മുംബൈ: ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടിക്കിടെ നര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ കസ്റ്റഡിയിലെടുത്ത ആര്യന്‍ ഖാന്‍റെ അറസ്റ്റ് രേഖപ്പെടുത്തി. ആര്യന്‍ ഖാന്റെ അടുത്ത സുഹൃത്തായ അര്‍ബാസ് മര്‍ച്ചന്റ്, നടിയും മോഡലുമായ മുന്‍മുന്‍ ധമേച്ച എന്നിവരുടെ അറസ്റ്റും സ്ഥിരീകരിച്ചു.
ഇവര്‍ക്ക് പുറമേ നുപുര്‍ സരിഗ, ഇസ്മീത്ത് സിങ്, മൊഹക് ജസ്വാല്‍, വിക്രാന്ത് ഛോക്കര്‍, ഗോമിത് ചോപ്ര എന്നിവരെ കേസുമായി ബന്ധപ്പെട്ട് ചോദ്യംചെയ്തിരുന്നു. എന്നാല്‍ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയോ എന്നകാര്യത്തില്‍ സ്ഥിരീകരണമില്ല.
മുംബൈ തീരത്തെ പാർട്ടിക്കിടയിലാണ് സംഘത്തെ കസ്റ്റഡിയിൽ എടുത്തത്. കപ്പലിൽനിന്ന് കൊക്കെയ്ൻ, ഹഷീഷ്, എംഡിഎംഎ ഉൾപ്പെടെ നിരവധി നിരോധിത ലഹരിമരുന്നുകൾ പിടിച്ചെടുത്തെന്ന് എൻസിബി അറിയിച്ചു. രണ്ടാഴ്ച മുൻപ് ഉദ്ഘാടനം ചെയ്ത കോർഡില ക്രൂസ് എന്ന ആഡംബര കപ്പലിലാണ് എൻസിബി പരിശോധന നടത്തിയത്.
കപ്പലില്‍ ലഹരി പാര്‍ട്ടി നടക്കുന്നതിനിടെ യാത്രക്കാരെന്ന വ്യാജേന കപ്പലില്‍ കയറിയ എന്‍.സി.ബി. ഉദ്യോഗസ്ഥര്‍ പ്രതികളെ കൈയോടെ പിടികൂടുകയായിരുന്നു. 'ക്രേ ആര്‍ക്ക്' എന്ന പേരില്‍ ഫാഷന്‍ ടിവി ഇന്ത്യയാണ് കപ്പലിലെ പരിപാടി സംഘടിപ്പിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് മുംബൈയില്‍ നിന്നും യാത്രതിരിച്ച കപ്പല്‍ കടലില്‍ ചെലവഴിച്ച ശേഷം ഓക്ടോബര്‍ 4-ന് രാവിലെ 10 മണിയോടെ തിരിച്ചെത്താനാണ് നിശ്ചയിച്ചിരുന്നത്.
സംഗീത പരിപാടി എന്ന നിലയിലാണ് സംഘടിപ്പിച്ചത്. നൂറോളം ടിക്കറ്റ് വിറ്റുപോയി. മുംബൈ തീരത്തുനിന്ന് നടുക്കടലിൽ എത്തിയപ്പോഴാണ് പാർട്ടി ആരംഭിച്ചത്. തുടർന്ന് കപ്പലിൽ ഉണ്ടായിരുന്ന എൻസിബി ഉദ്യോഗസ്ഥർ പാർട്ടിക്കിടെ പരസ്യമായി ലഹരിമരുന്ന് ഉപയോഗിച്ചവരെ അറസ്റ്റു ചെയ്തു. 7 മണിക്കൂറോളമാണ് പരിശോധന നീണ്ടത്. നിരവധി മുറികൾ പരിശോധിച്ചെങ്കിലുും ഇനിയും കൂടുതൽ പരിശോധന നടത്താനുണ്ടെന്നാണു വിവരം.
കോര്‍ഡില ക്രൂസ് ഈ ആഢംബര കപ്പല്‍ ഉദ്ഘാടനം ചെയ്തിട്ട് അധികകാലം ആയിട്ടില്ല. കടലിലൂടെയാണ് സഞ്ചാരം എന്നതാണ് ലഹരിമരുന്ന് പാര്‍ട്ടികളുടെ സുരക്ഷിതയിടമായി ഇത് മാറിയത് എന്നാണ് അന്വേഷകര്‍ പറയുന്നത്. ഇത്തരം കടല്‍ മധ്യത്തിലെ ലഹരിപാര്‍ട്ടികളില്‍ ഒരാളുടെ ടിക്കറ്റ് വില 80,000 രൂപയോളമാണ് എന്നാണ് എന്‍സിബി വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. വാട്ട്സ്ആപ്പ് ഗ്രൂപ്പുകള്‍ വഴിയാണ് സംഘാടനം.
അതേസമയം, ഇവര്‍ക്ക് ലഹരി എത്തിച്ചു നല്‍കിയ സംഘത്തെക്കുറിച്ച് സൂചന ലഭിച്ചതായി എന്‍സിബി വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്. കസ്റ്റഡിയില്‍ ഉള്ളവരില്‍ നിന്നു തന്നെയാണ് വിവരങ്ങള്‍ ലഭിച്ചതെന്നും കസ്റ്റഡിയില്‍ ഉള്ളവര്‍ക്കെതിരെ തെളിവുകളുണ്ടെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
അതിനിടെ. മകന്റെ അറസ്റ്റ് സ്ഥിരീകരിച്ചതിന് പിന്നാലെ ഷാരൂഖ് ഖാനും ഗൗരി ഖാനും അഭിഭാഷകനുമായി ചര്‍ച്ച നടത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. ആര്യന്‍ അറസ്റ്റിലായെന്ന വിവരം സ്ഥിരീകരിച്ചതോടെ ഗൗരി ഖാന്‍ സ്വവസതിയില്‍നിന്ന് കോടതിയിലേക്ക് പോകുന്ന ദൃശ്യങ്ങളും പുറത്തുവന്നു.