ലഖ്‌നൗ: ചിത്രക്കൂട് ബലാത്സംഗക്കേസിൽ മുൻ ഉത്തർപ്രദേശ് മന്ത്രിയും സമാജ് വാദി പാർട്ടി നേതാവുമായ ഗായത്രി പ്രജാപതിക്ക് ജീവപര്യന്തം തടവ് ശിക്ഷ. രണ്ട് ലക്ഷം രൂപ പിഴയും അടയ്ക്കണം. പ്രത്യേക കോടതി ജഡ്ജി പി കെ റായ് ആണ് ശിക്ഷ വിധിച്ചത്.
മൂന്ന് പേർക്കാണ് കേസിൽ ജീവപര്യന്തം ശിക്ഷ വിധിച്ചിരിക്കുന്നത്. ഗായത്രി പ്രജാപതിയുടെ കൂട്ടാളികളായ അശോക് തിവാരി, ആശിഷ് ശുക്ല എന്നിവരാണ് മറ്റ് രണ്ട് പേർ. കേസിൽ നാല് പ്രതികളെ കോടതി വേറുതേ വിട്ടു.
ഉത്തര്‍പ്രദേശില്‍ അഖിലേഷ് യാദവ് മന്ത്രിസഭയിലെ പ്രധാന അംഗമായമായിരുന്ന പ്രജാപതി ഗതാഗത, ഖനന മന്ത്രാലയങ്ങളുടെ ചുമതലയാണ് വഹിച്ചിരുന്നത്. ചിത്രകൂടിലെ ഒരു യുവതിയെ ലൈംഗികമായി പീഡിപ്പിച്ചതിനും പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിനുമാണ് മന്ത്രിയെ അറസ്റ്റ് ചെയ്തത്. 2017 മാര്‍ച്ചിലായിരുന്നു അറസറ്റ്.
2014 ഒക്ടോബര്‍ മുതല്‍ മന്ത്രിയും കൂട്ടാളികളും യുവതിയെ പീഡിപ്പിച്ചുവരികയായിരുന്നു. 2016 ജൂലായില്‍ പ്രായപൂര്‍ത്തിയാകാത്ത മകളെയും പ്രതികള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചതോടെയാണ് ഇവര്‍ക്കെതിരെ പരാതിപ്പെടാന്‍ യുവതി തീരുമാനിക്കുന്നത്.
യുവതിയുടെ പരാതിയിൽ കേസെടുക്കാൻ യുപി പൊലീസ് ആദ്യം തയ്യാറായിരുന്നില്ല. പിന്നീട് കോടതിയെ സമീപ്പിച്ചാണ് യുവതി കേസെടുപ്പിച്ചത്.