ലക്നൗ: ഉത്തര്‍പ്രദേശില്‍ ശീതളപാനീയത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്കി യുവതിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. ഹോട്ടലില്‍ വച്ചായിരുന്നു ആക്രമണം. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായും ജിം ഉടമ അടക്കം രണ്ടു പ്രതികളെ അറസ്റ്റ് ചെയ്തതായും പൊലീസ് അറിയിച്ചു.
മീററ്റ് ജില്ലയില്‍ റോത്ത മേഖലയിലാണ് സംഭവം. മൂന്നാമത്തെ പ്രതിക്ക് വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്. ശീതളപാനീയത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കിയാണ് യുവതിയെ പീഡിപ്പിച്ചതെന്ന് പൊലീസ് പറയുന്നു.
ജിം ഉടമയുടെ അച്ഛനാണ് ഹോട്ടല്‍ നടത്തുന്നത്. ഹോട്ടലിന്റെ ഒന്നാമത്തെ നിലയിലാണ് ഉജ്ജ്വലിന്റെ ജിം പ്രവര്‍ത്തിക്കുന്നത്.
വെള്ളിയാഴ്ച വൈകീട്ട് പ്രതികള്‍ മൂന്ന് പേര് ചേര്‍ന്ന് ഒരു യുവതിയെ ഹോട്ടലിലേക്ക് വിളിച്ചു കൊണ്ടുവന്നു. ഹോട്ടലില്‍ യുവതിക്ക് കുടിക്കാന്‍ കൊടുത്ത ശീതള പാനീയത്തിലാണ് മയക്കുമരുന്ന് കലര്‍ത്തി നല്‍കിയതെന്ന് പൊലീസ് പറയുന്നു.
തുടര്‍ന്ന് പീഡനത്തിന് ഇരയാക്കുകയായിരുന്നു. ബോധം തിരിച്ചുകിട്ടിയ യുവതി സംഭവത്തെ കുറിച്ച് ബന്ധുക്കളെ വിളിച്ചറിയിച്ചതോടെയാണ് പൊലീസ് വിവരം അറിയുന്നത്.