ലഖ്‌നൗ: ഉത്തർപ്രദേശിൽ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുത്ത യുവാവിനെ പൊലീസ് സ്റ്റേഷനിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. അൽതാഫ് (22) എന്ന യുവാവ് ആണ് മരിച്ചത്. ഒരു പെൺകുട്ടിയുമായി ഒളിച്ചോടിയെന്ന ആരോപണത്തിൽ ചോദ്യംചെയ്യാനാണ് തിങ്കളാഴ്ച അൽതാഫിനെ സദർ കോട്‌വാലി പൊലീസ് കസ്റ്റഡിയിലെടുത്തത്.
എന്നാല്‍ ചൊവ്വാഴ്ച ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സംഭവം ആത്മഹത്യയാണെന്നാണ് പൊലീസ് ഭാഷ്യം. എന്നാല്‍ കൊലപാതകമാണെന്ന് കുടുംബം ആരോപിച്ചു. സംഭവത്തില്‍ കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയതിന് അഞ്ച് പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തതായി ഇറ്റാ എസ്പി റോഹന്‍ പ്രമോദ് പറഞ്ഞു.
‘തിങ്കളാഴ്ച വൈകീട്ടാണ് ഞാൻ എന്റെ മകനെ പൊലീസ് സ്റ്റേഷനിൽ ഹാജരാക്കിയത്. എന്നാൽ 24 മണിക്കൂറിനിടെ എത്തിയത് ആവന്റെ മരണവാർത്തയാണ്. അവൻ ആത്മഹത്യ ചെയ്തെന്ന് വിശ്വസിക്കാനാവില്ല’- ൽതാഫിന്റെ പിതാവ് ചാന്ദ് മിയാൻ പറഞ്ഞു.
മൂത്രമൊഴിക്കാന്‍ ബാത്ത് റൂമില്‍ പോകണമെന്ന് പറഞ്ഞ യുവാവ് അഞ്ച് മിനിറ്റ് കഴിഞ്ഞിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് അകത്തുകയറിയപ്പോഴാണ് തൂങ്ങിയ നിലയില്‍ കണ്ടതെന്ന് പൊലീസ് പറഞ്ഞു. യുവാവ് ധരിച്ച കറുത്ത ജാക്കറ്റിലെ വള്ളി ടാപ്പിലെ പൈപ്പില്‍ കൊളുത്തിയാണ് തൂങ്ങിയത്. അബോധവസ്ഥയിലായ യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്നും പൊലീസ് പറഞ്ഞു.