/sathyam/media/post_attachments/g3o6TfxZoGkm1S5IogAz.jpg)
ഡല്‍ഹി: 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഡ്രസ് റിഹേഴ്‌സല്‍ എന്നു തന്നെയാണ് യുപി, പഞ്ചാബ് അടക്കം അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തോടെ വരാനിരിക്കുന്നത്. ഇതില്‍ തന്നെ രാജ്യം ഉറ്റുനോക്കുന്നത് യുപിയിലും പഞ്ചാബിലുമാണ്. ഇതില്‍ കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചാബ് ഒഴികെ ബാക്കി എല്ലായിടത്തും ബിജെപിയാണ്.
അതുകൊണ്ടുതന്നെ ബിജെപിക്ക് ഇതു ജീവന്‍മരണ പോരാട്ടമാണ്. യുപിയില്‍ ഭരണം നിലനിര്‍ത്തുക എന്നതു മാത്രമല്ല കഴിഞ്ഞ തവണത്തെക്കാള്‍ സീറ്റ് കുറഞ്ഞാല്‍ പോലും അത് ബിജെപിക്ക് വരാനിരിക്കുന്ന വെല്ലുവിളികളുടെ തുടക്കമാകും. ആ സാഹചര്യം ഒഴിവാക്കുകയാണ് ബിജെപി ലക്ഷ്യമിടുന്നത്.
കോണ്‍ഗ്രസാകട്ടെ പ്രതിപക്ഷത്തിന് നേതൃത്വം നല്‍കാന്‍ കഴിയുന്ന പാര്‍ട്ടിയാണെന്ന് പ്രതിപക്ഷ കക്ഷികളെകൊണ്ട് പറയിപ്പിക്കാനാകാത്ത സ്ഥിതിയിലാണ്. ഗോവയിലടക്കം ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്ന കോണ്‍ഗ്രസില്‍ ഇന്നു അവശേഷിക്കുന്നത് രണ്ടു പേര്‍ മാത്രമാണ്.
അതുകൊണ്ടുതന്നെ ഉത്തരാഖണ്ഡും ഗോവയും പിടിച്ചെടുക്കാനും പഞ്ചാബ് നിലനിര്‍ത്തുക എന്ന വലിയ വെല്ലുവിളി കോണ്‍ഗ്രസിനുമുണ്ട്. പക്ഷേ അതു സാധ്യമാകുമോയെന്ന് കണ്ടറിയണം.
പഞ്ചാബില്‍ കോണ്‍ഗ്രസ് കടുത്ത പ്രതിസന്ധി നേരിടുന്നുണ്ട്. പക്ഷേ ബിജെപിക്ക് അവിടെ വലിയ സ്വാധീനമില്ല. കോണ്‍ഗ്രസ് വിട്ട ക്യാപ്റ്റന്‍ അമരീന്ദറിന്റെ നേതൃത്വത്തില്‍ ബിജെപിക്ക് എന്തുചെയ്യാനാകുമെന്നതും ഇവിടെ കണ്ടറിയണം.
കര്‍ഷക സമരം വേഗത്തില്‍ ഒത്തുതീര്‍പ്പാക്കിയതെല്ലാം തെരഞ്ഞെടുപ്പിലെ തിരിച്ചടി ഭയന്നായിരുന്നു. പഞ്ചാബില്‍ കോണ്‍ഗ്രസ് അമരീന്ദറിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്നും നീക്കിയതും തെരഞ്ഞെടുപ്പ് തന്ത്രത്തിന്റെ ഭാഗമായിരുന്നു. ഇതൊക്കെ ഗുണം ചെയ്‌തോ എന്നറിയാന്‍ ഇനി ചെറിയ കാത്തിരുപ്പ് മാത്രം.