ നേതൃത്വത്തില്‍ വിവിധ റെസിഡന്‍സ് അസോസിയേഷനുകളുമായി സഹകരിച്ച് നടത്തി ഓണ്‍ലൈന്‍ ചതിക്കുഴികളെ സംബന്ധിച്ചുള്ള ബോധവല്‍ക്കരണ ക്ലാസുകള്‍ ഏറെ പ്രയോജനം ചെയ്തിട്ടുണ്ട്.
ഈ ക്ലാസ് കേട്ട പലരും തങ്ങളുടെ ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ പെണ്‍മക്കള്‍ക്കുണ്ടായ ദുരനുഭവങ്ങള്‍ അപ്പപ്പോള്‍ പോലീസിനോട് പങ്കുവയ്ക്കാനും കൈമാറാനും തയ്യാറാകുന്നുണ്ട്.

ചെറിയ ചെറിയ പ്രശ്‌നങ്ങള്‍ കൗണ്‍സിലിംഗിലൂടെ പരിഹരിക്കുന്ന പോലീസ് ഗുരുതര വിഷയങ്ങളില്‍ അപ്പോള്‍ തന്നെ പോക്‌സോ കേസെടുത്ത് കുറ്റവാളികളെ കൈയ്യോടെ പിടികൂടുകയുമാണ്. ഇന്നലെ ആനപ്പാപ്പാനെ പിടികൂടിയ സംഭവമാണ് ഇതിൽ ഒടുവിലത്തേത്.

പെണ്‍കുട്ടികളുടെ പെരുമാറ്റ വൈകല്യങ്ങള്‍ ശ്രദ്ധയില്‍പെടുകയും ഇവര്‍ ഏതെങ്കിലും രീതിയില്‍ ചതിക്കുഴിയില്‍ വീണതായി മനസ്സിലാക്കുകയും ചെയ്താല്‍ എത്രയുംവേഗം വനിതാ ഹെല്‍പ്പ്‌ലൈനിന്റെ സഹായം തേടണം. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഈ ഹെല്‍പ്പ്‌ലൈന്‍ കേന്ദ്രത്തിന്റെ നമ്പര്‍ -04812 584299 എന്നതാണ്.

ഇതിനുപുറമേ 9497 990051 (പാലാ ഡി.വൈ.എസ്.പി. ഷാജു ജോസ്), 9497 987080 (പാലാ സി.ഐ. കെ.പി. ടോംസണ്‍) എന്നീ നമ്പരുകളിലോ ബന്ധപ്പെടാവുന്നതാണ്. കൗണ്‍സിലിംഗ് ആവശ്യമുള്ളവര്‍ക്ക് വനിതാ സെല്ലിന്റെ സഹായത്തോടെ വനിതാപോലീസ് ഇടപെട്ട് വനിതാ കൗണ്‍സിലര്‍മാരുടെ സഹായവും ലഭ്യമാക്കുന്നതാണെന്ന് ഡിവൈ. എസ്. പി. ഷാജു ജോസ് പറഞ്ഞു.

Advertisment