/sathyam/media/post_attachments/0KsjYIOSYZVYxtJI7FVL.jpg)
മുംബൈ: മഹാരാഷ്ട്രയിൽ പ്രതിസന്ധി കനക്കുന്നതിനിടെയിൽ ശിവസേനയിലെ ഭൂരിഭാഗം ജനപ്രതിനിധികളും ഏകനാഥ് ഷിൻഡേയ്ക്ക് ഒപ്പം. ഇപ്പോൾ ഗുവഹാത്തിയിലുള്ള എംഎൽഎമാരുടെ എണ്ണം 50 കടന്നതായാണ് വിവരം. ശിവസേനയ്ക്ക് ആകെയുള്ള 55 എംഎൽഎമാരിൽ 45 പേരും ഷിൻഡേ ക്യാമ്പിൽ എത്തിയതോടെ പാർട്ടിയും ചിഹ്നവും ഉദ്ധവ് താക്കറേയ്ക്ക് നഷ്ടമാകും.
55 എംഎൽഎമാരാണ് മഹാരാഷ്ട്ര നിയമസഭയിൽ ശിവസേനക്കുള്ളത്. 19 ലോക്‌സഭാ എംപിമാരും മൂന്ന് രാജ്യസഭാ എംപിമാരും ശിവസേനക്കുണ്ട്. ഇവരിൽ ഭൂരിഭാഗവും ഷിൻഡേയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു.
ഇതോടെയാണ് പാർട്ടിയും ഷിൻഡേയുടെ നിയന്ത്രണത്തിലേക്ക് പോയത്. ശിവസേനയുടെ ഔദ്യോഗിക ചിഹ്നത്തിനായി ഷിൻഡേ തെരഞ്ഞെടുപ്പ് കമ്മീഷനെയും സമീപിച്ചു. ഉദ്ധവ് താക്കറെ ശിവസേന ജില്ലാ അധ്യക്ഷൻമാരുടെ യോഗം വിളിച്ചെങ്കിലും ഭൂരിഭാഗവും പങ്കെടുത്തില്ല.
ഉദ്ധവ് താക്കറേയോട് ഉള്ളതിനെക്കാൾ പ്രതിഷേധം മകൻ ആദിത്യ താക്കറേയോടാണ് ഷിൻഡേയ്ക്ക് ഉള്ളത്. പല എംഎൽഎമാർക്കും ഈ വിരോധം ഉണ്ട്. ഇതു തന്നെയാണ് പൊട്ടിത്തെറിയിലേക്ക് നയിച്ചത്.
ബാൽ താക്കറേയുടെ പാര മ്പര്യമുള്ള പാർട്ടി മറ്റൊരാളിലേക്ക് എത്തുന്നതിൻ്റെ നാണക്കേട് ഉദ്ദവിനുണ്ട്. അതിനെ തടയാൻ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ട്. പക്ഷേ ഒന്നും വിജയത്തിലെത്തിയില്ല.
അതിനിടെ ബിജെപിയും സർക്കാർ രൂപീകരണ ചർച്ചകൾ സജീവമാക്കി. ദേവേന്ദ്ര ഫഡ്നാവിസ് ഡൽഹിയിൽ എത്തിയിട്ടുണ്ട്. ഇനി ആഭ്യന്തര മന്ത്രി അമിത്ഷായെ കൂടി കളത്തിലിറക്കാനാണ് ബിജെപി നീക്കം.
ഫഡ്നാവിസിന് മുഖ്യമന്ത്രി സ്ഥാനവും ഏകനാഥ് ഷിൻഡെയ്ക്ക് ഉപമുഖ്യമന്ത്രി പദവിയുമാണ് ചർച്ചകളിൽ ഉയരുന്നത്. രണ്ടു ദിവസത്തിനകം ഇതിൽ തീരുമാനം ഉണ്ടാകും.