ലംഖിപുര്‍ ഖേരി അക്രമം; കേന്ദ്ര മന്ത്രിയുടെ മകനെതിരെ കേസ്;14 പ്രതികള്‍, മരണം ഒന്‍പതായി

New Update

publive-image

ലഖ്‌നൗ: ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ലഖിംപുര്‍ ഖേരിയില്‍ സമരം ചെയ്ത കര്‍ഷകര്‍ക്ക് നേരെ കേന്ദ്രമന്ത്രിയുടെ വാഹനവ്യൂഹം പാഞ്ഞുകയറി കര്‍ഷകരടക്കമുള്ളവര്‍ മരിച്ച സംഭവത്തില്‍ കേന്ദ്ര മന്ത്രിയുടെ മകനെതിരെ കേസ്. കേന്ദ്ര ആഭ്യന്തര സഹ മന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രക്കെതിരെ കൊലപാതക കുറ്റത്തിനാണ് കേസ് എടുത്തിരിക്കുന്നത്.

Advertisment

14 പേരാണ് കേസില്‍ പ്രതികള്‍. ഇവര്‍ക്കെതിരെ കൊലപാതകം, ക്രിമിനല്‍ ഗൂഢാലോചന, കലാപമുണ്ടാക്കല്‍ എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.അതിനിടെ സംഘര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം ഒന്‍പതായി. സംഘര്‍ഷത്തിനിടെ പരിക്കേറ്റ് ചികിത്സയിലായിരുന്ന മാധ്യമ പ്രവര്‍ത്തകനാണ് മരിച്ചത്. നേരത്തെ നാല് കര്‍ഷകരടക്കം എട്ട് പേരായിരുന്നു മരിച്ചത്.

കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെയും ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി കേശവ് മൗര്യയുടെയും സന്ദര്‍ശനത്തിനെതിരെ ഉത്തര്‍പ്രദേശിലെ ലഖിംപുര്‍ ഖേരിയില്‍ കര്‍ഷകര്‍ നടത്തിയ പ്രതിഷേധത്തിനിടെയുണ്ടായ സംഘര്‍ഷത്തിനിടെയാണ് അപകടം. പ്രതിഷേധക്കാരിക്കിടയിലേക്ക് മന്ത്രിയുടെ വാഹന വ്യൂഹം പാഞ്ഞുകയറിയാണ് നാല് കര്‍ഷകര്‍ മരിച്ചത്. പിന്നാലെ കര്‍ഷകര്‍ വാഹനങ്ങള്‍ അഗ്നിക്കിരയാക്കിയിരുന്നു. അതിനിടെയിലും നാല് പേര്‍ മരിച്ചതോടെ ആകെ മരണം എട്ടായി ഉയര്‍ന്നു.

നാല് കര്‍ഷകര്‍ ഉള്‍പ്പെടെ എട്ട് പേര്‍ മരിച്ചതായി അഡീഷനല്‍ പൊലീസ് സൂപ്രണ്ട് അരുണ്‍ കുമാര്‍ സിങ് സ്ഥിരീകരിച്ചു. അജയ് മിശ്രയുടെ മകന്റെ വാഹനമാണ് ഇടിച്ചതെന്ന് കര്‍ഷക സംഘടനകള്‍ ആരോപണമുന്നയിച്ചു. അപകടത്തില്‍ എട്ട് പേര്‍ക്ക് പരിക്കേറ്റതായി കര്‍ഷക സംഘടനകള്‍ വ്യക്തമാക്കി.

കേശവ് പ്രസാദ് മൗര്യയും അജയ്കുമാര്‍ മിശ്രയും പങ്കെടുക്കുന്ന പരിപാടി ഞായറാഴ്ച ലഖിംപുരിലെ ബന്‍വീറില്‍ നിശ്ചയിച്ചിരുന്നു. പരിപാടിയില്‍ പങ്കെടുക്കാനായി ഇരുവരും ലഖിംപുരിലെ മഹാരാജ അഗ്രസന്‍ സ്‌പോര്‍ട്‌സ് ഗ്രൗണ്ട് ഹെലിപാഡില്‍ ഇറങ്ങുന്നുവെന്ന് അറിഞ്ഞ കര്‍ഷകര്‍, ഹെലിപാഡ് ഉപരോധിക്കാനായി കരിങ്കൊടിയേന്തി അവിടെയെത്തി. ഇതിനിടെയാണ് സംഘര്‍ഷമുണ്ടായത്.

Advertisment