Advertisment

'ഹിന്ദുമതവും ഹിന്ദുത്വവും രണ്ടാണ്, ആരെയും കൊല്ലാനല്ല ഹിന്ദുമതം പഠിപ്പിക്കുന്നത്'; രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം വിവാദത്തിലേക്ക്; രാഹുലിനെതിരെ ആഞ്ഞടിച്ച് ബിജെപി

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

publive-image

Advertisment

ന്യൂഡല്‍ഹി: 'ഹിന്ദുത്വ'യെ തീവ്ര ഇസ്ലാമിക് ഭീകര സംഘടനകളുമായി താരതമ്യപ്പെടുത്തി എന്ന ആരോപണത്തെ തുടര്‍ന്ന് വിവാദത്തിലായ കോണ്‍ഗ്രസ് നേതാവ് സൽമാൻ ഖുർഷിദിനെ പിന്തുണച്ച് കോൺഗ്രസ് ജനറൽ സെക്രട്ടറി രാഹുൽ ഗാന്ധി. ഹിന്ദു മതവും ഹിന്ദുത്വവും രണ്ടാണെന്നും ജനങ്ങളെ കൊല്ലാനോ തല്ലാനോ അല്ല ഹിന്ദുമതം പറയുന്നതെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി. ജൻ ജാഗ്രൻ അഭിയാൻ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവേയാണ് രാഹുൽ തന്റെ നിലപാട് വ്യക്തമാക്കിയത്.

ബി.ജെ.പിയുടെ വിദ്വേഷ പ്രത്യയശാസ്ത്രം കോൺഗ്രസിന്റെ ‘സ്നേഹപരവും ദേശീയവുമായ’ പ്രത്യയശാസ്ത്രത്തെ മറികടക്കുകയായിരുന്നുവെന്നും രാഹുല്‍ പറഞ്ഞു.

ഹിന്ദു മതവും ഹിന്ദുത്വവും രണ്ടാണ്‌

"ഹിന്ദു മതവും ഹിന്ദുത്വവും തമ്മിലുള്ള വ്യത്യാസം എന്താണ്, അവ ഒന്നുതന്നെയാകുമോ? ഒരേ കാര്യമാണെങ്കിൽ, എന്തുകൊണ്ട് അവയ്ക്ക്‌ ഒരേ പേരില്ല? അവ വ്യക്തമായും വ്യത്യസ്ത കാര്യങ്ങളാണ്. ഹിന്ദുമതം ഒരു സിഖുകാരനെയോ, ഒരു മുസ്ലീമിനെയോ മര്‍ദ്ദിക്കുന്നതാണോ? എന്നാല്‍ 'ഹിന്ദുത്വ' അങ്ങനെയാണ്‌''-രാഹുല്‍ അഭിപ്രായപ്പെട്ടു.

രാഹുലിനെതിരെ ബിജെപി

രാഹുലിന്റെ പരാമര്‍ശത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി രംഗത്തെത്തി. ഹിന്ദുത്വയെ ഒരു ജീവിതരീതിയെന്ന് സുപ്രീം കോടതി വിശേഷിച്ചപ്പോള്‍, അത് അക്രമമാണെന്നാണ് രാഹുല്‍ പറയുന്നതെന്ന് ബിജെപി ഐടി മേധാവി അമിത് മാളവ്യ പറഞ്ഞു. ന്യായീകരിക്കാൻ അദ്ദേഹം ഹിന്ദു മതഗ്രന്ഥങ്ങളെ ഇസ്‌ലാമിക രചനകളോട് തുലനം ചെയ്യുകയാണെന്നും മാളവ്യ ആരോപിച്ചു.

''സൽമാൻ ഖുർഷിദും റാഷിദ് അൽവിയും ഹിന്ദുക്കളെയും ഹിന്ദുത്വത്തെയും അവഹേളിക്കുന്ന സ്വതന്ത്ര ഏജന്റുമാരാണെന്ന് നിങ്ങൾ കരുതുന്നുണ്ടെങ്കിൽ, അവരുടെ അവകാശവാദങ്ങൾ ഇവിടെ രാഹുൽ ഗാന്ധി പ്രതിധ്വനിപ്പിക്കുന്നു''-അമിത് മാളവ്യ ട്വീറ്റ് ചെയ്തു.

വിവാദത്തിന് തുടക്കം

ജയ് ശ്രീറാം പറയുന്നവരെല്ലാം സന്യാസിമാരല്ലെന്ന കോൺഗ്രസ് നേതാവ് റഷീദ് അൽവിയുടെ പ്രസ്താവനയാണ് വിവാദത്തിന് തിരികൊളുത്തിയത്. ഉത്തർപ്രദേശിലെ സംഭാലിൽ കൽക്കി മഹോത്സവത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കവെയാണ് അദ്ദേഹം വിവാദ പരാമര്‍ശം നടത്തിയത്.

സമാനമായ രീതിയിൽ, കോൺഗ്രസ് മുതിർന്ന നേതാവ് സൽമാൻ ഖുർഷിദ് തന്റെ പുതിയ പുസ്തകമായ 'സൺറൈസ് ഓവർ അയോധ്യ'യിൽ ഹിന്ദുത്വയെ തീവ്ര ജിഹാദി ഗ്രൂപ്പായ ഐസിസ്, ബോക്കോ ഹറാം എന്നിവയുമായി താരതമ്യപ്പെടുത്തിയതും വിവാദത്തിന് കാരണമായി.

അടുത്ത കാലത്തുണ്ടായ ഇസ്ലാമിക് സ്റ്റേറ്റ്, ബോക്കോഹറം ജിഹാദികളെ പോലെ രാഷ്ട്രീയ പരിവേഷമണിഞ്ഞ വീര്യം കൂടിയ ഹിന്ദുത്വ, യോഗികള്‍ക്കും സന്ന്യാസിമാര്‍ക്കും പരിചിതമായിരുന്ന സനാതന ധര്‍മ്മത്തെയും ക്ലാസിക്കല്‍ ഹിന്ദൂയിസത്തെയും അപ്രസക്തമാക്കിയിരിക്കുകയാണ്- എന്ന പുസ്തകത്തിലെ ഈ ഭാഗമാണ് വിവാദത്തിന് വഴിവെച്ചത്.

rahul gandhi
Advertisment