മുംബൈ: ഗോവ വിധിയെഴുതി. 40 നിയമസഭാ മണ്ഡലങ്ങളെ ഗോവയില്‍ ഉള്ളൂ. എന്നാല്‍ ഇവിടെ മത്സരിക്കാത്ത പാര്‍ട്ടികളില്ല എന്നതാണ് വസ്തുത.
കോണ്‍ഗ്രസും ബിജെപിയും തന്നെയാണ് സംസ്ഥാനത്തെ മുഖ്യ കക്ഷികളെങ്കിലും മറ്റു കക്ഷികളും സജീവമായിരുന്നു. ഗോവ ഫോര്‍വേഡ് പാര്‍ട്ടിയുമായി (ജിഎഫ്പി) സഖ്യമുണ്ടാക്കിയാണ് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. ബിജെപി സര്‍ക്കാരില്‍ സഖ്യകക്ഷിയായിരുന്നു ജിഎഫ്പി.
ശിവസനേയും എന്‍സിപിയും സഖ്യത്തിന്റെ ഭാഗമാകാമെന്ന് പറഞ്ഞെങ്കിലും കോണ്‍ഗ്രസ് സ്വീകരിച്ചില്ല. പിന്നീട് ശിവസേനയും എന്‍സിപിയും ഒന്നിച്ചാണ് മത്സരിക്കുന്നത്. റവല്യൂഷനറി ഗോവന്‍ പാര്‍ട്ടി, മഹാരാഷ്ട്ര ഗോമന്തക് പാര്‍ട്ടിയുമായി ചേര്‍ന്ന് തൃണമൂല്‍ കോണ്‍ഗ്രസ് സഖ്യം, ആംആദ്മി പാര്‍ട്ടി എന്നിങ്ങനെ പോകുന്നു ഗോവയില്‍ മത്സരിച്ച കക്ഷികള്‍.
രാഷ്ട്രീയ പാര്‍ട്ടികളെക്കാള്‍ വ്യക്തികള്‍ക്കാണ് ഗോവയില്‍ പ്രാധാന്യം എന്നതാണ് വാസ്തവം. വസ്ത്രം മാറുന്നത് പോലെയാണ് ഇവിടുത്തെ നേതാക്കള്‍ രാഷ്ട്രീയം മാറും. ഇന്ന് കോണ്‍ഗ്രസായവര്‍ക്ക് നാളെ ബിജെപിയാകാന്‍ ഒരു മടിയുമില്ല. മറിച്ചും സംഭവിക്കും.
തൃണമൂല്‍ കോണ്‍ഗ്രസ് ഇവിടെ മത്സരിക്കുന്നതും മറ്റു പാര്‍ട്ടികളില്‍ നിന്നും നേതാക്കളെ ചാടിച്ചാണ്. കഴിഞ്ഞ തവണ തെരഞ്ഞെടുപ്പിന് ശേഷം ഏറ്റവും വലിയ ഒറ്റക്കക്ഷിയായ കോണ്‍ഗ്രസില്‍ നിന്നും ഒറ്റയടിക്ക് 10 എംഎല്‍എമാരാണ് ബിജെപിയില്‍ ചേര്‍ന്നത്. ബിജെപി ഭരണവും പിടിച്ചു.
ഇക്കുറി അത്തരമൊരു സാഹചര്യമുണ്ടാക്കാന്‍ കോണ്‍ഗ്രസ് ആഗ്രഹിക്കുന്നില്ല. സ്ഥാനാര്‍ത്ഥികളെ ദേവാലയങ്ങളിലെത്തിച്ച് കൂറുമാറില്ലെന്ന് പ്രതിജ്ഞയെടുപ്പിച്ചു. പക്ഷേ സംഭവിക്കുന്നതെന്തെന്ന് കണ്ടറിയണം.
ഭരണകക്ഷിയായ ബിജെപി ഭരണം തുടരുമെന്ന് ഉറപ്പിച്ചു പറയുകയാണ്. ഇനി സ്വന്തമായി ഭരിക്കാനുള്ള ഭൂരിപക്ഷം കിട്ടിയില്ലെങ്കില്‍ പ്രതിപക്ഷത്തു നിന്നും കാലുവാരി ആളെ കൂട്ടാമെന്നും ബിജെപി കണക്കു കൂട്ടുന്നു. മുന്‍കാല ചരിത്രം അതിനുള്ള സാധ്യതകളെ തള്ളുന്നുമില്ല.
എന്നാല്‍ കോണ്‍ഗ്രസ് ക്യാമ്പും വലിയ പ്രതീക്ഷയിലാണ്. ഇത്തവണ കാര്യങ്ങള്‍ തങ്ങള്‍ക്ക് അനുകൂലമാകുമെന്നുതന്നെയാണ് അവരുടെ പ്രതീക്ഷ. എന്നാല്‍ പ്രതിപക്ഷ വോട്ടുകളിലെ ഭിന്നത തിരിച്ചടിയാകുമോയെന്ന ആശങ്കയും ഉണ്ട്.
തൃണമൂല്‍ കോണ്‍ഗ്രസ് പിടിക്കുന്ന വോട്ടുകള്‍ ആര്‍ക്ക് തിരിച്ചടിയുണ്ടാക്കുമെന്നും കണ്ടറിയണം. പ്രതിപക്ഷത്തെ വോട്ടുകള്‍ ഭിന്നിപ്പിക്കാനേ തൃണമൂലിന്റെ വരവ് ഗുണം ചെയ്യൂ എന്നാണ് സൂചന. അങ്ങനെ വന്നാല്‍ അത് കോണ്‍ഗ്രസിനു ദോഷമാകും സൃഷ്ടിക്കുക.
അതേസമയം തെരഞ്ഞെടുപ്പിലെ സ്ഥിതി കഴിഞ്ഞ തവണത്തേതുപോലെ ആയാല്‍ പന്ത് ഗവര്‍ണറുടെ കോര്‍ട്ടിലേക്ക് എത്തും. മലയാളികൂടിയായ ഗവര്‍ണര്‍ പിഎസ് ശ്രീധരന്‍പിള്ളക്ക് നിര്‍ണായക റോളും ഉണ്ടാകാനിടയുണ്ട്. വലിയ ഒറ്റക്കക്ഷിയെ വേണമോ വലിയ സഖ്യത്തെ വേണമോ കുതിരക്കച്ചവടത്തിന് സമയം കൊടുക്കണോ എന്നതൊക്കെ നിര്‍ണായകമാകും.