Advertisment

പുതിയ രൂപത്തിലും ഭാവത്തിലും അവതരിക്കാൻ പോപ്പുലർ ഫ്രണ്ട്. പുതിയ വരവ് മനുഷ്യാവകാശ, സന്നദ്ധ പ്രവർത്തന സംഘടനയുടെ രൂപത്തിൽ. ഇപ്പോഴുള്ള നേതാക്കളെ മാറ്റി നിർത്തി മനുഷ്യാവകാശ പ്രവർത്തകർ ഭാരവാഹികളായി പുതിയ സംഘടന പുതിയ രൂപത്തിൽ വരും. നിരോധനം മറികടക്കാൻ പോപ്പുലർ ഫ്രണ്ടിന്റെ തന്ത്രം ഇങ്ങനെ..

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update

publive-image

Advertisment

കോഴിക്കോട് : കേന്ദ്രസർക്കാർ നിരോധിച്ചെങ്കിലും പുതിയ രൂപത്തിലും ഭാവത്തിലും അവതരിക്കാൻ പോപ്പുലർ ഫ്രണ്ട് ഒരുക്കം തുടങ്ങി. മനുഷ്യാവകാശ, സന്നദ്ധ പ്രവർത്തന സംഘടനയുടെ രൂപത്തിലാവും പോപ്പുലർ ഫ്രണ്ടിന്റെ അടുത്ത വരവ്.


സംസ്ഥാനത്തെ പ്രമുഖ മനുഷ്യാവകാശ പ്രവർത്തകരെ മുന്നിൽ നിർത്തിക്കൊണ്ടായിരിക്കും പുതിയ മുഖംമൂടിയണിഞ്ഞ് പോപ്പുലർ ഫ്രണ്ട് എത്തുക.


പോപ്പുലർ ഫ്രണ്ടിന്റെ ദേശീയ, സംസ്ഥാന നേതാക്കളും രണ്ടാം നിര നേതാക്കളുമെല്ലാം ജയിലിലാണ്. ഓഫീസുകൾ മുദ്ര വയ്ക്കുകയും ചെയ്യുന്നു. ഇതിനിടയിലും മുൻകൂട്ടി ആസൂത്രണം ചെയ്ത പുതിയ സംഘടനയുടെ രൂപീകരണ നടപടികൾ പുരോഗമിക്കുകയാണ്. ഇപ്പോഴുള്ള നേതാക്കളെ മാറ്റി നിർത്തിയാവും പുതിയ സംഘടന പുതിയ രൂപത്തിൽ വരുന്നത്.

കേന്ദ്ര സർക്കാർ ഏറെക്കാലം മുൻപുതന്നെ പോപ്പുലർ ഫ്രണ്ടിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അന്വേഷണം തുടങ്ങുകയും അക്കൗണ്ടുകൾ മരവിപ്പിക്കുകയും ചെയ്തിരുന്നു. ഏതു സമയത്തും സംഘടനയെ നിരോധിച്ചേക്കാമെന്ന് പോപ്പുലർ ഫ്രണ്ട് നേതാക്കൾക്ക് അറിയാമായിരുന്നു.

അതിനാലാണ് ഇത്തരമൊരു സാഹചര്യം നേരിടാൻ പുതിയൊരു സംഘടനയുടെ രൂപീകരണം നേരത്തേ അവർ ആസൂത്രണം ചെയ്തത്. യുവജന, വിദ്യാർത്ഥി സംഘടനയുടെ രൂപീകരണവും പിന്നാലെ ഉണ്ടാവുമെന്നാണ് അറിയുന്നത്.


മൂന്നുലക്ഷത്തോളം അനുഭാവികൾ കേരളത്തിലുണ്ടെന്നാണ് പോപ്പുലർ ഫ്രണ്ട് അവകാശപ്പെടുന്നത്. അവരെയെല്ലാം യോജിപ്പിച്ച് നിർത്തിയാവും പുതിയ സംഘടനകൾ വരുന്നത്. കോഴിക്കോട്ടോ മലപ്പുറത്തോ ആസ്ഥാനമായിട്ടാവും പുതിയ സംഘടനകൾ രൂപീകരിക്കുക.


തീവ്രവാദ സംഘടനകൾക്ക് നിരോധനം ഒരു പ്രശ്നമേയല്ല. നിരോധനം വരുമ്പോൾ പുതിയ പേരിൽ അവതരിക്കുകയാണ് പതിവ്. 2001ൽ സിമിയെ നിരോധിച്ചപ്പോൾ അതിന്റെ നേതാക്കളും പ്രവർത്തകരും ചേർന്ന് രൂപീകരിച്ചതാണ് എൻ.ഡി.എഫ്.

സിമിയേക്കാൾ തീവ്ര നിലപാട് പുലർത്തിയ എൻ.ഡി.എഫിനെ മറ്റ് പാർട്ടികളും സമൂഹവും അംഗീകരിക്കാതെ വന്നതോടെ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെന്ന പേരിൽ ദേശീയതലത്തിൽ പുതിയ സംഘടനാ രൂപം ആർജിച്ചു.

എസ്.ഡി.പി.ഐ എന്ന രാഷ്ട്രീയ പാർട്ടി കൂടി രൂപീകരിച്ച് പോഷക സംഘടനകളായി വിദ്യാർത്ഥി തലം മുതൽ ട്രേഡ് യൂണിയൻ രംഗം വരെ കൈയടക്കി. കാമ്പസ് ഫ്രണ്ട് എന്ന പേരിലെ വിദ്യാർത്ഥി സംഘടന മറ്റ് സംഘടനകളുമായി ചേർന്ന് കോളേജ് യൂണിയൻ തിരഞ്ഞെടുപ്പുകളിൽ വിജയിച്ച് കോളേജുകളുടെ ഭരണം കൈപ്പിടിയിലാക്കി.


പല പേരുകളിൽ സംഘടനകൾ വന്നെങ്കിലും പ്രവർത്തനശൈലിയിലും നിലപാടുകളിലും മാറ്റമില്ലാതെ തുടരുകയായിരുന്നു.


തൊടുപുഴ ന്യൂമാൻ കോളേജ് അദ്ധ്യാപകൻ ടി. ജെ ജോസഫിന്റെ കൈവെട്ടിയ കേസും അടുത്തിടെ നടന്ന കൊലപാതക പരമ്പരകളുമാണ് പി.എഫ്.ഐയുടെ തീവ്രമനോഭാവം വെളിവാക്കിയത്.

എറണാകുളം മഹാരാജാസ് കോളേജിലെ വിദ്യാർത്ഥിയും എസ്.എഫ്‌.ഐ പ്രവർത്തകനുമായ അഭിമന്യു (20) കൊല്ലപ്പെട്ട കേസിൽ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ വിദ്യാർത്ഥി വിഭാഗമായ കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യയിലെ പ്രവർത്തകരാണ് പ്രതികൾ.

ആലപ്പുഴ വയലാർ നാഗൻകുളങ്ങരയിലെ ആർ.എസ്.എസ് ഗണനായക് നന്ദു കൃഷ്ണ (22) കൊല്ലപ്പെട്ടത് എസ്.ഡി.പി.ഐ-ആർ.എസ്.എസ് ഏറ്റുമുട്ടലിലാണ്. പാലക്കാട് എലപ്പുള്ളിയിലെ ആർ.എസ്.എസ് നേതാവ് സഞ്ജിത്തിനെ കഴിഞ്ഞ നവംബർ 10 നാണ് വെട്ടിക്കൊലപ്പെടുത്തിയത്.

Advertisment