/sathyam/media/post_attachments/BLRxRRmYvuUzIwPE4KxM.jpg)
ബെംഗളൂരു: സർക്കാർ പൊതു പരിപാടിക്കിടെ വഴക്കിട്ടു കർണാടകയിലെ കോൺഗ്രസ് എംപിയും ബിജെപി മന്ത്രിയും. കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ യെ സാക്ഷിയാക്കിയാണ് നേതാക്കൾ വാക്കുകൾ കൊണ്ട് ഏറ്റുമുട്ടി കയ്യേറ്റത്തിനടുത്തുവരെ കാര്യങ്ങളെ എത്തിച്ചത്. രാമനഗരയിലെ പൊതുചടങ്ങിനിടെയായിരുന്നു സംഭവം.
മണ്ഡലത്തിലെ എംപിയും കോൺഗ്രസ് നേതാവുമായ ഡി.കെ. സുരേഷും കർണാടക ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി സി.എൻ. അശ്വത് നാരായണയും തമ്മിലാണു രൂക്ഷമായ തർക്കം ഉണ്ടായത്. കോൺഗ്രസിനെ വിമർശിച്ചുകൊണ്ട് മന്ത്രി പ്രസംഗിച്ചുമുന്നേറിയപ്പോൾ വേദിയിലുണ്ടായിരുന്ന എംപി ഡികെ സുരേഷ് ചോദ്യം ചെയ്തു.
പ്രസംഗം കേട്ടു പ്രകോപിതനായ ഡി.കെ. സുരേഷ് മന്ത്രിയുടെ അടുത്തേക്കു നടന്നടുക്കുകയായിരുന്നു. ഇരുവരും തമ്മിൽ മൈക്ക് പോയിന്റിൽ നിന്നു കൊണ്ടു വാക്കു തർക്കമായി. വികസന പദ്ധതികളുമായി ബന്ധപ്പെട്ട ബിജെപി മന്ത്രിയുടെ പ്രസംഗമാണ് കോൺഗ്രസ് എംപിയെ ചൊടിപ്പിച്ചത്.
പ്രസംഗം തടസ്സപ്പെടുത്താന്‍ ശ്രമിച്ച ഡി കെ സുരേഷും മന്ത്രി അശ്വത് നാരായണയും തമ്മില്‍ വാക്ക് തര്‍ക്കമുണ്ടായി. മൈക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പിടിച്ചുവാങ്ങി. സുരക്ഷാഉദ്യോഗസ്ഥരെത്തിയാണ് ഇരുവരെയും പിടിച്ചുമാറ്റിയത്.
അശ്വത് നാരായണയ്ക്കെതിരെ പ്രതിഷേധവുമായി തെരുവിലിറങ്ങിയ കോൺഗ്രസ് പ്രവർത്തകർ പരിപാടിയുടെ മുഴുവൻ പോസ്റ്ററുകളും വലിച്ച് കീറി. കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി കെ ശിവകുമാറിന്‍റെ സഹോദരനാണ് ഡി കെ സുരേഷ് എംപി.