ഡൽഹി: വൻതോതിൽ ആയുധങ്ങൾ വഹിക്കാനും നിരീക്ഷണ പറക്കലിനിടെ തന്നെ അതിശക്തമായ ആക്രമണം നടത്താനും ശേഷിയുള്ള അമേരിക്കൻ നിർമ്മിത എം.ക്യു-9ബി പ്രിഡേറ്റർ ഡ്രോണുകൾ ഇന്ത്യ അമേരിക്കയിൽ നിന്ന് വാങ്ങുന്നതിനെതിരേ പ്രതിപക്ഷം രംഗത്ത്.
ഇന്ത്യ പ്രിഡേറ്റർ ഡ്രോണുകൾ വാങ്ങുന്നത് അമിത വിലയ്‌ക്കാണെന്നും സേനയുടെ നിർദ്ദേശം തള്ളിയും മന്ത്രിതല സമിതിയുടെ ശുപാർശയില്ലാതെയുമുള്ള ഡ്രോൺ ഇടപാടിൽ ദുരൂഹതയുണ്ടെന്നുമാണ് കോൺഗ്രസ് ആരോപണം. എന്നാൽ ആയുധം വഹിച്ചുള്ള നിരീക്ഷണത്തിനിടെ മിന്നൽ ആക്രമണം നടത്താനാവുന്ന ഡ്രോണുകൾ അതിർത്തിയിൽ ആവശ്യമെന്ന് കേന്ദ്രം പറയുന്നു.
പ്രധാനമന്ത്രിയുടെ അമേരിക്കൻ സന്ദർശനത്തിനിടെ ഒപ്പിട്ട 307 കോടി ഡോളർ (25,200 കോടിയോളം രൂപ) വരുന്ന ഡ്രോൺ കരാർ സംബന്ധിച്ച് കേന്ദ്രസർക്കാർ ഔദ്യോഗിക വിശദീകരണം നൽകണമെന്നും കോൺഗ്രസ് വക്താവ് പവൻ ഖേര ആവശ്യപ്പെട്ടു.
യു.എസിലെ ജനറൽ ആറ്റോമിക്സ് നിർമ്മിക്കുന്ന ഡ്രോൺ നേരത്തേ യു.കെ, ഓസ്ട്രേലിയ, സ്‌പെയിൻ, ഇറ്റലി, ജർമ്മനി തുടങ്ങിയ രാജ്യങ്ങൾക്ക് വിലകുറച്ചാണ് വിറ്റത്. 2017 മുതൽ ഡ്രോൺ വാങ്ങാൻ യു.എസ് ഇന്ത്യയ്ക്കുമേൽ സമ്മർദ്ദം ചെലുത്തുന്നുണ്ട്. ഈ സമ്മർദ്ദതന്ത്രത്തിൽ മോഡി വീണുപോയെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.
വിലക്കൂടുതലുള്ള ഈ ഡ്രോണുകൾ ജമ്മുകാശ്‌മീർ പോലുള്ള അതിർത്തികളിൽ അനുയോജ്യമല്ലാത്തത് കണക്കിലെടുത്ത് വ്യോമസേനയ്‌ക്ക് ഇതിൽ താത്പര്യമില്ലെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. ഇതിനിടെ ആയുധങ്ങൾ ഘടിപ്പിച്ച പുതിയ മോഡൽ വാങ്ങാൻ 2020 ഒക്‌ടോബറിൽ നടന്ന പ്രതിരോധ തല ചർച്ചയ്ക്കിടെ ധാരണയായി.
ഇതിനായി യു.എസ് പ്രതിരോധ സെക്രട്ടറി അടക്കം നിരവധി ചർച്ചകൾ നടത്തുകയും ചെയ്തു. എഫ്-414 ജെറ്റ് എൻജിൻ ഇടപാടിന് അനുമതി നൽകിയ പ്രധാനമന്ത്രി നരേന്ദ്രമോദി അദ്ധ്യക്ഷനായ പ്രതിരോധത്തിനായുള്ള മന്ത്രിതല സമിതി, ഡ്രോൺ ഇടപാടിൽ മൗനം പാലിച്ചതും ദുരൂഹമാണെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തുന്നു.
പ്രതിരോധ, വിദേശകാര്യ മന്ത്രാലയങ്ങളെ അറിയിക്കാതെ പ്രധാനമന്ത്രി ഏകപക്ഷീയമായി ഫ്രാൻസുമായി ഒപ്പിട്ട റഫാൽ യുദ്ധവിമാന ഇടപാടിന് സമാനമാണ് ഡ്രോൺ വാങ്ങൽ കരാറെന്നാണ് ആരോപണം ഉയരുന്നത്. നിർമ്മിത ബുദ്ധി സങ്കേതിക വിദ്യയില്ലാത്ത ഡ്രോൺ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് കൂടുതൽ വിലയ്‌ക്ക് തിടുക്കപ്പെട്ട് വാങ്ങുന്നത് എന്തിനാണെന്ന് സർക്കാർ വ്യക്തമാക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുന്നു.
പ്രതിരോധ മേഖലയിൽ മേക്ക് ഇൻ ഇന്ത്യ, ആത്മനിർഭർ ഭാരത് പദ്ധതികളെ പ്രോത്സാഹിപ്പിക്കുന്ന സർക്കാർ സാങ്കേതികവിദ്യ കൈമാറാത്ത വിദേശ ഡ്രോൺ വാങ്ങുന്നതിന്റെ യുക്തി വിശദീകരിക്കണം. അതേസമയം ഡി.ആർ.ഡി.ഒ വികസിപ്പിച്ച റുസ്‌തം, ഘട്ടക് എന്നീ ഡ്രോണുകൾ എം.ക്യു-9ബി ഡ്രോണുകൾക്ക് സമാനമാണ്.
ഡി.ആർ.ഡി.ഒയുടെ ഡ്രോൺ പ്രോജക്ടിനായി 1,786 കോടി ചെലവഴിച്ച ശേഷമാണ് വൻവിലയ്ക്ക് അമേരിക്കൻ ഡ്രോണുകൾ വാങ്ങിക്കൂട്ടുന്നത്. സായുധസേനകൾക്കാകെ 18 ഡ്രോണുകൾ മാത്രം ആവശ്യമുള്ളപ്പോൾ 31എണ്ണത്തിന്റെ ഇടപാടിൽ ഒപ്പിട്ടത് എന്തിനെന്നും ജനറൽ ആറ്റോമിക്‌സ് മേധാവിക്ക് കേന്ദ്ര സർക്കാരിലുള്ള സ്വാധീനം പുറത്തുവരണമെന്നും കോൺഗ്രസ് പറയുന്നു.