ലക്‌നൗ: ഉത്തര്‍പ്രദേശില്‍ വീണ്ടും പേരുമാറ്റവുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. യുപി നഗരമായ അസംഗഢിന്റെ പേര് മാറ്റുമെന്നാണ് യോഗി അറിയിച്ചിരിക്കുന്നത്. അസംഗഢ് ആര്യംഗഢാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പങ്കെടുത്ത ചടങ്ങില്‍ അദ്ദേഹം സൂചിപ്പിച്ചു.
അസംഗഢിന്റെ പേര് മാറ്റി ആര്യംഗഢാക്കുമെന്ന് യോഗി ആദിത്യനാഥ്. അക്കാര്യത്തില്‍ ഇപ്പോള്‍ ഒരു സംശയവുമില്ല – അസംഗഢില്‍ ഒരു സര്‍വകലാശാലയുടെ ശിലാസ്ഥാപന ചടങ്ങില്‍ യോഗി പറഞ്ഞു. യോഗിയുടെ പ്രസ്താവനയെ സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് വിമര്‍ശിച്ചു. ”അസംഗഢിലെ വികസനം കാണാനാണ് യോഗിയും അമിത് ഷായും പോയിട്ടുള്ളത്. 4.5 വര്‍ഷത്തിനുശേഷവും തന്റെ ഒരു പദ്ധതികളും മുഖ്യമന്ത്രിക്ക് ഇതുവരെ ഉദ്ഘാടനം ചെയ്യാനായിട്ടില്ല. അദ്ദേഹത്തിന്റെ വാക്കുകള്‍ ഒരാളും വിശ്വസിക്കില്ല. എങ്ങനെ പേരും നിറവും മാറ്റാമെന്നു മാത്രമേ മുഖ്യമന്ത്രിക്ക് അറിയൂ. എന്നാല്‍, ഇത്തവണ സര്‍ക്കാര്‍ തന്നെ മാറുന്ന തരത്തിലായിരിക്കും ജനങ്ങള്‍ വോട്ട് ചെയ്യുക”-അഖിലേഷ് വ്യക്തമാക്കി.