ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് കെ.വി.സുബ്രഹ്മണ്യൻ സ്ഥാനമൊഴിയുന്നു. മൂന്നു വർഷത്തെ കാലാവധി അവസാനിക്കാനിരിക്കെയാണു തീരുമാനമെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. അക്കാദമിക് മേഖലയിലേക്കു മടങ്ങുമെന്നു സുബ്രഹ്മണ്യൻ അറിയിച്ചു.
"രാഷ്ട്രത്തെ സേവിക്കാന്‍ കഴിഞ്ഞത് മഹത്തായ കാര്യമായി കരുതുന്നു. വലിയ പിന്തുണയും പ്രോത്സാഹനവുമാണ് എല്ലാവരില്‍ നിന്നുമുണ്ടായത്''- കെ.വി സുബ്രഹ്മണ്യൻ ട്വീറ്റ് ചെയ്തു. തനിക്ക് ഈ അവസരം തന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ധനമന്ത്രി നിര്‍മല സീതാരാമനും അദ്ദേഹം നന്ദി പറഞ്ഞു.
Its been a delight to work with @SubramanianKri. His academic brilliance, unique perspectives on key economic as well as policy matters and reformist zeal are noteworthy. Wishing him the very best for his coming endeavours. https://t.co/jZjrqWaJU7
— Narendra Modi (@narendramodi) October 8, 2021
''നോർത്ത് ബ്ലോക്കിലേക്ക് നടന്ന ഓരോ ദിവസവും, ഈ പദവിയെക്കുറിച്ച് ഞാൻ എന്നെത്തന്നെ ഓർമിപ്പിച്ചു. പദവിയോടൊപ്പം വരുന്ന ഉത്തരവാദിത്തത്തോടു നീതിപുലർത്താൻ പരമാവധി ശ്രമിക്കുകയും ചെയ്തു. സർക്കാരിൽനിന്ന് വളരെയധികം പ്രോത്സാഹനവും പിന്തുണയും ലഭിച്ചിട്ടുണ്ട്.
മുതിർന്ന ഉദ്യോഗസ്ഥരുമായി ആത്മാർഥമായ ബന്ധം ആസ്വദിക്കാൻ ഭാഗ്യമുണ്ടായി. മൂന്നു പതിറ്റാണ്ടിലേറെ നീണ്ട പ്രഫഷനൽ ജീവിതത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയേക്കാൾ പ്രചോദനം നൽകുന്ന ഒരു നേതാവിനെ ഇതുവരെ കണ്ടിട്ടില്ല’– സുബ്രഹ്മണ്യൻ ട്വിറ്ററിൽ കുറിച്ചു.
മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായിരുന്ന അരവിന്ദ് സുബ്രമണ്യന്‍ സ്ഥാനമൊഴിഞ്ഞതോടെയാണ് 2018 ഡിസംബറില്‍ ഐ.എസ്.ബി ഹൈദരാബാദിലെ പ്രൊഫസറായിരുന്ന കെ.വി സുബ്രമണ്യന്‍ സ്ഥാനമേല്‍ക്കുന്നത്.
സുബ്രഹ്മണ്യന് നന്ദിയറിയിച്ച് പ്രധാനമന്ത്രിയും ട്വീറ്റ് ചെയ്തു. ‘സുബ്രഹ്മണ്യനൊപ്പം പ്രവർത്തിക്കാൻ സാധിച്ചത് വളരെയധികം സന്തോഷകരമാണ്. അദ്ദേഹത്തിന്റെ അക്കാദമിക് വൈഭവം, പ്രധാന സാമ്പത്തിക, നയപരമായ കാര്യങ്ങളിലെ അതുല്യമായ കാഴ്ചപ്പാടുകൾ തുടങ്ങിയവ ശ്രദ്ധേയമാണ്. അദ്ദേഹം ഏറ്റെടുക്കാൻ പോകുന്ന എല്ലാ പരിശ്രമങ്ങൾക്കും ആശംസകൾ.’– മോദി പറഞ്ഞു.