/sathyam/media/post_attachments/6OTQQhOrMOTFoYqaOUFU.jpeg)
ഹൈദരാബാദ്: സംസ്ഥാനത്തുടനീളമുള്ള തൊഴിൽരഹിതരായ യുവാക്കൾക്ക് പ്രതിമാസം 3,016 രൂപ നൽകുന്ന തൊഴിലില്ലായ്മ വേതനം പദ്ധതി നടപ്പാക്കുമെന്ന് തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖർ റാവു. ഏപ്രിലിൽ ആരംഭിക്കുന്ന 2022-23 സാമ്പത്തിക വർഷം മുതൽ പദ്ധതി പ്രാബല്യത്തിൽ വരുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
2018 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ടിആര്‍എസ് മുന്നോട്ടു വച്ച വാഗ്ദാനങ്ങളിലൊന്നാണ് ഇത്. ടിആർഎസ് പ്രകടനപത്രികയിലും ഇത് ഉൾപ്പെടുത്തിയിരുന്നു. വൻ ഭൂരിപക്ഷത്തിൽ ടിആർഎസ് രണ്ടാം വട്ടവും അധികാരം നിലനിർത്തിയെങ്കിലും കഴിഞ്ഞ മൂന്നു വർഷമായി വാഗ്ദാനം ചെയ്ത പദ്ധതി നടപ്പാക്കാനായില്ല.
തൊഴിലില്ലായ്മ വേതനം പദ്ധതി നടപ്പാക്കാൻ 2019-ൽ പദ്ധതിയിട്ടിരുന്നുവെങ്കിലും ആരെയാണ് 'തൊഴിലില്ലാത്തവരായി' പരിഗണിക്കേണ്ടതെന്ന് നിർവ്വചിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ ഇല്ലാത്തതിനാൽ വൈകുകയായിരുന്നു. കൊവിഡ് മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി സർക്കാർ 2020ലും 2021ലും പദ്ധതി വൈകിപ്പിച്ചു.
2019-20 ലെ വോട്ട് ഓൺ അക്കൗണ്ട് ബജറ്റ് നിയമസഭയിൽ അവതരിപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി റാവു ഈ പദ്ധതിക്കായി 1,810 കോടി രൂപ ടോക്കൺ തുക അനുവദിച്ചിരുന്നു. ആരെയാണ് തൊഴിലില്ലാത്തവരായി കണക്കാക്കേണ്ടത് എന്നതിനെക്കുറിച്ചുള്ള മാർഗ്ഗനിർദ്ദേശങ്ങള്‍ തയ്യാറാക്കാന്‍ ഐഎഎസ് ഉദ്യോഗസ്ഥരുടെ ഒരു സമിതിയും രൂപീകരിച്ചു.
സംസ്ഥാനത്തെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ 10 ലക്ഷത്തോളം ഉദ്യോഗാർത്ഥികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. തൊഴിൽ രഹിതരായ യുവാക്കൾ 10 ലക്ഷം ആണെങ്കിൽപ്പോലും, അവർക്കെല്ലാം പരിരക്ഷ നൽകാൻ സർക്കാർ പ്രതിവർഷം 3,600 കോടി രൂപ നീക്കിവയ്ക്കേണ്ടിവരും. 2018 ഡിസംബർ മുതൽ മുൻകാല പ്രാബല്യത്തോടെ പദ്ധതി നടപ്പാക്കണമെന്നാണ് തൊഴിലില്ലാത്തവർ ആവശ്യപ്പെടുന്നത്.