കോഴിക്കോട്: മനുഷ്യ നിർമിതമായ സ്മാരകങ്ങളെല്ലാം ഒരുനാൾ മണ്ണടിയുമെന്നും സഭ്യതയുടേയും സംസ്കാരത്തിന്റേയും അടയാളങ്ങളായി നിൽക്കുന്ന അക്ഷരങ്ങൾ കാലഹരണപ്പെടാതെ നിലനിൽക്കുമെന്ന് ഗവർണ്ണർ ആരിഫ് മുഹമ്മദ്ഖാൻ പറഞ്ഞു. ഭാരതത്തിലെ 20 ഭാഷകളിലെ 40 എഴുത്തുകാരുമായുള്ള സംഭാഷണങ്ങൾ ഉൾക്കൊള്ളുന്ന ഡോ. ആർസുവിൻ്റെ ഹിന്ദി കൃതി ഭാരതീയ കവി - സപ്നോം കേ താനേ ബാനേ (ഭാരതീയ കവികൾ: സ്വപ്നങ്ങളുടെ ഊടും പാവും) ഡോ. പി.കെ. രാധാമണിക്ക് ആദ്യപ്രതി നൽകിക്കൊണ്ട് പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭാഷാ സമന്വയ വേദിയുട 33 -ാം വാർഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഭാരതത്തിലെ ഭാഷാ ബഹുസ്വരത എന്ന വിഷയത്തിലുള്ള ചർച്ചയും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്തു.
ഗവർണറുടെ പ്രസംഗത്തിന്റെ രത്നചുരുക്കം: മനുഷ്യ നിർമിതമായ സ്മാരകങ്ങളെല്ലാം ഒരുനാൾ മണ്ണടിയും; എന്നാൽ സഭ്യതയുടേയും സംസ്കാരത്തിന്റേയും അടയാളങ്ങളായി നിൽക്കുന്ന അക്ഷരങ്ങൾ കാലഹരണപ്പെടാതെ നിലനിൽക്കും. ഭഗവത് ഗീതയും ഉപനിഷത്തുക്കളും ഇപ്പോഴും ഒരു ക്ഷതവും സംഭവിക്കാതെ നിൽക്കുന്നത് ഇതിനുദാഹരണമാണ്.
വിശ്വാസത്തിന്റെ ആവിഷ്ക്കാരമാണ് ഭാഷയിലൂടെ കൃതികളിൽ ആവിഷ്കൃതമാകുന്നത്. അവ പഴയതാകുമ്പോഴും ചിരന്തനമായി നിൽക്കും. ഈജിപ്തിനും ഗ്രീസിനും പഴയ സംസ്കാരത്തെക്കുറിച്ച് അഭിമാനിക്കാൻ സാധിക്കുമെങ്കിലും അവ ഇന്ന് ജീവത്തായി നിൽക്കുന്നില്ല. എന്നാൽ ഇന്ത്യയുടെ സംസ്കാരം പ്രാചീനമാകുമ്പോഴും കാലത്തെ അതിജീവിക്കാനുള്ള ശക്തി നിലനിൽക്കുന്നു.
സത്യം ഏകമാണ്. അതിനെ ജ്ഞാനികൾ പല രീതിയിൽ വ്യാഖ്യാനിക്കുന്നു എന്ന് പറഞ്ഞത് ഋഷിമാരാണ്. അവരുടെ വിചാരങ്ങൾ ഇന്നും ജീവത്തായി നൈരന്തര്യം പുലർത്തി നിലനിൽക്കുന്നു. പുറത്ത് നിർത്തേണ്ടത് ഏതെന്നല്ല, ഉൾക്കൊള്ളണ്ടത് എന്ത് , എന്നാണ് പ്രാചീന ഋഷി മുനിമാർ നമുക്ക് പകർന്ന് നൽകിയത്. തരുപക്ഷിമൃഗാദികൾക്കും മനുഷ്യനും ഒരേ രീതിയിലുള്ള ആത്മാവാണ് ഉള്ളതെന്ന് അവർ നമ്മെ ഓർമ്മപ്പെടുത്തി.
അറിവ് നേടുക മാത്രമല്ല, അതിനെ വ്യാപകമാക്കുക കൂടി ചെയ്യുമ്പോഴാണ് അത് അർത്ഥവത്താകുന്നത്. കാവ്യത്തിലും സജ്ജനസമ്പർക്കത്തിലും ആണ് അമൃതരസം കുടികൊള്ളുന്നത്; പൂർവ്വികർ പകർന്നു നൽകിയ അറിവ് ആധുനിക കാലഘട്ടത്തിലും പ്രസക്തമാണ്. പ്രപഞ്ചത്തെ സമഗ്രതയിൽ കാണാൻ സാധിക്കുക എന്നതാണ് ഭാരതീയ സംസ്കാരം നമ്മെ പഠിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യ അനേകം ചെറുതും വലുതുമായ ഭാഷകളുടെ വിശാലമായ ഒരു കൂട്ടുകുടുംബമാണെന്നും ഈ തിരിച്ചറിവ് നേടിയാലേ രാജ്യത്തിൻ്റെ സാംസ്കാരിക സമന്വയം സുഗമമാകൂവെന്നും അദ്ധ്യക്ഷ പ്രസംഗത്തിൽ ആർസു അഭിപ്രായപ്പെട്ടു.
വേദി അംഗങ്ങൾ ഹിന്ദിയിലും ഇംഗ്ലീഷിലും രചിച്ച പുസ്തകങ്ങളുടെ കോപ്പികൾ ഗവർണർക്ക് ഉപഹാരമായി നൽകി. ഡോ.ഒ. വാസവൻ, ഡോ.എം.കെ.പ്രീത, ഡോ. ഗോപി പുതുക്കോട്, കെ.ജി.രഘുനാഥ്, വേലായുധൻ പള്ളിക്കൽ , പി.ടി.രാജലക്ഷ്മി, കെ.വാരിജാക്ഷൻ, കെ.കെ.എം വേണുഗോപാലൻ , പി.ഐ.അജയൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.