മലപ്പുറം: ജില്ലയിൽ നിന്ന് നാടൻ തോക്കുകളും തിരകളും പിടികൂടി പോലീസ്. മലപ്പുറം ജില്ലയിലെ എടക്കരയിൽ നിന്നാണ് ആയുധങ്ങൾ പിടികൂടിയത്. ബാലൻകുളം സ്വദേശി സുഫിയാന്റെ വീട്ടിൽ പരിശോധന നടത്തിയപ്പോഴാണ് ആയുധത്തിന്റെ വൻ ശേഖരം കണ്ടെത്തിയത്. ആയുധങ്ങൾ എല്ലാം വീട്ടിനുള്ളിലെ കട്ടിലിനടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു.
11 തിരകളും തോക്കുകളുമാണ് പിടികൂടിയത്. സംഭവത്തിന് ശേഷം സൂഫിയാൻ ഒളിവിലാണ്. അന്വേഷണ സംഘം വീട്ടിലെത്തുന്ന വിവരമറിഞ്ഞതോടെയാണ് ഇയാൾ ഒളിവിൽപ്പോയത്. പ്രതിക്കായി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
ഒരിടവേളയ്‌ക്ക് ശേഷം മലയോര മേഖലയിൽ മൃഗനായാട്ട് സജീവമായിട്ടുണ്ടെന്ന വിവരത്തെ തുടർന്നായിരുന്നു പോലീസിന്റെ പരിശോധന. വരും ദിവസങ്ങളിലും പരിശോധന നടത്താനാണ് പോലീസിന്റെ തീരുമാനം. കണ്ടെടുത്ത ആയുധങ്ങൾ വിദഗ്‌ധ പരിശോധനയ്‌ക്ക് വിധേയമാക്കുമെന്നും ഫോറൻസിക് ലാബിലേക്ക് അയക്കുമെന്നും പോലീസ് വ്യക്‌തമാക്കി.