ദേശീയം

ബിറ്റ്‌കോയിന്‍ ടിക്ക, എത്തീരിയം ബട്ടര്‍ ചിക്കന്‍ എന്നിങ്ങനെ വിവിധ വിഭവങ്ങള്‍, ക്രിപ്‌റ്റോ ‘പരീക്ഷണ’വുമായി ഒരു റെസ്റ്റോറന്റ്; ബിറ്റ്‌കോയിന്‍ വഴി പണവുമടയ്ക്കാം

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Wednesday, October 6, 2021

ക്രിപ്‌റ്റോ’ പ്രേമികള്‍, അതിനെക്കുറിച്ച് കൂടുതല്‍ മനസിലാക്കാന്‍ ശ്രമിക്കുന്നവര്‍ എന്നിവരിലൂടെ ക്രിപ്‌റ്റോകറന്‍സികള്‍ ക്രമേണ ആളുകളുടെ ദൈനംദിന ജീവിതത്തില്‍ വ്യാപിക്കുകയാണ്. ഇത്തരത്തില്‍ ക്രിപ്‌റ്റോയുമായി ബന്ധപ്പെട്ട പേരുകളുള്ള ‘ഡിജിറ്റല്‍ താലി’ പുറത്തിറക്കി ശ്രദ്ധ നേടുകയാണ് ഡല്‍ഹിയിലെ ആര്‍ഡോര്‍ 2.1 എന്ന റെസ്‌റ്റോറന്റ്. മാത്രമല്ല, ഉപഭോക്താക്കള്‍ക്ക് ബിറ്റ്‌കോയിനില്‍ പണമടയ്ക്കാനും ഇവിടെ അവസരമുണ്ട്.

”ക്രിപ്‌റ്റോ ഒരു മുഖ്യധാര വിഷയമായി മാറുകയാണ്. അതുകൊണ്ട്, ഇതുമായി ബന്ധപ്പെട്ട ഞങ്ങളുടേതായ രീതിയില്‍ ഒരു പരീക്ഷണം നടത്താനും, അത് എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് മനസിലാക്കാനും ഞങ്ങള്‍ ആഗ്രഹിച്ചു. ക്രിപ്‌റ്റോ വഴിയുള്ള പേയ്‌മെന്റിന് ഞങ്ങള്‍ 20 ശതമാനം ഇളവ് നല്‍കുന്നു. അതേസമയം, ഉപഭോക്താക്കള്‍ക്ക് നേരിട്ടും, കാര്‍ഡ്, പേടിഎം എന്നിവ വഴിയും ഇളവുകളില്ലാതെ പണമടയ്ക്കാം. ബിറ്റ്‌കോയിന്‍ ടിക്ക, സോളാന ചോലേ ബട്ടൂരെ, പോളിഗോണ്‍ പിറ്റ ബ്രെഡ് ഫലാഫല്‍, എത്തീരിയം ബട്ടര്‍ ചിക്കന്‍ തുടങ്ങിയ വിഭവങ്ങളാണുള്ളത്”, റെസ്റ്റോറന്റ് ഉടമയായ സുവീത് കല്‍റ പറഞ്ഞു.

1,999 രൂപയാണ് താലിയുടെ വില. തികച്ചും ഡിജിറ്റല്‍ പ്രക്രിയയിലൂടെയാണ് ഓര്‍ഡര്‍ നല്‍കുന്നത്. വീഡിയോ പ്ലേ ചെയ്യുന്ന ഒരു ലൈറ്റ് ബോര്‍ഡാണ് മെനു. ഭക്ഷണ സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യാനും, പരിശോധിക്കാനും ക്യുആര്‍ കോഡുണ്ട്. അതുകൊണ്ട് തന്നെ മനുഷ്യ ഇടപെടലുകള്‍ ഇതിലില്ല. ഇത് ഒരു രസകരമായ പരീക്ഷണമാണെന്നും കല്‍റ ചൂണ്ടിക്കാട്ടി.

എന്നാല്‍, നൂറിലധികം ഡിജിറ്റല്‍ താലി വിറ്റഴിച്ചിട്ടും, ക്രിപ്‌റ്റോ തിരഞ്ഞെടുത്ത് ഒരാള്‍ പോലും ഇവിടെ വന്നിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

”ഞങ്ങളുടെ ബാലന്‍സ് ഷീറ്റില്‍ ക്രിപ്‌റ്റോകള്‍ കൈവശം വയ്ക്കാന്‍ കഴിയാത്തതിനാല്‍, ഏത് പേയ്‌മെന്റ് വന്നാലും അത് ഇന്ത്യന്‍ കറന്‍സിയിലേക്ക് മാറ്റപ്പെടും. ഇതു സംബന്ധിച്ചുള്ള നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങളിലേക്ക് പോകാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. ഞങ്ങള്‍ ക്രിപ്‌റ്റോകള്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്നില്ല. അവയില്‍ നിന്ന് ലാഭം നേടുന്നില്ല. അത് എങ്ങോട്ടാണ് പോകുന്നതെന്നും ഞങ്ങള്‍ക്ക് അറിയില്ല. മതിയായ പ്രതികരണമില്ലെങ്കില്‍ വരും ദിവസങ്ങളിലോ ആഴ്ചകളിലോ ഒരു ചിരിയിലൂടെ ഞങ്ങള്‍ അത് മറക്കും”, സുവീത് കല്‍റ വ്യക്തമാക്കി.

 

×