ലിതാരയുടെ മരണം: കോച്ച് ഒളിവിലെന്ന് പൊലീസ്; ബിഹാറിൽ നിന്നുള്ള സംഘം കോഴിക്കോടെത്തി മൊഴിയെടുത്തു

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update

publive-image

Advertisment

കോഴിക്കോട്: റെയിൽവെയുടെ മലയാളി ബാസ്കറ്റ് ബോൾ താരം ലിതാര തൂങ്ങിമരിച്ച സംഭവത്തിൽ ബിഹാർ പൊലീസ് കോഴിക്കോട്ടെ വീട്ടിലെത്തി ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തി. ബിഹാർ രാജ്‌നഗർ പൊലീസ് സ്റ്റേഷൻ ഉദ്യോഗസ്ഥരാണ് കോഴിക്കോട് വട്ടോളിയിലെ വീട്ടിൽ എത്തി മൊഴിയെടുത്തത്. ഏപ്രിൽ 26 നാണ് ലിതാരയെ പാറ്റ്നയിൽ തന്റെ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

ബാസ്കറ്റ് ബോൾ കോച്ച് രവി സിംഗ് മാനസികമായി നിരന്തരം പീഡിപ്പിച്ചുവെന്ന് ലിതാരയുടെ മരണത്തിന് പിന്നാലെ വീട്ടുകാർ പരാതി നൽകിയിരുന്നു. സംഭവത്തിൽ ലിതാരയുടെ മൃതദേഹം വീണ്ടും പോസ്റ്റ്‌മോർട്ടം ചെയ്യണമെന്ന് കുടുംബം ആവശ്യപ്പെട്ടു. കോച്ചിന് എതിരായ ആരോപണത്തിൽ വീട്ടുകാർ ഉറച്ച് നിൽക്കുന്നുവെന്ന് ബീഹാർ പോലീസ് ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തിയ ശേഷം പറഞ്ഞു.

കോച്ച് രവി സിംഗ് ഒളിവിൽ ആണെന്ന് പൊലീസ് പറഞ്ഞു. ഇയാൾക്കായി അന്വേഷണം നടക്കുന്നുണ്ട്. സംഭവത്തിൽ പരിശീലകന്റെ മൊഴിയും ലിതാരയുടെ കൂട്ടുകാരുടെ മൊഴിയും രേഖപ്പെടുത്തണം. വിശദമായ റിപ്പോർട്ട് വേഗത്തിൽ സമർപ്പിക്കുമെന്നും രാജീവ് നഗർ പൊലീസ് ഇൻസ്പെക്ടർ ശംഭു സിംഗ് വ്യക്തമാക്കി.

നിരന്തരം വിളിച്ചിട്ടും ലിതാര ഫോണെടുക്കാതിരുന്ന സാഹചര്യത്തിൽ, ഏപ്രിൽ 26 ന് വീട്ടുകാർ പാറ്റ്നയിൽ ലിതാര താമസിച്ച ഫ്ലാറ്റിന്റെ ഉടമയെ ഫോണിൽ ബന്ധപ്പെടുകയായിരുന്നു. ഇദ്ദേഹം സ്ഥലത്തെത്തിയപ്പോൾ ഫ്ലാറ്റ് ഉള്ളില്‍ നിന്നും പൂട്ടിയ നിലയിലായിരുന്നു. ഫ്ലാറ്റുടമ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി വാതില്‍ തുറന്നപ്പോളാണ് ലീതാരയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. പൊലീസ് പരിശോധനയില്‍ ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിരുന്നു. കുറ്റ്യാടി വട്ടോളി സ്വദേശി കരുണന്‍റെ മകളായ ലിതാര പാട്ന ദാനാപൂരിലെ ഡിആർഎം ഓഫീസിലെ ഉദ്യോഗസ്ഥയായിരുന്നു.

ലിതാരയുടെ മരണത്തില്‍ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന് കത്തയച്ചിരുന്നു. ലിതാര ആത്മഹത്യ ചെയ്യാനുള്ള സാഹചര്യം ഉണ്ടായിരുന്നില്ലെന്ന് ബന്ധുക്കൾ അറിയിച്ചതായി കത്തിൽ വ്യക്തമാക്കിയിരുന്നു. ലിതാരയുടെ മരണത്തില്‍ കോച്ചിന്റെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ലിതാരയുടെ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു മുഖ്യമന്ത്രി കത്തയച്ചത്.

Advertisment