ത്രിദിന യുഎസ് സന്ദര്‍ശനം കഴിഞ്ഞു മടങ്ങിയെത്തിയ പ്രധാനമന്ത്രിക്ക് വമ്പന്‍ സ്വീകരണമൊരുക്കി ബിജെപി

New Update

publive-image

Advertisment

ന്യൂഡല്‍ഹി: ത്രിദിന യുഎസ് സന്ദര്‍ശനം കഴിഞ്ഞു മടങ്ങിയെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സ്വീകരണമൊരുക്കി ബിജെപി. ഡല്‍ഹി വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയെ വാദ്യമേളങ്ങളോടെയാണു ബിജെപി നേതാക്കള്‍ സ്വീകരിച്ചത്. ബിജെപി അധ്യക്ഷന്‍ ജെ.പി.നഡ്ഡ, ജനറല്‍ സെക്രട്ടറിമാരായ അരുണ്‍ സിങ്, തരുണ്‍ ചുഗ്, മുന്‍ കേന്ദ്രമന്ത്രി ഹര്‍ഷ് വര്‍ധന്‍ തുടങ്ങിയവര്‍ വിമാനത്താവളത്തിലെത്തി.

നേതാക്കള്‍ മോദിയെ വലിയ ഹാരം അണിയിച്ചു. മോദിയുടെ കീഴിലെ ഇന്ത്യയെ ലോകം വ്യത്യസ്തമായാണു കാണുന്നതെന്ന് യുഎസ് സന്ദര്‍ശനത്തിലൂടെ വ്യക്തമായതായി നഡ്ഡ പറഞ്ഞു. മോദി രാജ്യാന്തര തലത്തില്‍ ഇന്ത്യയെ നേതൃനിരയിലെത്തിച്ചു.

ഇന്ത്യയിലെ ജനങ്ങള്‍ക്കു വേണ്ടി അദ്ദേഹത്തെ സ്വാഗതം ചെയ്യുകയാണ്. മോദി യുഎന്നില്‍ നടത്തിയ പ്രസംഗം രാജ്യത്തിന് അഭിമാനമേകുന്നതാണെന്നും, യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായുള്ള അദ്ദേഹത്തിന്റെ സൗഹൃദം പുതിയ കാര്യമല്ല. പഴയ അടുപ്പം അവര്‍ പങ്കുവച്ചു. ഭീകരവാദം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ ചര്‍ച്ചകളിലൂടെ പ്രധാനമന്ത്രി രാജ്യത്തെ ലോക നേതൃത്വത്തിലെത്തിച്ചതായും നഡ്ഡ പറഞ്ഞു. പ്രധാനമന്ത്രിയുടെ യുഎസ് സന്ദര്‍ശനം വലിയ വിജയമാണെന്ന് വിദേശകാര്യ സെക്രട്ടറി ഹര്‍ഷ് വര്‍ധന്‍ ശ്രിങ്‌ലയും പ്രതികരിച്ചു.

യുഎന്‍ പൊതുസഭയിലും ക്വാഡ് ഉച്ചകോടിയിലും പ്രസംഗിച്ച ശേഷമാണു പ്രധാനമന്ത്രി ഇന്ത്യയിലേക്കു മടങ്ങിയത്. ബൈഡന്‍ അധികാരമേറ്റ ശേഷം ആദ്യമായാണ് മോദി അദ്ദേഹവുമായി നേരിട്ടു ചര്‍ച്ച നടത്തുന്നത്. യുഎസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസുമായും യുഎസ് കമ്പനികളുടെ തലവന്‍മാരുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി. പിന്നീട് ന്യൂയോര്‍ക്കില്‍ യുഎന്‍ പൊതുസഭയിലും അദ്ദേഹം സംസാരിച്ചു.

Advertisment