പാലാ: "ആലുവയില്‍ കൂട്ടുകാരന്‍ ഗോപിയുടെ (ഗോപീകൃഷ്ണന്‍) വിവാഹ നിശ്ചയ ചടങ്ങില്‍ പങ്കെടുത്തുകൊണ്ടിരിക്കവെയാണ് തിരുവനന്തപുരത്തുനിന്ന് ആ കോള്‍ എത്തിയത്. സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ എനിക്ക് 145-ാം റാങ്കെന്ന അറിയിപ്പ്. വളരെ സന്തോഷമായി. ഉടന്‍തന്നെ വീട്ടില്‍ വിളിച്ച് അച്ഛനോടും അമ്മയോടും വിവരം പറഞ്ഞു. പിന്നീട് തുരുതുരാ ഫോണ്‍കോളുകളായിരുന്നു. എല്ലാം അഭിനന്ദനങ്ങളും ആശംസകളും അറിയിച്ചുകൊണ്ടുള്ളത്''.
ഏഴാച്ചേരി ഗ്രാമത്തില്‍ നിന്ന് ആദ്യമായി ഇന്ത്യന്‍ സിവില്‍ സര്‍വ്വീസ് രംഗത്തേക്ക് മികവോടെ വിജയിച്ച് കയറിയ അര്‍ജ്ജുന്‍ ഉണ്ണികൃഷ്ണന്‍ പറഞ്ഞു. ഏഴാച്ചേരി കാവുംങ്കല്‍ ഉണ്ണികൃഷ്ണന്‍ നായരുടെയും ബിന്ദുവിന്റെയും രണ്ട് മക്കളില്‍ മൂത്തയാളാണ് "അച്ചു "എന്നുവിളിക്കുന്ന അര്‍ജ്ജുന്‍ ഉണ്ണികൃഷ്ണന്‍.
ബി.ടെക്കും മറൈന്‍ എഞ്ചിനീയറിംഗും ഉന്നത നിലയില്‍ വിജയിച്ച് ഇന്‍ഫോസിസില്‍ ജോലിയിലിരിക്കെയാണ് അര്‍ജ്ജുന് സിവില്‍ സര്‍വ്വീസ് മോഹം ഉദിച്ചത്. ആദ്യം കെ.എ.എസ്. എഴുതി. ഇതില്‍ 28-ാം റാങ്ക് ഉണ്ടായിരുന്നു പക്ഷേ ജോലി ലഭിച്ചില്ല. തുടര്‍ന്ന് തിരുവനന്തപുരത്ത് സിവില്‍ സര്‍വ്വീസ് പരിശീലനം തുടങ്ങി. ആദ്യഘട്ടത്തില്‍ പ്രിലിമിനറി പാസായിരുന്നു. പക്ഷേ ഫൈനല്‍ വിജയിക്കാനായില്ല.
രണ്ടാം തവണത്തെ നിരന്തര പരിശ്രമമാണിപ്പോള്‍ വിജയം കണ്ടത്. ഐങ്കൊമ്പ് അംബിക വിദ്യാഭവന്‍, വലവൂര്‍ ഭാരത് മാതാ സ്‌കൂള്‍, പാലാ സെന്റ് വിന്‍സെന്റ് സ്‌കൂള്‍, മുട്ടം എഞ്ചിനീയറിംഗ് കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.
''ഏഴാച്ചേരി പോലുള്ള ഒരു ഗ്രാമത്തില്‍ നിന്ന് സിവില്‍ സര്‍വ്വീസിലേക്ക് കടക്കാനായി എന്നത് വലിയ കാര്യമായിത്തന്നെ ഞാന്‍ കാണുന്നു. ഐ.എ.എസ്. ആയിരുന്നു മോഹം. പക്ഷേ ഇത്തവണ അത് കിട്ടാന്‍ ഇടയില്ല. പൊക്കക്കുറവുകാരണം ഐ.പി.എസ്. മോഹവും നടക്കില്ല. ഐ.ആര്‍.എസ്. ഉറപ്പാണ്. പക്ഷേ ഞാന്‍ വീണ്ടും ഐ.എ.എസിലേക്ക് വരാന്‍ ശ്രമിക്കുകയാണ്. രണ്ടാഴ്ചയ്ക്കുള്ളില്‍ വീണ്ടും പരീക്ഷ എഴുതും'' അര്‍ജ്ജുന്‍ ഉണ്ണികൃഷ്ണന്‍ പ്രതികരിച്ചു.
അച്ഛന്‍ ഉണ്ണികൃഷ്ണന്‍ നായര്‍ വിവിധ കമ്പനികളുടെ സെയില്‍സ്മാനാണ്. അന്തീനാട് നന്ദനത്തില്‍ ബിന്ദുവാണ് അമ്മ. എന്‍.ഐ.ഐ.ടി.യില്‍ ബി.ടെക് കഴിഞ്ഞ അനുജന്‍ അനന്തു ഉണ്ണികൃഷ്ണന്‍ (കിച്ചു) ഇന്ന് ബാംഗ്ലൂരില്‍ ഒരു കമ്പനിയില്‍ ജോലിക്ക് കയറുകയാണ്.
ഏഴാച്ചേരി ഗ്രാമവാസിയായ അര്‍ജ്ജുന്‍ ഉണ്ണികൃഷ്ണന്‍ സിവില്‍ സര്‍വ്വീസില്‍ മികച്ച വിജയം നേടിയതില്‍ ജോസ് കെ. മാണി എം.പി., മാണി സി. കാപ്പന്‍ എം.എല്‍.എ., രാമപുരം പഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷ് തുടങ്ങിയവര്‍ അഭിനന്ദിച്ചു