ഹൈദരാബാദ്: തന്റെ ഭാര്യക്കെതിരെ വൈഎസ്ആര്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ നിന്ദ്യമായ പരാമര്‍ശങ്ങള്‍ നടത്തിയെന്ന് ആരോപിച്ച് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രിയും ടിഡിപി നേതാവുമായ ചന്ദ്രബാബു നായിഡു. നിയമസഭയില്‍ നിന്ന് ഇറങ്ങി പോയതിന് പിന്നാലെയാണ് നായിഡു മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയത്.
'രണ്ടര വര്‍ഷമായി അപമാനങ്ങള്‍ സഹിക്കുന്നു. എന്നാല്‍ ശാന്തനായി നില്‍ക്കുകയായിരുന്നു. ഇന്ന് അവര്‍ എന്റെ ഭാര്യയെപ്പോലും ലക്ഷ്യമിട്ടു. ഇത് സഹിക്കാനാകില്ല. എനിക്ക് വലിയ വിഷമമുണ്ട്' ചന്ദ്രബാബു നായിഡു പറഞ്ഞു.
തനിക്കും ഭാര്യക്കും നേരെയുണ്ടായ വ്യക്തിപരമായ പരാമര്‍ശങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും മറുപടി നല്‍കാന്‍ തന്നെ സഭയില്‍ അനുവദിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയ്ക്കുള്ളില്‍ തന്നെ അപമാനിച്ച സാഹചര്യത്തില്‍ അധികാരത്തില്‍ തിരിച്ചെത്തുന്നത് വരെ ഇനി സഭയിലേക്ക് കയറില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇന്ന് രാവിലെ നിയമസഭ ചേര്‍ന്നപ്പോള്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ്-ടിഡിപി സാമാജികര്‍ തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു. നായിഡു സംസാരിച്ചുകൊണ്ടിരിക്കെ സ്പീക്കര്‍ മൈക്ക് ഓഫാക്കിയത് വലിയ ബഹളത്തിനിടയാക്കിയിരുന്നു.