'എക്‌സ്‌ഗ്രേഷ്യ' ഒറ്റത്തവണ നഷ്ടപരിഹാരം നല്‍കുന്ന നിയമം പരിഷ്‌കരിച്ച്‌ കേന്ദ്രസര്‍ക്കാര്‍; ജീവനക്കാര്‍ അറിയാന്‍

New Update

publive-image

Advertisment

ന്യൂഡല്‍ഹി: ജോലിക്കിടെ മരിക്കുന്ന കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ കുടുംബത്തിന് എക്‌സ്‌ഗ്രേഷ്യ ഒറ്റത്തവണ നഷ്ടപരിഹാരം നല്‍കുന്നതിനുള്ള നിയമങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പരിഷ്‌കരിച്ചു. വിരമിക്കുന്നതിന് മുമ്പ് മരിക്കുന്ന ജീവനക്കാരുടെ കുടുംബങ്ങള്‍ക്ക് എക്‌സ് ഗ്രേഷ്യ ഒറ്റത്തവണ നഷ്ടപരിഹാരം നല്‍കാന്‍ അര്‍ഹതയുണ്ടായിരിക്കുന്നതാണ്. ഈ തുക കാലാകാലങ്ങളില്‍ പുതുക്കിയിട്ടുണ്ട്.

സര്‍വീസിലിരിക്കെ ജീവനക്കാരന്‍ നാമനിര്‍ദ്ദേശം ചെയ്യുന്നത് പ്രകാരം കുടുംബാംഗങ്ങള്‍ക്കോ, ഒരു അംഗത്തിനോ ഒറ്റത്തവണ തുക നല്‍കാനാണ് ഇപ്പോള്‍ ധനമന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്.

''ഒരു സര്‍ക്കാര്‍ ജീവനക്കാരന്റെ മരണശേഷം ഡെത്ത് ഗ്രാറ്റുവിറ്റി, ജിപിഎഫ് ബാലന്‍സ്, സിജിഇജിഐഎസ് തുക എന്നിങ്ങനെയുള്ള മൊത്തം തുകകള്‍ ജീവനക്കാര്‍ സേവനസമയത്ത് നടത്തിയ നാമനിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി നല്‍കുന്നു. അതനുസരിച്ച്, ഒരു സര്‍ക്കാര്‍ ജീവനക്കാരന്‍ സര്‍വീസിനിടെ (bona fide duty) മരണമടഞ്ഞാല്‍, ജീവനക്കാരന്‍ നേരത്തെ നാമനിര്‍ദ്ദേശം ചെയ്തത് പ്രകാരമുള്ള കുടുംബാംഗങ്ങള്‍ക്കോ അല്ലെങ്കില്‍ ഒരു അംഗത്തിനോ എക്‌സ് ഗ്രേഷ്യ ഒറ്റത്തവണ നഷ്ടപരിഹാരം നല്‍കാന്‍ തീരുമാനിച്ചു'', പെന്‍ഷന്‍ ആന്‍ഡ് പെന്‍ഷനേഴ്‌സ് വെല്‍ഫെയര്‍ വകുപ്പ് (DoPPW) സെപ്റ്റംബര്‍ 30-ന് ഇറക്കിയ ഓഫീസ് മെമ്മോറാണ്ടത്തില്‍ (OM) വ്യക്തമാക്കി.

എക്‌സ്‌ഗ്രേഷ്യ ഒറ്റത്തവണ പേയ്‌മെന്റുമായി ബന്ധപ്പെട്ട് നാമനിര്‍ദ്ദേശം ഉള്‍പ്പെടുത്തുന്നതിനായി, സിസിഎസ് (പെന്‍ഷന്‍) നിയമങ്ങള്‍, 1972-ലെ ഫോം ഒന്നിലുള്ള 'കോമണ്‍ നോമിനേഷന്‍ ഫോം' സര്‍ക്കാര്‍ ഭേദഗതി ചെയ്തിട്ടുണ്ട്.

നാമനിര്‍ദ്ദേശം ചെയ്തില്ലെങ്കില്‍?

ജീവനക്കാരന്‍ ആരെയും നാമനിര്‍ദ്ദേശം ചെയ്തിട്ടില്ലെങ്കിലും അല്ലെങ്കില്‍ ജീവനക്കാരന്‍ ചെയ്ത നാമനിര്‍ദ്ദേശം നിലനില്‍ക്കുന്നില്ലെങ്കിലും സിസിഎസ് (പെന്‍ഷന്‍) നിയമങ്ങളുടെ ചട്ടം 51 അനുസരിച്ച്, ഗ്രാറ്റുവിറ്റിയുടെ കാര്യത്തിലെന്നപോലെ, അര്‍ഹരായ എല്ലാ കുടുംബാംഗങ്ങള്‍ക്കും എക്‌സ് ഗ്രേഷ്യ ഒറ്റത്തവണ നഷ്ടപരിഹാര തുക തുല്യമായി പങ്കിടുമെന്ന് DoPPW വ്യക്തമാക്കി.

കുടുംബാംഗങ്ങള്‍ അല്ലാത്തവരെ നാമനിര്‍ദ്ദേശം ചെയ്യാമോ?

കുടുംബാംഗങ്ങള്‍ അല്ലാത്തവരെ ജീവനക്കാരന് നാമനിര്‍ദ്ദേശം ചെയ്യാനാകില്ലെന്നും DoPPW അറിയിച്ചു.

'' 1972-ലെ സിസിഎസ് ( പെന്‍ഷന്‍) നിയമത്തിലെ റൂള്‍ 53 പ്രകാരമുള്ള ഗ്രാറ്റുവിറ്റിയുടെ കാര്യത്തില്‍ ബാധകമായ വ്യവസ്ഥകള്‍ എക്‌സ് ഗ്രേഷ്യ മൊത്ത തുകയ്ക്കുള്ള നാമനിര്‍ദ്ദേശത്തിനും ബാധകമാണ്. എക്‌സ് ഗ്രേഷ്യ ഒറ്റത്തവണ പേയ്‌മെന്റ് കുടുംബാംഗങ്ങള്‍ക്ക് മാത്രമേ നല്‍കാവൂ എന്നതിനാല്‍, ജീവനക്കാരന് കുടുംബാംഗങ്ങള്‍ അല്ലാത്ത വ്യക്തികളെ നാമനിര്‍ദ്ദേശം ചെയ്യാന്‍ സാധിക്കില്ല'', ഓഫീസ് മെമ്മോറാണ്ടത്തില്‍ വ്യക്തമാക്കി.

എന്തുകൊണ്ട് പുതിയ നിയമം

ഒരു സര്‍ക്കാര്‍ ജീവനക്കാരന്റെ മരണശേഷം, ഡെത്ത് ഗ്രാറ്റുവിറ്റി, ജിപിഎഫ് ബാലന്‍സ്, സിജിഇജിഐഎസ് തുക എന്നിങ്ങനെയുള്ള ഒറ്റത്തവണ തുകകള്‍ ജീവനക്കാരന്‍ സേവനസമയത്ത് നടത്തിയ നാമനിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി നല്‍കുന്നു. എന്നാല്‍, നിലവിലുള്ള നിയമങ്ങള്‍ കുടുംബാംഗങ്ങള്‍ക്ക് അത്തരം തുകകള്‍ നല്‍കേണ്ടതാണെന്ന് വ്യക്തമാക്കുന്നില്ല. ഇതുവരെ ഈ പേയ്‌മെന്റ് 1939-ലെ സിസിഎസ് (അസാധാരണ പെന്‍ഷന്‍) നിയമങ്ങള്‍ പ്രകാരം 'എക്‌സ്ട്രാഓര്‍ഡിനറി ഫാമിലി പെന്‍ഷന്' അര്‍ഹതയുള്ള കുടുംബാംഗത്തിന് നല്‍കിയിട്ടുണ്ട്.

കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ശമ്പളം ഏഴാം ശമ്പള കമ്മീഷന്‍ ശുപാര്‍ശകള്‍ അനുസരിച്ചാണ് നല്‍കുന്നത്.

Advertisment