/sathyam/media/post_attachments/cp3Ztqweqfg56KsPqv2i.jpg)
മലപ്പുറം: വേങ്ങരയിൽ ഹാൻസ് നിർമ്മാണ ഫാക്ടറി നടത്തിയ സംഘം പിടിയിൽ.പാലക്കാട് വല്ലപ്പുഴ സ്വദേശി നടുത്തൊടി ഹംസ(36), വേങ്ങര സ്വദേശി കൺകടവൻ അഫ്‌സൽ(30), തിരൂരങ്ങാടി സ്വദേശി എ.ആർ നഗർ സ്വദേശി കഴുങ്ങും തോട്ടത്തിൽ മുഹമ്മദ് സുഹൈൽ(25) അന്യസംസ്ഥാന തൊഴിലാളിയായ ഡൽഹി സ്വദേശി അസ്‌ലം(23) എന്നിവരാണ് അറസ്റ്റിലായത്.
ജില്ലാ ആന്റി നാർക്കോട്ടിക് സെൽ നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്. പരിശോധനയിൽ 50 ലക്ഷത്തോളം വിലവരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങൾ പ്രതികളിൽ നിന്നും പിടികൂടി. മലപ്പുറം വേങ്ങര വട്ടപ്പൊന്ത എന്ന സ്ഥലത്തെ ആളൊഴിഞ്ഞ റബർ തോട്ടത്തിനു നടുവിലെ ഇരുനില വീട്ടിലാണ് ഫാക്ടറി പ്രവർത്തിച്ചിരുന്നത്.
ബീഡി നിർമ്മാണം എന്ന പേരിലാണ് പ്രതികൾ ഫാക്ടറി നടത്തികൊണ്ടിരുന്നത്. അഞ്ച് ലക്ഷത്തോളം വില വരുന്ന മൂന്ന് നിർമ്മാണ യൂണിറ്റുകളാണ് അഞ്ച് മാസമായി ഇവിടെ പ്രവർത്തിച്ചിരുന്നതെന്ന് ജില്ലാ ആന്റി നർക്കോട്ടിക്ക് സ്‌ക്വാഡ് വ്യക്തമാക്കി.
ബെംഗളൂരുവിൽ നിന്നും ഉണക്ക മത്സ്യം കൊണ്ടുവരുന്ന വാഹനങ്ങളിലാണ് അസംസ്‌കൃത വസ്തുക്കൾ എത്തിച്ചിരുന്നത്. ഡൽഹിയിൽ നിന്നായി പാക്കിങ്ങിനുള്ള വസ്തുക്കളും എത്തിച്ചു. രാത്രി ഫാക്ടറിയിൽ എത്തിയാണ് സംഘം ഉൽപ്പന്നങ്ങൾ ശേഖരിച്ചിരുന്നത്. തുടർന്ന് ആഡംബരവാഹനങ്ങളിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വിതരണത്തിന് എത്തിക്കുന്നതാണ് രീതി.