പാലാ: ഏഴാച്ചേരി കാവിന്‍പുറം ഉമാമഹേശ്വര ക്ഷേത്രത്തില്‍ വിഷുമഹോത്സവത്തിനും വിഷുക്കൈനീട്ട വിതരണത്തിനും ഒരുക്കങ്ങളായി. വിഷുനാളില്‍ എത്തിച്ചേരുന്ന മുഴുവന്‍ ഭക്തര്‍ക്കും ഉമാമഹേശ്വരന്‍മാരുടെ കൈനീട്ടമായി പൂജിച്ച നാണയങ്ങൾ വിതരണം ചെയ്യും. പതിറ്റാണ്ടുകളായുള്ള ഈ കൈനീട്ടം ഏറ്റുവാങ്ങാന്‍ ദൂരെദിക്കുകളില്‍ നിന്നുപോലും വിഷുനാളില്‍ കാവിന്‍പുറം ക്ഷേത്രത്തില്‍ ഭക്തര്‍ എത്തിച്ചേരാറുണ്ട്.
ഉമാമഹേശ്വരന്‍മാരുടെ കൈനീട്ടമായി ലഭിക്കുന്ന നാണയം പേഴ്‌സിലോ ഗൃഹങ്ങളിലോ വ്യാപരസ്ഥാപനങ്ങളിലോ പവിത്രമായി സൂക്ഷിക്കുന്നത് അടുത്ത ഒരു വര്‍ഷക്കാലത്തേക്ക് വളരെ ഐശ്വര്യകരമാണെന്നാണ് ഭക്തജനങ്ങളുടെ വിശ്വാസം. വിഷുനാളില്‍ പുലര്‍ച്ചെ 5 ന് നടതുറപ്പും വിഷുക്കണി ദര്‍ശനവുമുണ്ട്. തുടര്‍ന്ന് ശ്രീകോവിലില്‍ മേല്‍ശാന്തി വടക്കേല്‍ ഇല്ലം നാരായണന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ നാണയ പൂജ നടത്തും.
തുടര്‍ന്ന് ഈ നാണയങ്ങള്‍ ഉമാമഹേശ്വരന്‍മാരുടെ കൈനീട്ടമായി ഭക്തര്‍ക്ക് വിതരണം ചെയ്യും. മുന്‍വര്‍ഷം കൈനീട്ടമായി ലഭിച്ച നാണയങ്ങള്‍ ഭക്തര്‍ ക്ഷേത്രഭണ്ഡാരത്തില്‍ തിരികെ സമര്‍പ്പിക്കുകും ചെയ്യും. വിഷുനാളില്‍ ഓറഞ്ച്, ആപ്പിള്‍, മുന്തിരി, അവല്‍, മലര്‍, കല്‍ക്കണ്ടം, ശര്‍ക്കര, ചെറുപഴം തുടങ്ങിയവ ചേര്‍ത്ത് മധുരഫല മഹാനിവേദ്യവും അവല്‍ നിവേദ്യവും ഭക്തര്‍ക്ക് വിതരണം ചെയ്യും.
വിഷുപ്പായസ വിതരണവുമുണ്ട്. ഇതിനായി മുന്‍കൂര്‍ ബുക്ക് ചെയ്യണം. വൈകിട്ട് വിഷു വിളക്കും വിശേഷാല്‍ ദീപാരാധനയുമുണ്ട്. ദൂരെദിക്കുകളില്‍ നിന്നും ഉമാമഹേശ്വരന്‍മാരുടെ കൈനീട്ടം ഏറ്റുവാങ്ങാന്‍ എത്തുന്ന ഭക്തജനങ്ങളുടെ സൗകര്യാര്‍ത്ഥം വിഷുനാളില്‍ രാവിലെ 10.30 വരെ തിരുനട തുറന്നിരിക്കുമെന്ന് ദേവസ്വം ഭാരവാഹികള്‍ അറിയിച്ചു.