മഹാരാഷ്ട്രയിൽ ആടിയുലഞ്ഞ് മഹാവികാസ് അഘാടി സർക്കാർ ! മന്ത്രിയും മുതിർന്ന ശിവസേന നേതാവുമായ ഏക് നാഥ് ഷിൻഡെ 20 ശിവസേന എംഎൽഎമാരുമായി സൂറത്തിലെ റിസോർട്ടിൽ. ഷിൻഡെയ്ക്ക് ബിജെപി ഓഫർ ചെയ്തിട്ടുള്ളത് ഉപ മുഖ്യമന്ത്രി പദവിയെന്ന് സൂചന ! വിമതനീക്കത്തിന് തടയിടാൻ ഉദ്ദവിൻ്റെ നീക്കം. കോൺഗ്രസ് എംഎൽഎമാരും മറുകണ്ടം ചാടുമെന്ന് ആശങ്ക

author-image
മനോജ്‌ നായര്‍
Updated On
New Update

publive-image

മുംബൈ: മഹാരാഷ്ട്രയിൽ മഹാവികാസ് അഘാടി സഖ്യ സർക്കാരിനെ അട്ടിമറിക്കാൻ നീക്കം ശക്തം. മഹാരാഷ്ട്ര മന്ത്രിയും മുതിർന്ന ശിവസേന നേതാവുമായ ഏക് നാഥ് ഷിൻഡെ 20 ശിവസേന എംഎൽഎമാരുമായി ഗുജറാത്തിലെ സൂറത്തിലുള്ള ഒരു റിസോർട്ടിലേക്ക് മാറിയതായാണ് വിവരങ്ങൾ പുറത്ത് വരുന്നത്.

Advertisment

മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുമായുള്ള അഭിപ്രായവ്യത്യാസത്തിന്‍റെ പേരിൽ മാറി നിൽക്കുന്ന ഏക് നാഥ് ഷിൻഡെയുമായി ശിവസേന നേതൃത്വത്തിന് ബന്ധപ്പെടാനായിട്ടില്ല. ഷിൻഡെയുടെ ഫോൺ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണ്.

ശിവസേന- കോൺഗ്രസ്- എൻസിപി സഖ്യമായ മഹാവികാസ് അഘാഡി സർക്കാരിന് തലവേദനയാകുകയാണ് ഏക്നാഥ് ഷിൻഡെയുടെ ഈ വിമത നീക്കം. മൂന്നു മന്ത്രിമാരടക്കം എംഎൽഎമാർ കൂറുമാറിയാൽ സർക്കാർ താഴെ വീഴുമെന്ന് ഉറപ്പാണ്.

നേരത്തെ കഴിഞ്ഞ ദിവസം നടന്ന നിയമസഭാ കൗൺസിൽ തെരഞ്ഞെടുപ്പിൽ മൂന്ന് വീതം ശിവസേന - കോൺഗ്രസ് എംഎൽഎമാർ ക്രോസ് വോട്ട് ചെയ്തിരുന്നു. ഇതിൻ്റെ തുടർച്ചയാണ് വിമത നീക്കം.

അതിനിടെ പ്രതിസന്ധി നേരിടാൻ മുഖ്യമന്ത്രി ഉദ്ദവ് താക്കറെ ശിവസേന എം എൽ എമാരുടെ യോഗം വിളിച്ചിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്കാണ് യോഗം. ഇതിൽ എത്ര പേർ പങ്കെടുക്കും എന്നതിനെ ആശ്രയിച്ചിരിക്കും സർക്കാരിൻ്റെ ഭാവി.

അതേ സമയം അടുത്ത നീക്കം പ്രഖ്യാപിക്കാൻ ഏക് നാഥ് ഷിൻഡെ ഇന്ന് മാധ്യമങ്ങളെ കാണും. താനെയിലെ ശിവസേനയുടെ പ്രമുഖനേതാക്കളിലൊരാളാണ് ഏക് നാഥ് ഷിൻഡെ.

താനെ മേഖലയിൽ ശിവസേനയെ കെട്ടിപ്പടുക്കുന്നതിൽ പ്രധാനപങ്ക് വഹിച്ചയാൾ കൂടിയാണ് ഷിൻഡെ. സേനയുടെ ജനപ്രിയനേതാക്കളിലൊരാളായ ഷിൻഡെ, 2014-ൽ മഹാരാഷ്ട്ര നിയമസഭയിൽ പ്രതിപക്ഷനേതാവായിരുന്നു. പിന്നീട് എൻസിപി - കോൺഗ്രസ് - സഖ്യം മഹാവികാസ് അഘാഡി സർക്കാർ രൂപീകരിച്ചപ്പോൾ നഗരവികസന, പൊതുമരാമത്ത് വകുപ്പാണ് ഷിൻഡെയ്ക്ക് നൽകിയത്. എന്നാൽ ഇതിൽ ഷിൻഡെയ്ക്ക് അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നു.

എൻസിപി- കോൺഗ്രസ് കക്ഷികളുടെയും, മറ്റ് ചെറുകക്ഷികളുടെയും പിന്തുണ ചേർത്താൽ 169 പേരുടെ പിന്തുണയാണ് മഹാവികാസ് അഘാഡി സർക്കാരിനുള്ളത്. പ്രതിപക്ഷത്തിന്ന് 113 പേരുടെ പിന്തുണയുണ്ട്.

നിലവിലെ സാഹചര്യം മുതലാക്കാൻ ബിജെപിയും നീക്കം തുടങ്ങിയിട്ടുണ്ട്. സൂറത്തിലെ വിമതരുടെ താമസ കേന്ദ്രം ഒരുക്കിയത് ബിജെപിയാണെന്നും ആക്ഷേപമുണ്ട്.

Advertisment