പാലാ: ''പ്രേമമാണെന്ന് പറഞ്ഞാല്‍ എന്താ പോലീസേ കുഴപ്പം പിള്ളേര് പ്രേമിക്കട്ടെ, നിങ്ങളിങ്ങനെ പുറകെ നടന്ന് ശല്യം ചെയ്യാതെ...'' ഇന്നലെ വൈകിട്ട് 5 മണിയോടെ പാലാ ടൗണ്‍ ബസ് സ്റ്റാന്‍ഡില്‍ മധ്യവയസ്‌കന്‍ പോലീസിനോട് കയര്‍ത്തുകൊണ്ട് ചോദിച്ചു.
പോലീസ് ഇത് കേള്‍ക്കാത്ത മട്ടില്‍ കൂട്ടംകൂടിനിന്ന വിദ്യാര്‍ത്ഥികളോട് എവിടെ പോകാനാണെന്നും മറ്റും തിരക്കിയതോടെ വീണ്ടും മധ്യവയസ്‌കന്‍ ക്രൂദ്ധനായി; "ഇഷ്ടമാണെന്ന് ഫോണില്‍ പറഞ്ഞാല്‍ ഇത്ര വലിയ കുഴപ്പമാണോ. നിങ്ങളുടെ പണി ഞാന്‍ വീഡിയോയിലെടുക്കുകയാണ്...." പോലീസിനെ വെല്ലുവിളിച്ച് മൊബൈല്‍ ഫോണ്‍ ഓണ്‍ചെയ്ത് മധ്യവയസ്‌കന്‍ ചിത്രീകരണം തുടങ്ങി.
പാലാ എസ്.ഐ. ഷാജി സെബാസ്റ്റ്യനും ഒരു പോലീസുകാരനുമാണ് ഡ്യൂട്ടിയിലുണ്ടായിരുന്നത്. പാലായിലും പരിസര പ്രദേശങ്ങളിലും പൂവാലശല്യവും മറ്റ് മയക്കുമരുന്ന് പ്രവര്‍ത്തനങ്ങളും നടക്കുന്നുണ്ടെന്ന രക്ഷകര്‍ത്താക്കളുടെ പരാതിയെ തുടര്‍ന്ന് കഴിഞ്ഞ കുറെ ദിവസങ്ങളായി പോലീസ് നടത്തിവരുന്ന പട്രോളിംഗിന്റെ ഭാഗമായാണ് ഇന്നലെ വൈകിട്ടും എസ്.ഐയും പോലീസും ടൗണ്‍ ബസ് സ്റ്റാന്‍ഡില്‍ എത്തിയത്.
സംശയകരമായ സാഹചര്യത്തില്‍ കൂട്ടംകൂടി നിന്ന കുട്ടികളോട് എവിടെ പഠിക്കുന്നു എവിടേക്കാണ് പോകേണ്ടത് എന്നും മറ്റും പോലീസ് ചോദിച്ചതോടെയാണ് മധ്യവയസ്‌കന് ഹാലിളകിയത്. പോലീസിനു നേര്‍ക്ക് വീണ്ടും കയര്‍ത്തതോടെ എസ്.ഐ. ഷാജി സെബാസ്റ്റ്യൻ ഇയാളുടെ പേരും വിലാസവും തിരക്കിയെങ്കിലും പറയാന്‍ സൗകര്യമില്ലെന്നായിരുന്നു മറുപടി. മദ്യപിച്ച് ബഹളം വയ്ക്കുന്നതാണെന്ന് മനസ്സിലായതോടെ മധ്യവയസ്‌കനോട് പോലീസ് ജീപ്പിലേക്ക് കയറാന്‍ എസ്.ഐ. നിര്‍ദ്ദേശിച്ചെങ്കിലും ഇയാള്‍ കൂട്ടാക്കിയില്ല.
എസ്.ഐ. കൈയ്ക്ക് പിടച്ച് കയറ്റാന്‍ ശ്രമിച്ചതോടെ ഇയാള്‍ കുതറിച്ചു. ഇതേ തുടര്‍ന്ന് എസ്.ഐ. വിവരം പാലാ സി.ഐ. കെ.പി. ടോംസണെ അറിയിച്ചു. അഞ്ച് മിനിട്ടിനുള്ളില്‍ സ്ഥലത്ത് പാഞ്ഞെത്തിയ സി.ഐ കൂടി ചേര്‍ന്ന് ഇയാളെ പോലീസ് ജീപ്പില്‍ കയറ്റി സ്റ്റേഷനില്‍ കൊണ്ടുപോയി. പൂവരണി സ്വദേശി തയ്യില്‍ റ്റി.എസ്. ദിനേശ് (48) ആണ് പിടിയിലായത്.
പാലായില്‍ പൂവാലശല്യം കൂടുന്നു
പാലാ സെന്റ് മേരീസ് സ്‌കൂളിലേക്കുള്ള റോഡ്, ടൗണ്‍ ബസ് സ്റ്റാന്‍ഡ് എന്നിവിടങ്ങളില്‍ പൂവാലശല്യവും കുട്ടികള്‍ തമ്മിലുള്ള പ്രേമസല്ലാപങ്ങളും വര്‍ദ്ധിക്കുന്നതായി രക്ഷിതാക്കള്‍ക്ക് ആശങ്ക. ഇന്നലെ പോലീസ് ചോദ്യം ചെയ്ത കുട്ടികളില്‍ ചിലര്‍ അല്പം മുമ്പുവരെ യൂണിവേഴ്‌സല്‍ തീയേറ്ററിലേക്കുള്ള ഇടനാഴിയിലിറങ്ങി പുകവലിക്കുകയായിരുന്നുവെന്ന് ദൃക്‌സക്ഷികള്‍ പറഞ്ഞു.
പോലീസിനെ കണ്ടതോടെ ഇവരില്‍ കുറച്ചുപേര്‍ ഓടി മാറി. മറ്റുള്ളവരെ പിടികൂടി പേരും സ്‌കൂളും മറ്റും ചോദിക്കുന്നതിനിടയിലാണ് മദ്യപനെത്തി പോലീസിന് നേര്‍ക്ക് തട്ടിക്കയറിയത്.