കേരളം

കല്ലുവാതുക്കല്‍ മദ്യദുരന്തം: മണിച്ചന്റെ സഹോദരന്മാര്‍ക്ക് ഉടന്‍ ജാമ്യം അനുവദിക്കണമെന്ന് സുപ്രീംകോടതി

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Wednesday, September 22, 2021

ന്യൂഡല്‍ഹി: കല്ലുവാതുക്കൽ മദ്യ ദുരന്ത കേസിൽ മണിച്ചന്റെ സഹോദരന്മാരെ ജാമ്യത്തിൽ വിടാൻ സുപ്രിംകോടതി ഉത്തരവ്. 48 മണിക്കൂറിനകം കൊച്ചനി എന്ന മണികണ്ഠൻ, വിനോദ് കുമാർ എന്നിവരെ മോചിപ്പിക്കണമെന്നാണ് സുപ്രിംകോടതിയുടെ നിർദേശം. നടപടി ജയിൽ ഉപദേശക സമിതിയുടെ റിപ്പോർട്ടിൽ സംസ്ഥാന സർക്കാർ തീരുമാനമെടുക്കാത്തതിനാൽ. ഇരുവരുടെയും ഭാര്യമാർ സമർപ്പിച്ച ഹർജിയിലാണ് സുപ്രിംകോടതിയുടെ ഉത്തരവ്.

മണിച്ചന്റെ രണ്ട് സഹോദരന്മാരുടെ ശിക്ഷ കാലാവധി പൂര്‍ത്തിയാകുന്നതിന് മുമ്പ് മോചിപ്പിക്കുന്നതിനുള്ള ഉത്തരവിറക്കാന്‍ രണ്ട് ആഴ്ച്ച മുമ്പ് സംസ്ഥാന സര്‍ക്കാരിനോട് സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. റിട്ടയേര്‍ഡ് ജസ്റ്റിസ് കെ.കെ. ദിനേശന്‍ ചെയര്‍മാനായ സംസ്ഥാനതല ജയില്‍ ഉപദേശകസമിതിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് സുപ്രീം കോടതി നിര്‍ദേശം നല്‍കിയിരുന്നത്. എന്നാല്‍ രണ്ടാഴ്ച കഴിഞ്ഞിട്ടും ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിരുന്നില്ല.

ഉത്തരവിറക്കുന്നതിന് കൂടുതല്‍ സമയം വേണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഇന്ന് സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇരുവരും 20 വര്‍ഷത്തിലധികമായി കസ്റ്റഡിയിലാണെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. 2000 ഒക്റ്റോബർ 21നാണ് കല്ലുവാതുക്കൽ മദ്യ ദുരന്തം സംഭവിക്കുന്നത്.

×