പഞ്ചാബിലെ സുരക്ഷാവീഴ്ചയില്‍ സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം; കോണ്‍ഗ്രസ് മാപ്പു പറയണമെന്ന് അമിത് ഷാ; ഫോൺ കോളുകൾക്കു മറുപടി നല്‍കാൻ പഞ്ചാബ് മുഖ്യമന്ത്രി തയാറാകുന്നില്ലെന്ന് നഡ്ഡ! രാഷ്ട്രീയ വിവാദം കൊഴുക്കുന്നു

New Update

publive-image

Advertisment

ന്യൂഡല്‍ഹി: പഞ്ചാബില്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിനിടെ ഉണ്ടായ സുരക്ഷാ വീഴ്ച രാഷ്ട്രീയമായ ഏറ്റുമുട്ടലിലേക്ക്. സംഭവത്തില്‍ പഞ്ചാബ് സര്‍ക്കാരിനോട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം റിപ്പോര്‍ട്ട് തേടി. വീഴ്ച വരുത്തിയവർക്കെതിരെ നടപടിയും നിർദ്ദേശിച്ചു. കർഷകസംഘടനകൾ റോഡ് തടഞ്ഞതിനെ തുടർന്ന് പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം ഫിറോസ്പൂരിലേക്കുള്ള യാത്രക്കിടെ പതിനഞ്ച് മിനിറ്റിലധികം ഒരു ഫ്ളൈ ഓവറിൽ കിടന്നു.

പഞ്ചാബില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഹനം ഫ്‌ളൈ ഓവറില്‍ കുടുങ്ങിയതില്‍ കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രംഗത്തെത്തി. കോണ്‍ഗ്രസ് പാര്‍ട്ടി എങ്ങനെ ചിന്തിക്കുന്നു, പ്രവര്‍ത്തിക്കുന്നു എന്നതിന്റെ ട്രെയിലറാണ് പഞ്ചാബില്‍ കണ്ടതെന്ന് അമിത് ഷാ ട്വീറ്റ് ചെയ്തു.

കോണ്‍ഗ്രസ് നിര്‍മ്മിത സംഭവങ്ങങ്ങളാണ് പഞ്ചാബിലുണ്ടായത്. ജനം നിരന്തരമായി തിരസ്‌കരിച്ചത് കോണ്‍ഗ്രസിനെ ഭ്രാന്തിന്റെ പാതയിലേക്ക് നയിച്ചു. കോണ്‍ഗ്രസിന്റെ ഉന്നത നേതാക്കള്‍ ഇന്നത്തെ സംഭവങ്ങളില്‍ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് ഛന്നിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ രംഗത്തെത്തി. ഫോൺ കോളുകൾക്കു മറുപടി നല്‍കാൻ പഞ്ചാബ് മുഖ്യമന്ത്രി തയാറാകുന്നില്ലെന്ന് നഡ്ഡ ആരോപിച്ചു. പ്രധാനമന്ത്രിക്കെതിരായ കൊലപാതക ശ്രമമാണ് പഞ്ചാബില്‍ പരാജയപ്പെട്ടതെന്ന് സ്മൃതി ഇറാനി ആരോപിച്ചു.

സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുച്ച് ചരണ്‍ജിത് സിങ് ഛന്നി രാജിവെച്ച് പുറത്തുപോകുകയാണ് വേണ്ടതെന്ന് പഞ്ചാബ് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ ആവശ്യപ്പെട്ടു. പാക് അതിര്‍ത്തിയില്‍ നിന്ന് വെറും പത്ത് കിലോമീറ്റര്‍ മാത്രം അകലെ പ്രധാനമന്ത്രിക്ക് സുരക്ഷ ഒരുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ നിങ്ങള്‍ക്ക് അധികാരത്തില്‍ തുടരാന്‍ അവകാശമില്ല, അമരീന്ദര്‍ ട്വീറ്റ് ചെയ്തു.

സുരക്ഷാ വീഴ്ച ഉണ്ടായിട്ടില്ലെന്നും പ്രധാനമന്ത്രി മടങ്ങേണ്ടി വന്നത് ഖേദകരമാണെന്നും പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ചന്നി പറഞ്ഞു. 'പ്രതിഷേധക്കാര്‍ കുത്തിയിരുന്നതിനെ തുടര്‍ന്ന് പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞു. പ്രതിഷേധമുണ്ടാകാന്‍ കുറഞ്ഞത് 10 മുതല്‍ 20 മിനിറ്റ് വരെ എടുക്കും. പ്രധാനമന്ത്രിയെ ഇക്കാര്യം അറിയിക്കുകയും മറ്റൊരു വഴിയിലൂടെ പോകാമെന്ന് അറിയിക്കുകയും ചെയ്തു. പക്ഷേ അദ്ദേഹം തിരിച്ചുപോകാനാണ് തീരുമാനിച്ചത്. ഒരുതരത്തിലുള്ള സുരക്ഷാ വീഴ്ചയും ഉണ്ടായിട്ടില്ലെന്നും ആക്രമണത്തിന്റെ സാഹചര്യം ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Advertisment