Advertisment

50 ലക്ഷം ബാരല്‍ ക്രൂഡ് ഓയില്‍ വിപണിയിലേക്ക്; ഇന്ധനവില കുറയ്ക്കാന്‍ ഇന്ത്യയുടെ സുപ്രധാന നീക്കം; കരുതല്‍ ശേഖരം വിപണിയിലെത്തിക്കുന്നത് വിവിധ രാജ്യങ്ങളോടൊപ്പം

New Update

publive-image

Advertisment

ന്യൂഡല്‍ഹി: വില കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ വിവിധ രാജ്യങ്ങളുമായി ചേര്‍ന്ന് തന്ത്രപ്രധാനമായ പെട്രോളിയം കരുതല്‍ ശേഖരത്തില്‍ (എസ്പിആര്‍) നിന്ന് 50 ലക്ഷം ബാരല്‍ ക്രൂഡ് ഓയില്‍ പുറത്തിറക്കാന്‍ ഇന്ത്യയുടെ തീരുമാനം. യുഎസ്, ജപ്പാന്‍, ചൈന, ബ്രിട്ടണ്‍, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളുമായി ചേര്‍ന്നാണ് എണ്ണശേഖരം പുറത്തുവിടുന്നത്.

ആഗോള ഊർജ ഉപഭോക്താക്കൾ കൂടിയായ ഈ രാജ്യങ്ങളുമായി കൂടിയാലോചിച്ചാണ് ക്രൂഡ് ഓയിൽ റിലീസ് നടക്കുകയെന്ന് പെട്രോളിയം മന്ത്രാലയം ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു. ഇന്ത്യയുടെ കരുതൽ ശേഖരത്തിൽ ഏകദേശം 26.5 ദശലക്ഷം ബാരൽ എണ്ണയുണ്ട്.

അസംസ്‌കൃത എണ്ണയുടെ ആഗോള വില കുറയ്ക്കുന്നതിന് അതത് കരുതൽ ശേഖരത്തിൽ നിന്ന് ക്രൂഡ് ഓയിൽ വിട്ടുനൽകണമെന്ന് യുഎസ് ഈ രാജ്യങ്ങളോട് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് തീരുമാനം. എണ്ണ വില കുറയ്ക്കാൻ സഹായിക്കുന്നതിനായി അമേരിക്കയുടെ തന്ത്രപ്രധാനമായ പെട്രോളിയം കരുതൽ ശേഖരത്തിൽ നിന്ന് 50 ദശലക്ഷം ബാരൽ ക്രൂഡ് പുറത്തുവിടുമെന്ന് വൈറ്റ് ഹൗസ് ചൊവ്വാഴ്ച അറിയിച്ചിരുന്നു.

ഇന്ത്യ, ചൈന, ദക്ഷിണ കൊറിയ, ജപ്പാൻ, ബ്രിട്ടൻ എന്നിവയുടെ തന്ത്രപ്രധാനമായ കരുതൽ ശേഖരത്തിൽ നിന്നുള്ള മറ്റ് റിലീസുകളുമായി ഏകോപിപ്പിച്ചാണ് ക്രൂഡ് ഓയിൽ റിലീസ് ചെയ്യുന്നതെന്ന് മുതിർന്ന യുഎസ്‌ അഡ്മിനിസ്ട്രേഷൻ ഉദ്യോഗസ്ഥർ പറഞ്ഞു.

"ദ്രവ ഹൈഡ്രോകാർബണുകളുടെ വിലനിർണ്ണയം ന്യായമായതും ഉത്തരവാദിത്തമുള്ളതും കമ്പോളശക്തികൾ നിശ്ചയിക്കുന്നതും ആയിരിക്കണമെന്ന് ഇന്ത്യ ശക്തമായി വിശ്വസിക്കുന്നു. എണ്ണ ഉത്പാദക രാജ്യങ്ങൾ ഡിമാൻഡ് ലെവലിന് താഴെ കൃത്രിമമായി എണ്ണ വിതരണം ചെയ്യുന്നത് സംബന്ധിച്ച് ഇന്ത്യ ആവർത്തിച്ച് ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ഇത് വിലക്കയറ്റത്തിനും പ്രതികൂല പ്രത്യാഘാതങ്ങൾക്കും ഇടയാക്കുന്നു, ”പെട്രോളിയം മന്ത്രാലയം പറഞ്ഞു.

ഇന്ധനവില കുറയ്ക്കുന്നതിന്റെ ഭാഗമായി കേന്ദ്രം നേരത്തേ എക്സൈസ് തീരുവ കുറച്ചിരുന്നു. വില കുറയ്ക്കുന്നതിന് അമേരിക്കയുമായും മറ്റ് പ്രധാന സമ്പദ്‌വ്യവസ്ഥകളുമായും ചേർന്ന് ദേശീയ അസംസ്‌കൃത എണ്ണയുടെ ദേശീയ കരുതൽ ശേഖരം പുറത്തിറക്കാന്‍ ഇന്ത്യയും ജപ്പാനും ശ്രമിക്കുന്നതായി നവംബർ 22 ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തിരുന്നു.

യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ചൈന, ഇന്ത്യ, ബ്രിട്ടൻ, ദക്ഷിണ കൊറിയ, ജപ്പാൻ എന്നീ രാജ്യങ്ങളോട്‌ എണ്ണശേഖരം പുറത്തുവിടാന്‍ ആവശ്യപ്പെട്ടിരുന്നു.

Advertisment