ന്യൂഡല്‍ഹി: സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് കങ്കണ നടത്തിയ വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് ശശി തരൂര്‍. കങ്കണയുടെ പരാമര്‍ശങ്ങള്‍ വിഡ്ഢിത്തമാണെന്നാണ് ശശി തരൂര്‍ ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പ്രതികരിച്ചത്.
നിങ്ങളുടെ നിയമം അനീതി നിറഞ്ഞതാണെങ്കിൽ അത് ലംഘിക്കുകയാണെന്ന് ബ്രിട്ടീഷുകാരോട് പറഞ്ഞ മഹാത്മാഗാന്ധി സ്വാതന്ത്ര്യത്തിനായി യാചിച്ചെന്നൊക്കെ പറയണമെങ്കിൽ അവർക്ക് ഇക്കാര്യത്തെക്കുറിച്ച് ഒരു ധാരണയും ഇല്ലെന്നാണ് തോന്നുന്നതെന്ന് തരൂർ പറഞ്ഞു.
സ്വാതന്ത്ര്യം ലഭിച്ചതിന്റെ 75-ാം വാര്‍ഷികത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കവെ ആയിരുന്നു കങ്കണയുടെ വിവാദ പ്രസ്താവന. '1947 ല്‍ ഇന്ത്യയ്ക്ക് ലഭിച്ചത് സ്വതന്ത്ര്യമായിരുന്നില്ല. ഭിക്ഷയായിരുന്നു. രാജ്യം യഥാര്‍ഥത്തില്‍ സ്വതന്ത്രമായത് 2014 ലാണ്'- കങ്കണ പറഞ്ഞു.
ഒരു ലാത്തി ചാർജ്ജിനെത്തുടർന്നാണ് ലാലാ ലജ്പത് റായ് കൊല്ലപ്പെട്ടതെന്നും തരൂർ ഓർമ്മിപ്പിച്ചു. ഒരു അഹിംസാ സമരത്തിന്റെ ഇടയിൽ ലാലാ ലജ്പത് റായുടെ തല അടിച്ചു തകർക്കുകയായിരുന്നു. തോക്കുമായി ഒരാളെ കൊല്ലാൻ പോയി കൊല്ലപ്പെടുന്നതിനേക്കാളും ധീരമാണതെന്ന് തരൂർ പറഞ്ഞു.