ഒട്ടും ആഡംബരമില്ലാത്ത ജീവിതം, ഉപയോഗിച്ചിരുന്നത് രണ്ട് പഴയ കാറുകള്‍ മാത്രം; ഓരോ ഒന്നര വര്‍ഷം കഴിയുമ്പോഴും വാച്ച്മാനെ മാറ്റുന്നത് പതിവ്-കോടികള്‍ കൈവശമുണ്ടായിരുന്നിട്ടും പിയൂഷ് ജെയ്ന്‍ നയിച്ചിരുന്നത് ലളിത ജീവിതം

New Update

publive-image

കാണ്‍പുര്‍: നികുതി വെട്ടിപ്പിന് പിടിയിലായ പിയൂഷ് ജെയ്ന്‍ ഇതുവരെ ജീവിച്ചിരുന്നത് യാതൊരു ആഡംബരങ്ങളും പുറത്തുകാണിക്കാതെയെന്ന് റിപ്പോര്‍ട്ട്. ഉത്തര്‍പ്രദേശിലെ കാണ്‍പുരിലെ വ്യവസായി പിയൂഷ് ജെയ്‌നിന്റെ വീട്ടിൽ നിന്ന് 250 കോടി രൂപയിലധികം പണവും നിരവധി വസ്തുവകകളുടെ രേഖകളും കേന്ദ്ര ഏജൻസികൾ കണ്ടെടുത്തിരുന്നു.

Advertisment

കോടികള്‍ കൈവശമുണ്ടായിരുന്നിട്ടും പെര്‍ഫ്യൂം വ്യാപാരിയായ ഇയാള്‍ പൊതുജനങ്ങളുടെ ശ്രദ്ധയില്‍പ്പെടാതിരിക്കാന്‍ ചുരുങ്ങിയ ജീവിതശൈലിയാണ് നയിച്ചിരുന്നതെന്ന് ദേശീയമാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

പിയൂഷ് ജെയിന്‍ വീട്ടുജോലിക്കാരെ നിയമിച്ചിരുന്നില്ലെന്നും, വാച്ച്മാനെ ഓരോ ഒന്നര വര്‍ഷം കഴിയുമ്പോഴും മാറ്റാറുണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആനന്ദപുരിയിലെ തന്റെ ബംഗ്ലാവിൽ പിയൂഷ് ജെയിൻ പ്രതിമാസം 7,500 രൂപ ശമ്പളത്തിൽ രണ്ട് വാച്ചർമാരെ മാത്രമാണ് നിയമിച്ചിരുന്നത്. വാച്ചർമാർക്കും വീടിനുള്ളിൽ കയറാൻ വിലക്കുണ്ടായിരുന്നു.

പഴയ രണ്ട് വാഹനങ്ങളാണ് ഇദ്ദേഹം ഉപയോഗിച്ചിരുന്നത്. 15 വയസ്സുള്ള മകൻ പ്രത്യുഷിന്റെ പേരിൽ പീയൂഷ് ജെയിൻ ഒരു ടൊയോട്ട കാർ വാങ്ങിയിരുന്നു. രണ്ടാമത്തെ ഫോക്‌സ്‌വാഗൺ കാറിന് ഏഴു വർഷം പഴക്കമുണ്ട്. ഈ കാറിന്റെ ഇൻഷുറൻസ് 2020 നവംബറിൽ അവസാനിച്ചു.

പിയൂഷ് ജെയിനിന്റെ കാൺപൂരിലെ വീട്ടിൽ ആദായനികുതി വകുപ്പ്, സെൻട്രൽ ബോർഡ് ഓഫ് ഇൻഡെറക്‌ട് ടാക്‌സസ് ആൻഡ് കസ്റ്റംസ് (സിബിഐസി), ഗുഡ്‌സ് ആൻഡ് സർവീസസ് ടാക്‌സ് ഇന്റലിജൻസ് (ജിഎസ്‌ടി) യൂണിറ്റുകൾ ചേർന്ന് 120 മണിക്കൂറോളം നടത്തിയ റെയ്ഡിൽ 257 കോടിയിലധികം രൂപയും, നിരവധി സ്വർണ്ണവും വെള്ളിയും കണ്ടെടുത്തിരുന്നു.

പിയൂഷ് ജെയിനിന്റെ കനൗജിലെ വീട്ടിൽ നിന്ന് 18 ലോക്കറുകൾ അന്വേഷണസംഘം കണ്ടെത്തി. ലോക്കർ തുറക്കാൻ ഉപയോഗിക്കുന്ന അഞ്ഞൂറോളം താക്കോലുകളും കണ്ടെത്തിയിട്ടുണ്ട്. 16 സ്വത്തുക്കളുടെ രേഖകളും റെയ്ഡിൽ കണ്ടെടുത്തു. ഇതിൽ നാലെണ്ണം കാൺപൂരിലും 7 എണ്ണം കനൗജിലും 2 എണ്ണം മുംബൈയിലും 1 ഡൽഹിയിലുമാണ്. ദുബായിൽ രണ്ട് വസ്തുവകകൾ കണ്ടെത്തി.

Advertisment