ഫൗണ്ടേഷന്‍ സ്റ്റോണ്‍ ലെയ്ഡ് ബൈ ഹിസ് എക്സലൻസി റവ. ഡോ. ജെയിംസ് കാളാശേരി പി.എച്ച്.ഡി.ഡി. 8-6-1942 ..... പാലാ ധർമ്മാശുപത്രിക്ക് തറക്കല്ലിട്ടത് കാളാശ്ശേരി പിതാവ് ...!!! ചരിത്രമന്ദിരം പൊളിച്ചുനീക്കുന്നു....., ചരിത്ര ശില സംരക്ഷിക്കും

author-image
സുനില്‍ പാലാ
Updated On
New Update

publive-image

ഒരുപാട് പേര്‍ക്ക് ജീവിതം തിരിച്ചുകൊടുത്ത ധര്‍മ്മാശുപത്രിയുടെ ചരിത്രം പേറുന്ന മന്ദിരം പൊളിഞ്ഞുവീഴുന്നു. ഇപ്പോഴത്തെ ജനറല്‍ ആശുപത്രിയുടെ തുടക്കകാലഘത്തില്‍ ആദ്യമായുണ്ടായിരുന്ന കെട്ടിടമാണിപ്പോള്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനുവേണ്ടി പൊളിച്ചു നീക്കുന്നത്.

Advertisment

ഇതൊരു ചരിത്രമന്ദിരമാണ്. സ്വതന്ത്ര്യം കിട്ടുന്നിനും അഞ്ച് വര്‍ഷം മുമ്പ് പാലായില്‍ സ്ഥാപിച്ച ധര്‍മ്മാശുപത്രിയുടെ ചരിത്രം പേറുന്ന കെട്ടിടം. ചരിത്രാന്വേഷികള്‍ക്ക് കൗതുകമായി ഇവിടെയൊരു ശിലയുണ്ട്. ഈ കെട്ടിടം പണിതപ്പോള്‍ പാകിയ ശില. 1942 ജൂണ്‍ 8 ലെ ഒരു പെരുമഴക്കാലത്ത് ഈ ധര്‍മ്മാശുപത്രിക്ക് ശിലയിട്ടത് "കാളാശ്ശേരി പിതാവെന്ന് "പേരില്‍ പ്രസിദ്ധനായിരുന്ന ചങ്ങനാശ്ശേരി അതിരൂപതാ മെത്രാന്‍ റവ. ഡോ. ജെയിംസ് കാളാശ്ശേരിയാണ്.

മലയാളമാണ്ട് 1117-ലാണ് ഈ ശിലാസ്ഥാപനം നടത്തിയതെന്നും കല്ലില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കാളാശേരി പിതാവിന്റെ ഡോക്ടറേറ്റ് രേഖപ്പെടുത്തിക്കൊണ്ട് പേരിനൊപ്പം പി.എച്ച്.ഡി. എന്നും ഡി.ഡി. എന്നും കല്ലില്‍ ചേര്‍ത്തിട്ടുണ്ട്. ചരിത്ര ശേഷിപ്പായ ഈ കല്ല് അധികാരികളുടെ ആരുടെയും കണ്ണിൽ പെടാതെ കിടന്നത് "കേരളകൗമുദി "യാണ് പുറം ലോകത്തെത്തിച്ചത്. ഇന്നലെ രാത്രി വൈകി ഈ വാർത്ത തയ്യാറാക്കുമ്പോഴാണ് ഈ ചരിത്ര സ്മാരകശിലയെക്കുറിച്ച് നഗരപിതാവ് ആൻ്റോ ജോസിനെ അറിയിച്ചതും ഇത് സംരക്ഷിക്കുമെന്ന് അപ്പോൾ തന്നെ അദ്ദേഹം ഉറപ്പു പറഞ്ഞതും.
ഇന്ന് ഈ ശില നേരിൽ കാണാൻ ജനറൽ ആശുപത്രിയിലേക്ക് പോകുന്നുണ്ടെന്നും ചെയർമാൻ അറിയിച്ചു.

കഴിഞ്ഞ 80 വര്‍ഷമായി ലക്ഷക്കണക്കിന് രോഗികള്‍ക്ക് ചികിത്സയും പരിചരണവും നല്‍കിയ ഈ ചരിത്രമന്ദിരത്തിന് ഒരുപാട് പേരുടെ വേദനയുടെയും ആശ്വാസത്തിന്റെയും കഥകള്‍ പറയാനുണ്ട്. ഈ ധര്‍മ്മാശുപത്രി പിന്നീട് താലൂക്ക് ഗവ. ആശുപത്രിയായും 2004 ല്‍ മന്ത്രി കെ.എം. മാണി ഇത് ജനറല്‍ ആശുപത്രിയായും ഉയര്‍ത്തി. ഇതോടെ പുതിയ 7 നില മന്ദിരം പണിയുകയും പണ്ട് കാളാശേരി പിതാവ് തറക്കല്ലിട്ട് പണിതുയര്‍ത്തിയിരുന്ന മന്ദിരത്തില്‍ നിന്നും ചികിത്സാവിഭാഗങ്ങള്‍ ഒന്നൊന്നായി പുതിയ മന്ദിരത്തിലേക്ക് മാറ്റുകയുമുണ്ടായി.

പിന്നീട് ഈ ചരിത്രമന്ദിരത്തില്‍ ആശുപത്രിയുടെ ഓഫീസും പാലിയേറ്റീവ്, ഇന്‍ഷുറന്‍സ്, മെഡിക്കല്‍ സ്റ്റോര്‍ വിഭാഗങ്ങളുമാണ് പ്രവര്‍ത്തിച്ചിരുന്നത്. രോഗികള്‍ കൂടുതലായി എത്തിത്തുടങ്ങിയതോടെ വാഹനപാര്‍ക്കിംഗിന് ആവശ്യമായ സ്ഥലമില്ലാതെ വിഷമിക്കുന്ന സാഹചര്യം നിലവില്‍ വന്നു. ഒപ്പം 80 വര്‍ഷം പിന്നിട്ട കെട്ടിടത്തിന്റെ ചിലഭാഗങ്ങള്‍ ശോച്യാവസ്ഥയില്‍ അടര്‍ന്ന് വീഴാനും തുടങ്ങി. ഈ സാഹചര്യത്തിലാണ് പഴയ കെട്ടിടങ്ങള്‍ പൊളിച്ചുനീക്കുന്നതിന് പാലാ നഗരസഭാ അധികൃതര്‍ നടപടികള്‍ സ്വീകരിച്ചത്. കെട്ടിടങ്ങളെല്ലാം പൊളിച്ചുനീക്കുന്നതിന് പാലാ നഗരസഭാ നടത്തിയ ലേലത്തില്‍ നികുതി ഉള്‍പ്പെടെ 9.20 ലക്ഷം രൂപാ സര്‍ക്കാരിലേക്ക് ലഭിച്ചു.

കെട്ടിടങ്ങള്‍ പൊളിച്ചുനീക്കിയ ഭാഗത്ത് വിസ്തൃതവും സൗകര്യപ്രദവുമായ പാര്‍ക്കിംഗ് സൗകര്യം ക്രമീകരിക്കുമെന്ന് ആശുപത്രി മാനേജിംഗ് കമ്മറ്റി ചെയര്‍മാന്‍ കൂടിയായ പാലാ നഗരസഭ ചെയര്‍മാന്‍ ആന്റോ ജോസ് പടിഞ്ഞാറേക്കരയും ആരോഗ്യ സ്ഥിരം സമിതി ചെയര്‍മാന്‍ ബൈജു കൊല്ലംപറമ്പിലും പറഞ്ഞു.
.... ചരിത്രശില സംരക്ഷിക്കും - ചെയര്‍മാന്‍

ഒരു കാലഘട്ടത്തില്‍ ലക്ഷക്കണക്കിന് ആളുകള്‍ക്ക് ആശ്വാസം പകര്‍ന്ന ധര്‍മ്മാശുപത്രിക്കായി കാളാശേരി പിതാവ് സ്ഥാപിച്ച ശില ഇവിടെ ഉണ്ട് എന്ന് അറിയുന്നത് ഏറെ സന്തോഷവും അഭിമാനവും പകരുന്ന കാര്യമാണെന്നും
വരും തലമുറയുടെ അറിവിലേക്കും ചരിത്രകുതുകികൾക്കുമായി ഇത് സംരക്ഷിക്കുമെന്നും പാലാ നഗരസഭ ചെയര്‍മാന്‍ ആന്റോ ജോസ് പടിഞ്ഞാറേക്കര പറഞ്ഞു.

പഴയ കെട്ടിടം പൊളിക്കുമ്പോള്‍ എടുത്തുമാറ്റുന്ന ഈ ശില ആശുപത്രിയുടെ പുതിയമന്ദിരത്തിന് സമീപം എല്ലാവരുടെയും ശ്രദ്ധ കിട്ടത്തക്ക രീതിയില്‍ സ്ഥാപിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ചെയര്‍മാന്‍ പറഞ്ഞു. പഴയ ശിലയെ കുറിച്ചുള്ള വാർത്ത കണ്ട് നഗരസഭാ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബൈജു കൊല്ലംപറമ്പിലും ആശുപത്രി വികസന സമിതിയംഗം ജെയ്സൺ മാന്തോട്ടവും ഇത് നേരിൽ കാണാൻ രാവിലെ ജനറൽ ആശുപത്രിയിൽ എത്തിയിരുന്നു

..അഭിനന്ദിച്ചു.....
ആശുപത്രി കോമ്പൗണ്ടില്‍ വാഹന പാര്‍ക്കിംഗിന് ആവശ്യമായ സൗകര്യമൊരുക്കവാന്‍ ഇടിഞ്ഞുവീഴാറായ പഴയ കെട്ടിടങ്ങള്‍ പൊളിച്ചു നീക്കുന്നതിന് നടപടി സ്വീകരിച്ച നഗരസഭാ അധികാരികളെ ജയ്‌സണ്‍ മാന്തോട്ടത്തിലിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം അഭിനന്ദിച്ചു.

Advertisment