തമിഴ് ചിത്രം ജയ് ഭീമിനെ പുകഴ്ത്തി നിയമസഭാ സ്പീക്കര്‍ എംബി രാജേഷ്. ചിത്രം സമകാലിക സിനിമകളില്‍ മിക്കവാറും പൂഴ്ത്തിവെക്കപ്പെടാറുള്ള നമ്മുടെ കാലത്തെ യാഥാര്‍ത്ഥ്യത്തെ പൊള്ളിക്കും വിധം അനുഭവിപ്പിച്ചെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. എസ്എഫ്‌ഐ നേതാവായിരുന്ന ജസ്റ്റിസ് ചന്ദ്രുവിനെപ്പോലുള്ള നിസ്വവര്‍ഗത്തോട് പ്രതിബദ്ധതയുള്ളവര്‍ക്ക് കോടതി മുറിയും വര്‍ഗ്ഗ സമരവേദി തന്നെയെന്നും അദ്ദേഹം കുറിച്ചു.
ഫേസ്ബുക്ക് കുറിപ്പ്...
യഥാർത്ഥ സംഭവം, യഥാർത്ഥ പോരാളികൾ, യഥാർത്ഥ നായകൻ, യഥാർത്ഥ വില്ലൻമാർ എന്നിവർ നിറഞ്ഞ ജയ്ഭീം സമകാലിക സിനിമകളിൽ മിക്കവാറും പൂഴ്ത്തിവെക്കപ്പെടാറുള്ള നമ്മുടെ കാലത്തെ യാഥാർത്ഥ്യത്തെ പൊള്ളിക്കും വിധം അനുഭവിപ്പിച്ചു.
ജാതിയെന്ന ഭയാനക യാഥാർത്ഥ്യത്തെ. അതിനെ മുൻ നിർത്തി ദളിതർക്കും ദരിദ്രർക്കും പാർശ്വവൽക്കരിക്കപ്പെട്ടവർക്കും നേരെ ഭരണകൂടം അഴിച്ചുവിടുന്ന ഭീകരതയെ. മരണാനന്തരം മാത്രം നീതി ലഭ്യമാക്കാനാവുന്ന ജനാധിപത്യത്തിന്റെ പരാജയങ്ങളെ. നീതിയുടെ സാക്ഷാൽക്കാരം എത്രമേൽ കഠിനമാണെന്ന തിരിച്ചറിവിനെ.
ഒപ്പം അനീതികൾക്കെതിരായി തെരുവിൽ ഒരുമിക്കുന്ന മനുഷ്യരെ നയിക്കുന്ന പതാകയും പ്രത്യയശാസ്ത്രവുമേതെന്ന യാഥാർത്ഥ്യത്തെ. നീതിക്കു വേണ്ടി തെരുവിലുയരുന്ന ശബ്ദമാണ് നിയമ നിർമ്മാണ സഭകളിലും കോടതി മുറികളിലുമെല്ലാം ഉയരേണ്ടത് എന്ന പാഠത്തെ.
സിനിമക്കു തന്നെ കാരണക്കാരനായ തമിഴ്നാട്ടിലെ പഴയ എസ്.എഫ്.ഐ. നേതാവായിരുന്ന ചന്ദ്രുവിനെക്കുറിച്ച് എസ്.എഫ്. ഐ.യിൽ എനിക്കൊപ്പമുണ്ടായിരുന്ന തമിഴ്നാട് മുൻ സെക്രട്ടറി സ:എസ്.കണ്ണൻ അഭിമാനത്തോടെ പറയുകയുണ്ടായി.
ഫീസു വാങ്ങാതെ പാവപ്പെട്ടവരുടെ കേസുകൾ നടത്തിയ, വിദ്യാർത്ഥികൾക്കു വേണ്ടി സൗജന്യമായി ഹാജരായ അഭിഭാഷകനായും ചരിത്ര പ്രധാന വിധികൾ പുറപ്പെടുവിക്കുകയും കേസുകൾ തീർപ്പാക്കുന്നതിൽ റെക്കോഡ് സൃഷ്ടിക്കുകയും ചെയ്ത ന്യായാധിപനായ, ജ.കൃഷ്ണയ്യരുടെ പ്രിയ ശിഷ്യനായ ചന്ദ്രുവിനെക്കുറിച്ച് എങ്ങിനെ അഭിമാനിക്കാതിരിക്കും. ചന്ദ്രുവിനെപ്പോലെ നിസ്വ വർഗ്ഗത്തോട് പ്രതിബദ്ധതയുള്ളവർക്ക് കോടതി മുറിയും വർഗ്ഗ സമരവേദി തന്നെ.
കൊല്ലപ്പെട്ട രാജാക്കണ്ണിന്റെ മകൾ കാലിൻമേൽ കാലും കയറ്റി കസേരയിൽ ആത്മവിശ്വാസത്തോടെയിരുന്ന് പത്രം നിവർത്തുന്ന, ലിംഗ-വർണ-വർഗ്ഗഭേദങ്ങളെ അതിലംഘിക്കുന്ന തുല്യത എന്ന ആശയത്തെ കാഴ്ചക്കാരുടെ ബോധമണ്ഡലത്തിലേക്ക് തൊടുത്തുവിടുന്ന ദൃശ്യത്തോടെയുള്ള പര്യവസാനം എത്ര ഗംഭീരം.
നമ്മുടെ കാലത്തിന്റെ രാഷ്ട്രീയത്തെ പ്രേക്ഷകരുടെ ഉള്ളുലയ്ക്കുകയും ഉണർത്തുകയും വിധം തീവ്രമായും സർഗ്ഗാത്മകമായും ആവിഷ്കരിച്ചിരിക്കുന്നു ജയ്ഭീം.