/sathyam/media/post_attachments/hwV1ukcWtwxMexEIag3I.jpg)
ലഖ്‌നൗ: തേങ്ങയുടച്ച് റോഡ് ഉദ്ഘാടനം ചെയ്യാനായിരുന്നു യുപിയിലെ ബിജ്‌നോര്‍ മണ്ഡലത്തിലെ ബിജെപി എംഎല്‍എ സുചി മൗസം ചൗധരിയുടെ ശ്രമം. തേങ്ങ എറിഞ്ഞു, പൊട്ടുകയും ചെയ്തു. പക്ഷേ പൊട്ടിയത് തേങ്ങയല്ലായിരുന്നു. നിർമാണം പൂർത്തിയായ പുതുപുത്തൻ റോഡാണ്.
1.16 കോടി മുടക്കി നിര്‍മിച്ച ഏഴര കിലോമീറ്റര്‍ നീളമുള്ള റോഡാണ് തേങ്ങയുടച്ചപ്പോള്‍ പൊളിഞ്ഞിളകിയത്. ''1.16 കോടി ചിലവഴിച്ച് ജലവിഭവ വകുപ്പാണ് റോഡ് നിര്‍മിച്ചത്. 7.5 കിലോമീറ്റാണ് റോഡിന്റെ നീളം. തേങ്ങയുടയ്ക്കാന്‍ നോക്കിയപ്പോള്‍ അത് പൊട്ടിയില്ല, പകരം റോഡ് പൊളിഞ്ഞുവന്നു- സുചി മൗസം മാധ്യമങ്ങളോടു പ്രതികരിച്ചു.
സംഭവത്തത്തുടർന്ന് ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തിയ എംഎൽഎ, അന്വേഷണം നടത്താൻ നിർദേശം നൽകി. ഉദ്യോഗസ്ഥർ എത്തുന്നതിനായി മൂന്നു മണിക്കൂറിലേറെ നേരം എംഎൽഎ സ്ഥലത്തു കാത്തിരുന്നു. വിദഗ്ധ പരിശോധനയ്ക്കായി റോഡിന്റെ സാംപിൾ ശേഖരിക്കാൻ സഹായിച്ചതിനുശേഷമാണ് അവർ പോയത്. ഉത്തരവാദികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും എംഎല്‍എ കൂട്ടിച്ചേര്‍ത്തു.