New Update
Advertisment
തെലങ്കാന: കാളീവിഗ്രഹത്തിൻ്റെ കാൽക്കൽ മനുഷ്യത്തല വെട്ടി സമർപ്പിച്ച നിലയിൽ. തെലങ്കാനയിലെ നാൽഗൊണ്ട ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. സംഭവത്തിൽ എട്ട് സംഘങ്ങളായി തിരിഞ്ഞ് പൊലീസ് അന്വേഷണം ആരംഭിച്ചു. നരബലിയാവാമെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം.
അമ്പലത്തിലെ പൂജാരി എത്തിയപ്പോഴാണ് തല കണ്ടത്. ഇയാൾ അറിയിച്ചതനുസരിച്ച് പൊലീസ് സ്ഥലത്തെത്തുകയായിരുന്നു. വഴിയരികിലുള്ള അമ്പലത്തിൽ സ്ഥാപിച്ചിരിക്കുന്ന കാളീവിഗ്രഹത്തിനു കാണിക്കയെന്നോണമാണ് തല കാണപ്പെട്ടത്.
30കാരനായ പുരുഷൻ്റെ തലയാണിതെന്ന് സംശയിക്കപ്പെടുന്നു. മറ്റെവിടെയോ വച്ച് കൊലപ്പെടുത്തിയതിനു ശേഷം തല ഇവിടെ കൊണ്ടുവന്ന് വെച്ചതാവാമെന്ന് പൊലീസ് പറഞ്ഞു. തല ആരുടേതാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ളവ പരിഗണിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.