മുംബൈ: മഹാരാഷ്ട്രയിൽ വമ്പൻ രാഷ്ട്രീയ നീക്കത്തിലൂടെ ബിജെപി ലക്ഷ്യമിടുന്നത് താക്കറേ കുടുംബത്തിൻ്റെ ആധിപത്യം തകർക്കൽ. ശിവസേന എന്ന പാർട്ടിയിൽ ഇനി ഉദ്ധവ് താക്കറെയ്ക്കും ആദിത്യ താക്കറേയ്ക്കും എത്രകണ്ട് സ്വാധിനമുണ്ടാകുമെന്നും കണ്ടറിയണം.
കൂടെ നിന്ന തങ്ങളെ പിന്നിൽ നിന്നും കുത്തി മുന്നണി വിട്ട ശിവസേനയെ തകർക്കുക എന്നത് തന്നെയായിരുന്നു ബിജെപി ലക്ഷ്യമിട്ടതെന്ന് വ്യക്തം. ഇന്ന് ഉച്ചവരെ ഫഡ്നാവിസ് തന്നെ മുഖ്യമന്ത്രിയാകുമെന്ന് പ്രതീക്ഷിച്ചവരെ ഞെട്ടിച്ചാണ് ഏക്നാഥ് ഷിൻഡെയുടെ പേര് ബിജെപി പ്രഖ്യാപിച്ചത്. ഷിൻഡേയ്ക്ക് ഒപ്പമുള്ളതിനെക്കാൾ മൂന്നിരട്ടി എംഎൽഎമാരുള്ള ബിജെപിയുടെ ഈ നീക്കം ഉദ്ദവിനുള്ള സന്ദേശം തന്നെയാണ്.
ശിവസേനയിൽ നിന്നും കൂടുമാറിയെത്തിയവർക്ക് അർഹമായ പരിഗണന തന്നെ നൽകും എന്നതിലൂടെ ഇനിയും പല എംഎൽഎമാരും ശിവസേന വിട്ടേക്കും. ഇതോടെ ശിവസേനയുടെ ശക്തി പൂർണമായും നഷ്ടമാകുമെന്നും ബിജെപി വിലയിരുത്തുന്നു.
ഇനി വരും നാളുകളിൽ ഉണ്ടാകാനിടയുള്ള നിയമ പോരാട്ടങ്ങളിലും ഈ നീക്കം ഗുണം ചെയ്യും. കൂറുമാറ്റ നിരോധന നിയമം വരുന്നത് സുഗമമായി മറികടക്കാനും ഈ നിക്കത്തോടെ സാധിക്കും.
ശിവസേനയിൽ നേതൃമാറ്റം മാത്രമാണ് ഉണ്ടായതെന്നും ഉദ്ധവ് പാർട്ടിക്ക് പുറത്തായെന്നും ഇതുവഴി സ്ഥാപിക്കാനാകും. ഇതു കൂടി ബിജെപിയുടെ മനസിലുണ്ട്.
വലിയ കുടുംബ പാരമ്പര്യമില്ലാത്തവർക്കും അധികാരം നൽകാൻ ബിജെപി തന്നെ വേണ്ടി വന്നു എന്ന രാഷ്ട്രീയ സന്ദേശം നൽകാനും ബിജെപിക്കായി. ഇതു അടുത്ത തെരഞ്ഞെടുപ്പിൽ ഗുണം ചെയ്യുന്നതും ബിജെപിക്കാവും.
എല്ലാത്തിനുമുപരി താക്കറെ കുടുംബത്തിനെ അധികാരത്തിൽ നിന്നു താഴെ ഇറക്കാനും ആ പാർട്ടിയിൽ നിന്നും, പാരമ്പര്യത്തിൽ നിന്നും മാറ്റാനുമായി എന്നത് ബിജെപിയുടെ വിജയമാണ്.