ഡൽഹി: അമേരിക്കന്‍ സന്ദര്‍ശന വേളയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ചോദ്യമുന്നയിച്ച ‘വോള്‍ സ്ട്രീറ്റ് ജേണല്‍’ റിപ്പോര്‍ട്ടര്‍ സബ്രീന സിദ്ദിഖിക്കെതിരെ സൈബര്‍ ആക്രമണം. സബ്രീനയ്ക്കെതിരായ വേട്ടയാടലിൽ വൈറ്റ് ഹൗസ് രംഗത്തെത്തി. ഇത്തരം സംഭവം അപലപനീയമാണെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.
വാഷിംഗ്ടണില്‍ ജൂണ്‍ 22 ന് പ്രസിഡന്റ് ജോ ബൈഡനൊപ്പം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മോദിയോട് സബ്രീന ചോദ്യങ്ങള്‍ ചോദിച്ചിരുന്നു.
‘നിങ്ങളുടെ രാജ്യത്ത് മുസ്ലീംകളുടെയും മറ്റു മത ന്യൂനപക്ഷങ്ങളുടെയും അവകാശങ്ങള്‍ മെച്ചപ്പെടുത്താനും അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കാനും എന്തു നടപടികളാണ് എടുക്കുക?’ എന്നായിരുന്നു സബ്രീന മോദിയോട് ചോദിച്ച ചോദ്യം. ഇതിന് പിന്നാലെയാണ് സബ്രീനയ്‌ക്കെതിരെ കടുത്ത വിമര്‍ശനങ്ങൾ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നത്.
സബ്രീനയ്‌ക്കെതിരായ സൈബര്‍ ആക്രമണത്തെപ്പറ്റി നാഷനല്‍ സെക്യൂരിറ്റി കൗണ്‍സില്‍ വക്താവ് ജോണ്‍ കിര്‍ബിയോട് മാധ്യമപ്രവര്‍ത്തകര്‍ ചോദ്യമുന്നയിച്ചപ്പോഴായിരുന്നു അവരെ വേട്ടയാടുന്നത് അസ്വീകാര്യമാണെന്ന് പ്രതികരിച്ചത്.
മാധ്യമ പ്രവര്‍ത്തകരെ ആക്രമിക്കാന്‍ ശ്രമിക്കുന്നതിനെ ഏതു സാഹചര്യത്തിലും പൂര്‍ണമായി അപലപിക്കുന്നു. അത് തികച്ചും അസ്വീകാര്യമാണെന്നും അദ്ദേഹം പറഞ്ഞു.