/sathyam/media/post_attachments/66uGVIhMegz58isPp0EF.jpg)
ചെന്നൈ: പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പ്രണയബന്ധം എതിര്‍ത്തതിന്റെ പേരില്‍ 22-കാരിയായ കാമുകിയുടെ കഴുത്തറുത്ത ശേഷം യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. തമിഴ്നാട്ടിലെ മിഞ്ചൂരിലാണ് സംഭവം. മിഞ്ചൂരിലെ താരാമണിയിലെ കാമുകിയുടെ വീട്ടിലെത്തിയ അജിത്ത് എന്ന യുവാവാണ് പ്രണയിനിയെ കൊലചെയ്യാനും ആത്മഹത്യയ്ക്കും ശ്രമിച്ചത്.
ഇരുവരും ആശുപത്രിയില്‍ ചികിത്സയിലാണുള്ളത്. 22 കാരിയായ യുവതിയും അജിത്തും ഒരേ സ്ഥാപനത്തിലായിരുന്നു ജോലി ചെയ്തിരുന്നത്. മിഞ്ചൂരിലെ ഒരു മൊബൈല്‍ റീട്ടെയില്‍ ഷോപ് ജീവനക്കാരായിരുന്നു ഇരുവരും.
ഇവിടെ വച്ചാണ് ഇവര്‍ പരിചയപ്പെടുന്നതും തമ്മില്‍ അടുക്കുന്നതും. എന്നാല്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ഈ ബന്ധത്തെ എതിര്‍ക്കുകയും യുവതിയുടെ വിവാഹം മറ്റൊരാളുമായി നിശ്ചയിക്കുകയും ചെയ്യുകയായിരുന്നു. വിവരമറിഞ്ഞ് യുവതിയുടെ രക്ഷിതാക്കളോട് സംസാരിക്കാനെത്തിയതായിരുന്നു യുവാവ്. യുവതിയും അജിത്തും സംസാരിച്ച് തര്‍ക്കമായി.
ഇതിന് പിന്നാലെ യുവതിയുടെ നിലവിളി കേട്ട് മുറിയിലെത്തിയ വീട്ടുകാര്‍ കണ്ടത് രക്തത്തില്‍ കുളിച്ച് കിടക്കുന്ന മകളേയും കയ്യില്‍ കത്തിയുമായി നില്‍ക്കുന്ന അജിത്തിനേയുമായിരുന്നു. വീട്ടുകാരെത്തിയതോടെ അജിത് മറ്റൊരു മുറിയിലേക്ക് ഓടിക്കയറി വാതില്‍ അടയ്ക്കുകയായിരുന്നു. അവിടെ വച്ച് തൂങ്ങിമരിക്കാനും ശ്രമിച്ചു.
പെണ്‍കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റിയതിന് പിന്നാലെ വീട്ടുകാര്‍ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസ് എത്തിയ ശേഷമാണ് മുറി തുറന്ന് അജിത്തിനെ ആശുപത്രിയിലേക്ക് മാറ്റിയത്. പെണ്‍കുട്ടി വിവാഹാഭ്യര്‍ഥന നിരസിച്ചാല്‍ കൊലപ്പെടുത്താന്‍ ആസൂത്രണം ചെയ്താണ് പ്രതി കത്തിയുമായി വീട്ടിലെത്തിയതെന്ന് പോലീസ് പറഞ്ഞു. അജിതിനെതിരെ കൊലപാതക ശ്രമത്തിന് കേസ് എടുത്തിട്ടുണ്ട്. ആശുപത്രിയില്‍ നിന്ന് വിടുന്ന മുറയ്ക്ക് കേസില്‍ അജിത്തിനെ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് വ്യക്തമാക്കി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us