പാലാ: ഭരണങ്ങാനം അയ്യംങ്കോലിപ്പാറ കുടിവെള്ള പദ്ധതിയുടെ കിണറിന് സമീപം ശുചിമാലിന്യം തള്ളി. 350 ഓളം വീടുകളിലും നിരവധി സ്ഥാപനങ്ങളിലും ഭരണങ്ങാനം ടൗണിലെ വ്യാപാര സ്ഥാപനങ്ങളിലും കുടിവെള്ളം ലഭ്യമാക്കുന്നത് അയ്യങ്കോലിപ്പാറ കുടിവെള്ള പദ്ധതിയിൽ നിന്നുമാണ്.
ആറുമാസങ്ങൾക്ക് മുമ്പും ഇവിടെ ശുചിമാലിന്യം തള്ളിയിരുന്നു. കിണറിന് സമീപമുള്ള സി.സി.ടി.വി ക്യാമറ മാസങ്ങളായി പ്രവർത്തനരഹിതമായി കിടക്കുന്നത് നന്നാക്കാത്തത് പഞ്ചായത്തിന്റെ ഭാഗത്തുനിന്നുള്ള അനാസ്ഥയാണെന്ന് ജില്ല പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ളാക്കൽ പറഞ്ഞു.
ശുചിമുറി മാലിന്യം തള്ളിയ വിഷയത്തിൽ പോലീസിൽ പരാതി പോലും നൽകാത്ത പഞ്ചായത്തിന്റെ നടപടി പ്രതിഷേധാർഹം ആണെന്നും അദ്ദേഹം പറഞ്ഞു. തുടർച്ചയായി ഭരണങ്ങാനത്ത് ശുചിമുറി മാലിന്യം തള്ളുന്നതിനെതിരെ നാട്ടുകാരുടെ ഭാഗത്തുനിന്നും വ്യാപകമായ പ്രതിഷേധമാണ് ഉയർന്നു കൊണ്ടിരിക്കുന്നത്.
സംഭവം നടന്ന് ഒരു പകൽ മുഴുവൻ കഴിഞ്ഞിട്ടും പഞ്ചായത്ത് അധികൃതരോ ആരോഗ്യ വിഭാഗത്തിലെ ആളുകളോ സംഭവസ്ഥലം ഇതു വരെയും സന്ദർശിച്ചിട്ടില്ല. ജലം ജീവനാണ് എന്ന മുദ്രാവാക്യവുമായി ജലസാക്ഷരത ജാഥ ഭരണങ്ങാനം പഞ്ചായത്തിന്റെ വിവിധ വാർഡുകളിൽ കൂടി കടന്നുപോയ ദിവസം തന്നെയാണ് ഇത് സംഭവിച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ് .ഭരണങ്ങാനം ടൗണിൽ നിന്ന് ഇന്ന് രാവിലെയാണ് ജല സാക്ഷരത യാത്ര ആരംഭിച്ചത്.