/sathyam/media/post_attachments/1GS9TwF0nUyyLtq2Wbvi.jpg)
ലഖ്‌നൗ: വിവാഹത്തിന് സ്ത്രീകളുടെ കുറഞ്ഞ പ്രായപരിധി 18ൽനിന്ന് 21 ആയി ഉയർത്താനുള്ള ബിൽ ലോക്സഭയിൽ അവതരിപ്പിച്ചതിനു പിന്നാലെ കേന്ദ്രനീക്കത്തെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേന്ദ്രസര്‍ക്കാരിന്റേത് നിര്‍ണായക ചുവടുവെപ്പാണെന്ന് അദ്ദേഹം പറഞ്ഞു. ഉത്തര്‍ പ്രദേശിലെ പ്രയാഗ്‌രാജില്‍ സര്‍ക്കാര്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘‘കേന്ദ്രസർക്കാർ ഒരു നിർണായക നടപടി സ്വീകരിച്ചു. നേരത്തേ സ്ത്രീകളുടെ വിവാഹപ്രായം 18 വയസ്സായിരുന്നു. പെൺകുട്ടികളും കൂടുതൽ സമയം പഠിക്കാൻ ആഗ്രഹിക്കുന്നു. അതുകൊണ്ടാണ് വിവാഹപ്രായം 21 ആക്കി ഉയർത്താൻ ശ്രമിക്കുന്നത്. ആർക്കെങ്കിലും അതിൽ പ്രശ്‌നമുണ്ടെങ്കിൽ, സ്ത്രീകൾ ഇതെല്ലാം കാണുന്നുണ്ടെന്ന് ഓർക്കണം.’’– ഒരു പാർട്ടിയുടെയും പേരു പരാമർശിക്കാതെ മോദി പറഞ്ഞു.
ഇതിനിടെ, പ്രതിപക്ഷ എതിര്‍പ്പിനിടെ പെണ്‍കുട്ടികളുടെ വിവാഹപ്രായം 18ല്‍ നിന്ന് 21 ആക്കി ഉയര്‍ത്തുന്നതിനുള്ള വിവാഹപ്രായ ഏകീകരണ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. ബിൽ ചൊവ്വാഴ്ച വനിതാ, ശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനിയാണ് ലോക്സഭയിൽ അവതരിപ്പിച്ചത്.