/sathyam/media/post_attachments/alZ36OOrrNernNqfHan8.jpg)
ഡൽഹി: ബി.ജെ.പിക്ക് തുടർഭരണം ഉറപ്പാക്കുന്ന തരത്തിൽ മണ്ഡല പുനർനിർണയം നടത്താൻ കേന്ദ്രം നീക്കം തുടങ്ങി. ലോകസഭാ സീറ്റുകൾ 800 ആക്കാനുള്ള നീക്കമെന്നാണ് സൂചന. ബി.ജെ.പിക്ക് സ്വാധീനമുള്ള സംസ്ഥാനങ്ങളിൽ വൻതോതിൽ സീറ്റുകൾ കൂടും. എന്നാൽ കാര്യമായ സ്വാധീനമില്ലാത്ത കേരളം തുടങ്ങിയ സംസ്ഥാനങ്ങളിൽ മണ്ഡലങ്ങളുടെ എണ്ണം കാര്യമായി കൂടില്ലെന്നാണ് സൂചന. 25ലക്ഷം പേർക്ക് ഒരു എം.പി എന്ന നിലയിൽ മാറ്റം വരുത്താനാണ് സാദ്ധ്യത. എന്നാൽ സെൻസസ് പൂർത്തീകരിക്കാത്തത് വലിയ വെല്ലുവിളിയാണ്. 2029ലെ പൊതുതിരഞ്ഞെടുപ്പ് പുനർനിർണയിച്ച മണ്ഡലാടിസ്ഥാനത്തിലാവുമെന്നാണ് കരുതുന്നത്.
ലോകത്തെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യമായ ഇന്ത്യ അംഗബലത്തിൽ ഏറ്റവും വലിയ പാർലമെന്റുള്ള മൂന്ന് രാജ്യങ്ങളിലൊന്നായി മാറാനാണ് ഒരുങ്ങുന്നതെന്നാണ് ഡൽഹിയിലെ രാഷ്ട്രീയ വൃത്തങ്ങൾ പറയുന്നത്. നിലവിൽ 793 അംഗങ്ങളുമായി അഞ്ചാം സ്ഥാനത്താണ് ഇന്ത്യ. ലോകസഭയിൽ 552, രാജ്യസഭയിൽ 250 എന്നിങ്ങനെയാണ് നിലവിലെ സംഖ്യ. ലോകസഭയിലെ 552 സീറ്റുകളിൽ 543ലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇന്ത്യയുടെ പുതിയ പാർലമെന്റ് മന്ദിരത്തിൽ ഇരുസഭകളിലുമായി 1272 സീറ്റുകളാണുള്ളത്.
ഇന്ത്യയേക്കാൾ വലിയ പാർലമെന്റുകളുള്ള രാജ്യങ്ങളുടെ കണക്ക് ഇങ്ങനെയാണ്- ചൈനയിൽ 2,987, ബ്രിട്ടണിൽ 1,435, ഇറ്റലിയിൽ 951, ഫ്രാൻസിൽ 925. ഇന്ത്യയിൽ ജനസംഖ്യാനുപാതികമായാണ് പാർലമെന്റംഗങ്ങളെ നിശ്ചയിക്കുന്നത്. ജനസംഖ്യ വർദ്ധിക്കുന്നതിന് ആനുപാതികമായി പാർലമെന്റംഗങ്ങളും വർദ്ധിക്കും. പാർലമെന്റംഗങ്ങളുടെ എണ്ണം കൂടുമെന്ന് പുതിയ പാർലമെന്റ് ഉദ്ഘാടനത്തിൽ പ്രധാനമന്ത്രി മോഡി പറഞ്ഞിരുന്നു.
ഈ ലക്ഷ്യവുമായാണ് പുതിയ പാർലമെന്റിൽ ലോക്സഭയിൽ 888 സീറ്റും രാജ്യസഭയിൽ 384 സീറ്റും ഒരുക്കിയിരിക്കുന്നത്. ജനസംഖ്യാ വർദ്ധനവിന്റെ അടിസ്ഥാനത്തിൽ രാജ്യത്ത് 2002ൽ മണ്ഡല പുനർനിർണയം നടത്തേണ്ടതായിരുന്നു. അത് 84ാം ഭരണഘടനാ ഭേദഗതിയിലൂടെ മരവിപ്പിച്ചിരിക്കയാണ്. അതനുസരിച്ച് 2026ന് ശേഷം നടത്തുന്ന സെൻസസിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മണ്ഡല പുനർനിർണയം നടത്തേണ്ടത്. 2021ൽ നടത്തേണ്ടിയിരുന്ന സെൻസസിന്റെ നടപടികൾ പൂർത്തിയായ ശേഷമാവും ഇനി മണ്ഡല പുനർനിർണയം.
ജനസംഖ്യാനുപാതികമായി പാർലമെന്റംഗങ്ങളുടെ എണ്ണം നിശ്ചയിക്കുക എന്ന മാനദണ്ഡം നിലവിൽ എല്ലാ സംസ്ഥാനങ്ങൾക്കും ഒരുപോലെയാണ്. എന്നാൽ ഇതിന് ഒരു ന്യൂനതയുണ്ടെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. ജനസംഖ്യാ വർദ്ധന എല്ലാ സംസ്ഥാനങ്ങളിലും ഒരുപോലെയല്ല. വർദ്ധന കുറവുള്ള സംസ്ഥാനങ്ങൾക്ക് നിലവിലുള്ള പാർലമെന്റംഗങ്ങളുടെ എണ്ണം കുറയാം.
കേരളത്തിൽ ജനസംഖ്യാ വളർച്ചാനിരക്ക് കുറവായതിനാൽ സീറ്റുകൾ കാര്യമായി വർദ്ധിച്ചേക്കില്ല. എന്നാൽ നിലവിലെ 20 സീറ്റുകൾ കുറയാനിടയില്ല. 1951 -52ലെ ആദ്യ തിരഞ്ഞെടുപ്പിൽ ആദ്യ ലോക്‌സഭ 489സീറ്റുമായി നിലവിൽ വന്നു. പിന്നീട് മണ്ഡലം പുനർനിർണയങ്ങളിലാണ് നിലവിൽ 543 സീറ്റായത്. 1952, 1963, 1973, 2002 വർഷങ്ങളിലാണ് മണ്ഡലം പുനർനിർണയ കമ്മിഷനുകളെ നിയമിച്ചത്. മണ്ഡല പുനർനിർണയത്തിനായി പുതിയ കമ്മിഷനെ കേന്ദ്രം നിയോഗിക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us