/sathyam/media/post_attachments/A8gzvyUUjENsgsjpsnLc.jpg)
ന്യൂഡൽഹി: എയർ ഇന്ത്യ കമ്പനി ടാറ്റ ഗ്രൂപ്പിന് കൈമാറുന്നതിനു കേന്ദ്ര സർക്കാരിന്റെ ഔദ്യോഗിക അംഗീകാരം. . 18,000 കോടി രൂപയ്ക്കാണ് വിമാനക്കമ്പനി ടാറ്റ ഗ്രൂപ്പിന് കൈമാറുന്നത്. ഡിസംബറിൽ ഏറ്റെടുക്കൽ പ്രക്രിയ പൂർത്തിയാകും. എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് എന്നിവയുടെ 100 ശതമാനം ഓഹരികളും എയർ ഇന്ത്യ എയർപോർട്ട് സർവീസസ് പ്രൈവറ്റ് ലിമിറ്റഡിന്റെ 50 ശതമാനം ഓഹരിയുമാണ് ടാറ്റ ഏറ്റെടുക്കുന്നത്.
സ്‌പൈസ് ജെറ്റായിരുന്നു ലേലത്തില്‍ ടാറ്റയുടെ പ്രധാന എതിരാളി. 15100 കോടി രൂപയായിരുന്നു സ്പൈസ് ജെറ്റ് ക്വോട്ട് ചെയ്ത തുക. 2020 ഡിസംബറിലാണ് നഷ്ടത്തില്‍ പറക്കുന്ന എയര്‍ ഇന്ത്യയുടെ ഓഹരികള്‍ വിറ്റഴിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. നാലു കമ്പനികളായിരുന്നു താത്പര്യം പ്രകടിപ്പിച്ച് മുന്നോട്ടുവന്നത്. അവസാന റൗണ്ടിലെത്തിയത് ടാറ്റ സണ്‍സും സ്‌പൈസ് ജെറ്റും മാത്രമായിരുന്നു.
സർക്കാർ എയർ ഇന്ത്യക്ക് നിശ്ചയിച്ച അടിസ്ഥാന വില 20000 കോടിക്കടുത്താണ്. ഇതിനേക്കാൾ 3000 കോടി അധികം ടാറ്റ ഗ്രൂപ്പ് വാഗ്ദാനം ചെയ്തതായി നേരത്തെ വാർത്ത വന്നിരുന്നു. എന്നാൽ ടാറ്റ വാഗ്ദാനം ചെയ്തത് 18000 കോടി രൂപയാണ്. ജീവനക്കാരെയും മറ്റുള്ളവരെയും വിശ്വാസത്തിൽ എടുത്താകും നടപടി പൂർത്തിയാക്കുകയെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. നടപ്പു സാമ്പത്തിക വർഷം തന്നെ കൈമാറ്റ നടപടി പൂർത്തിയാക്കാനാണ് കേന്ദ്രത്തിന്റെ ശ്രമം.
/sathyam/media/post_attachments/4Ec7Np3PGhOOHLK6MiFh.jpg)
'വീണ്ടും സ്വാഗതം, എയര്‍ ഇന്ത്യ'
എയര്‍ ഇന്ത്യയെ വീണ്ടും സ്വന്തമാക്കിയതിന്റെ സന്തോഷം പങ്കുവെച്ച് രത്തന്‍ ടാറ്റ. 68 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള എയര്‍ ഇന്ത്യാ വിമാനത്തില്‍ നിന്ന് പുറത്തുവരുന്ന ജെആര്‍ഡി ടാറ്റയുടെ ചിത്രം ട്വീറ്റ് ചെയ്ത് രത്തന്‍ ടാറ്റ കുറിച്ചു. 'വീണ്ടും സ്വാഗതം, എയര്‍ ഇന്ത്യ'.
എയര്‍ ഇന്ത്യക്കായി അവസാന റൗണ്ട് വരെ മത്സരിച്ച സ്‌പൈസ് ജെറ്റ് മാനേജിങ് ഡയറക്ടര്‍ അജയ് സിങ്ങും ടാറ്റയെ അഭിനന്ദിച്ച് രംഗത്തെത്തി. ടാറ്റ ഗ്രൂപ്പിന് എല്ലാ വിജയങ്ങളും നേരുന്നുവെന്നും ജീവിതകാലം മുഴുവന്‍ എയര്‍ ഇന്ത്യയുടെ ആരാധകനായിരിക്കുമെന്നും അജയ് സിങ്ങ് വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.